Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും അമിത് ഷായുടെ സ്വരം -എസ് .ആർ.പി 

കാസർകോട് - കേരളത്തിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അമിത് ഷായുടെ അതേ സ്വരമാണെന്ന് സി.പി.എം പോളിറ്റ് ബ്യുറോ മെമ്പർ എസ്. രാമചന്ദ്രൻ പിള്ള. 
കേരളം വിട്ടാൽ ഇടതുപക്ഷത്തോട് മറ്റൊരു നിലപാടുള്ള ഇവർ കേന്ദ്രത്തിലെ ബി.ജെ പിക്കെതിരെ നിശ്ശബ്ദരുമാണ്. ബി. ജെ പിക്കെതിരെ ശബ്ദം ഉയർത്താൻ കഴിയാതെ കോൺഗ്രസ് രാജ്യത്ത് തകർച്ചയുടെ വക്കിലാണ്. പ്രമുഖരായ നേതാക്കളെല്ലാം പാർട്ടി വിട്ടുപോയി. ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും കൈകാര്യം ചെയ്യുന്നത്. ബംഗാളിൽ ഇടതുപക്ഷത്തിനൊപ്പം ചേരാൻ അവരെ പ്രേരിപ്പിച്ചത് ഈ നയവ്യതിയാനമാണെന്നും അദ്ദേഹം പറഞ്ഞു. 


കാസർകോട് പ്രസ് ക്ലബിന്റെ പഞ്ചസഭ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എസ് ആർ പി. ബംഗാളിൽ ഭരണം പിടിക്കാൻ ബി ജെ പി പണം ഒഴുക്കുകയാണ്. നേതാക്കൾ പലരും പാർട്ടി വിട്ട് ബി ജെ പിയിൽ ചേക്കേറിയതോടെ തൃണമൂൽ കോൺഗ്രസ് നിരവധി പ്രശ്‌നങ്ങളെ നേരിടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലും ബംഗാളിൽ ഇടതുപക്ഷം നില മെച്ചപ്പെടുത്തും. 
കേരളത്തിൽ പ്രളയം വരുന്നത് പോലെ എൽ ഡി എഫ് സർക്കാരിനെതിരെ പ്രതിപക്ഷം നുണവ്യവസായം നടത്തുകയാണ്. എല്ലാ ദിവസവും ഓരോ കാര്യവുമായി ദേശീയ അന്വേഷണ ഏജൻസികൾ വരികയാണ്. 


വിമാനത്താവളം വഴിയുള്ള സ്വർണ കള്ളക്കടത്ത് തടയാൻ ബാധ്യതപ്പെട്ടവർ കേന്ദ്ര സർക്കാരാണ്. കേന്ദ്രം അതിന് തയാറാകാതെ എൽ ഡി എഫ് സർക്കാരിനെതിരെ രംഗത്തു വരികയാണ്. ഒമ്പത് മാസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലെങ്കിലും സി പി എമ്മിനെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാൻ വ്യാപകമായ ശ്രമമാണ് നടക്കുന്നത്. 14 ജില്ലകളിലും പോയിട്ടുള്ള എനിക്ക് ബോധ്യപ്പെട്ടത് ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് തന്നെയാണ്. 
ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും എൽ .ഡി .എഫ് അനുകൂല ജനവികാരമാണുള്ളത്. കേരളത്തിൽ ബി .ജെ .പി ഒരു നേട്ടവും ഉണ്ടാക്കില്ല. ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയെ പാർട്ടി നയം അനുസരിച്ചു പോളിറ്റ് ബ്യൂറോ തീരുമാനിക്കും. കള്ളവോട്ട് ചെയ്യുന്നത് സി .പി .എം നയമല്ലെന്നും ചോദ്യത്തിന് ഉത്തരമായി എസ് ആർ പി പറഞ്ഞു. സി .പി .എം ജില്ലാ സെക്രട്ടറി എം .വി ബാലകൃഷ്ണൻ, കെ .കുഞ്ഞിരാമൻ എം എൽ എ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

 

Latest News