Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യാജ വോട്ട്: ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവ് പുറത്ത്‌


കണ്ണൂർ - വിവിധ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ വ്യാജ വോട്ടുകൾ ചേർത്ത് ജനവിധി അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നതിന്റെ തെളിവ് പുറത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓപറേഷൻ ട്വിൻസിലൂടെ കണ്ണൂർ ജില്ലയിൽ മാത്രം പുറത്തു വന്നത് 22,000 ത്തിലധികം ഇരട്ട വോട്ടുകൾ. 
കണ്ണൂർ ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിൽ 2016 ലെ തെരഞ്ഞെടുപ്പിൽ 5 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ വിജയിച്ചത് പത്തായിരത്തിൽ താഴെ വോട്ടുകൾക്കാണ്. ഇതിൽ നാലെണ്ണവും അയ്യായിരത്തിൽ താഴെ വോട്ടുകൾക്കും. ഇത്തവണ ശക്തമായ പോരാട്ടം നടക്കുന്ന കണ്ണൂരും അഴീക്കോടും 1196 വോട്ടിനും 2287 വോട്ടിനുമാണ് സ്ഥാനാർഥികൾ വിജയിച്ചത്. ഓരോ മണ്ഡലത്തിലും ശരാശരി 2500 ലധികം ഇരട്ട വോട്ടുകൾ ചേർത്തുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇവയിൽ ഭൂരിഭാഗവും പോൾ ചെയ്യപ്പെട്ടാൽ ജനവിധി അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പാണ്.
സംസ്ഥാനത്ത് ആകെ 35,000 ഇരട്ട വോട്ടുകൾ മാത്രമാണുളളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുമ്പോഴാണ് ഒരൊറ്റ ജില്ലയിൽ ഇത്രയധികം ഇരട്ട വോട്ടുകൾ പുറത്തു വന്നത്. കൂത്തുപറമ്പ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഇരട്ട വോട്ടുകളുള്ളത്. കുറവ് മട്ടന്നൂർ മണ്ഡലത്തിലും.


ഓപറേഷൻ ട്വിൻസ് എന്ന പേരിൽ പ്രത്യേക വെബ്‌സൈറ്റ് വഴിയാണ് ഇരട്ട വോട്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്. ഇതിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളുടെയും വിവരങ്ങളുണ്ട്. ഒരാളുടെ പേരിൽ ഒരേ മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും ചേർത്ത വോട്ടുകളുമുണ്ട്. കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം ഇരട്ട വോട്ടുകൾ കണ്ടെത്തിയത് കൂത്തുപറമ്പ് മണ്ഡലത്തിലാണ്. ഇവിടെ മാത്രം 3224 ഇരട്ട വോട്ടുകൾ കണ്ടെത്തി. ഇതിൽ 2795 വോട്ടുകൾ അതേ മണ്ഡലത്തിലെ തന്നെ ഇരട്ട വോട്ടുകളാണ്. ഇതിന് പുറമെ 429 വോട്ടുകൾ മറ്റു മണ്ഡലങ്ങളിൽ നിന്നുള്ളവരാണ്.  ഇരിക്കൂർ മണ്ഡലത്തിലും സമാന സാഹചര്യമാണ്. ഇവിടെ മൊത്തം 2863 ഇരട്ട വോട്ടുകൾ കണ്ടെത്തി. ഇതിൽ 2326 ഇതേ മണ്ഡലത്തിൽ ഉള്ളവരും 537 പേർ മറ്റ് മണ്ഡലങ്ങളിൽ നിന്നും ഇരിക്കൂറിൽ കുടിയേറിയ ഇരട്ട വോട്ടുള്ളവരുമാണ്. അഴീക്കോട് മണ്ഡലത്തിൽ 1485 ഇരട്ട വോട്ടർമാരാണുള്ളത്. ഇവരെല്ലാം ഇതേ മണ്ഡലത്തിൽ വോട്ടുള്ളവരാണ്.  ഈ മൂന്നു മണ്ഡലങ്ങളും അതിശക്തമായ മത്സരം നടക്കുന്നവയാണ്. 
ഏറ്റവും കുറവ് ഇരട്ട വോട്ടുകളുള്ളത് മട്ടന്നൂർ മണ്ഡലത്തിലാണ്. ഇവിടെ 1238 ഇരട്ട വോട്ടുകളാണുള്ളത്. ഇതിൽ 816 പേർ ഇതേ മണ്ഡലത്തിൽ ഉള്ളവരും 377 പേർ മറ്റു മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചവരുമാണ്.


