Sorry, you need to enable JavaScript to visit this website.

നേപ്പാള്‍ വഴി വരുന്നവര്‍ക്ക് ഇന്ത്യന്‍ എംബസി എന്‍.ഒ.സി ഫീ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്

ജിദ്ദ- നേപ്പാളില്‍നിന്ന് മറ്റൊരു രാജ്യത്തേക്ക് വിമാന യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന അനുമതിപത്രമായ എന്‍.ഒ.സിയുടെ ഫീസ് വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. നിലവിലുണ്ടായിരുന്ന 1020 നേപ്പാളീസ് റുപീ (എന്‍.പി.ആര്‍) 2590 രൂപയാക്കി ഇന്ത്യന്‍ എംബസി വര്‍ധിപ്പിച്ചതായാണ് അവിടെനിന്ന് സൗദിയിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ അറിയിച്ചത്. അതേസമയം നേപ്പാളിലെ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടില്ല.
ബഹ്‌റൈന്‍, ഒമാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ക്കുപുറമെ നേപ്പാള്‍ വഴിയും മലയാളികളടക്കമുള്ള പ്രവാസികള്‍ സൗദിയിലേക്ക് വരുന്നുണ്ട്.
കാഠ്മണ്ഡുവില്‍നിന്ന് മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി നല്‍കുന്ന നോ ഒബ്ജക് ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് ആവശ്യമായ രേഖകള്‍ സഹിതം എംബസിയില്‍ നേരിട്ട് ചെന്നാണ്  എന്‍.ഒ.സി കരസ്ഥമാക്കേണ്ടത്. നേപ്പാള്‍ വഴി വരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് എന്‍.ഒ.സി ആവശ്യമില്ല.
ഇന്ത്യയും യു.എ.ഇയും അടക്കമുള്ള 20 രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്നാണ് പ്രവാസികള്‍ 14 ദിവസം നേപ്പാളില്‍ താമസിച്ച ശേഷം സൗദിയിലേക്ക് വരുന്നത്. യാത്ര പുറപ്പെടുന്നതിന് 14 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ താമസിച്ചവരായിരിക്കരുതെന്നാണ് നിബന്ധനം.

 

Latest News