പയ്യന്നൂർ മണ്ഡലത്തിൽ 1778 ഇരട്ട വോട്ടുകളുണ്ട്. ഇതിൽ 1246 പേർ ഇതേ മണ്ഡലത്തിൽ വോട്ടുള്ളവരും 532 പേർ മറ്റു മണ്ഡലങ്ങളിൽ ഉള്ള വരുമാണ്. കല്യാശ്ശേരിയിൽ 2457 ഇരട്ട വോട്ടുകളുണ്ട്. ഇതിൽ 1214 പേർ മണ്ഡലത്തിൽ തന്നെയുള്ളവരും 1243 പേർ മറ്റു മണ്ഡലങ്ങളിൽ വോട്ടുകൾ ഉള്ളവരുമാണ്. തളിപ്പറമ്പിൽ 2276 ഇരട്ട വോട്ടുണ്ട്. ഇതിൽ 1341 പേർ ഇ തേ മണ്ഡലത്തിൽ ഉള്ളവരാണ്. ബാക്കിയുള്ളവർ മറ്റു മണ്ഡലങ്ങളിലേയും. കണ്ണൂരിൽ 1743 ഇരട്ട വോട്ടുകളുണ്ട്. ഇതെല്ലാം ഇതേ മണ്ഡലത്തിൽ തന്നെയുള്ളവരാണ്. ധർമ്മടത്ത് 2051 ഇരട്ട വോട്ടുകളും തലശ്ശേരിയിൽ 1360 ഇരട്ട വോട്ടുകളും പേരാവൂരിൽ 1510 ഇരട്ട വോട്ടുകളുമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുകയും ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. 
സംസ്ഥാനത്തൊട്ടാകെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിശോധനയിൽ കണ്ടെത്തിയത് 34,000 ത്തോളം ഇരട്ട വോട്ടുകളാണ്. കണ്ണൂർ ജില്ലയിലാകട്ടെ, അയ്യായിരത്തോളവും. ഇതിന്റെ എത്രയോ ഇരട്ടിയാണ്  ആദ്യ ഘട്ട പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.


മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെ രണ്ടര കോടി വോട്ടർമാരിൽ നിന്നുമാണ് 4.34 ലക്ഷം വ്യാജ വോട്ടർമാരെ കണ്ടെത്തിയത്. ഇവരുടെ വിശദവിവരങ്ങൾ അടങ്ങിയ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നത്.  എന്നാൽ 35,000 ത്തോളം ഇരട്ട വോട്ടുകൾ മാത്രമാണ് ഉള്ളതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം. മൂന്നു തരത്തിലുള്ള വ്യാജന്മാരെയാണ് തരം തിരിച്ച് വെബ്‌സൈറ്റിൽ നിരത്തിയിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ടർ പട്ടികയിൽ ഉള്ളവർ, ഒരേ വോട്ടർ രണ്ട് മണ്ഡലങ്ങളിലായി ഉള്ളവർ, ഒരേ മണ്ഡലത്തിൽ വ്യത്യസ്ത ബൂത്തുകളിൽ ഉള്ളവർ എന്നിങ്ങനെയാണിവർ. ലോകത്ത് എവിടെ നിന്നും ആർക്കും ഇത് പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെടാമെന്നതാണിതിന്റെ പ്രത്യേകത.


 

Latest News