ഹൈദരാബാദില്‍ മജ് ലിസ് പ്രാദേശിക നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

ഹൈദരാബാദ്- അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പ്രാദേശിക നേതാവ് ആസാദ് ഖാനെ തിരക്കേറിയ റോഡിൽ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി.

ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ മല്ലാർദേവ്പള്ളി പോലീസ് സ്റ്റേഷന് കീഴിലുള്ള വട്ടപ്പള്ളി പ്രദേശത്താണ് 40 കാരനായ ഖാനെ അജ്ഞാതർ കൊലപ്പെടുത്തിയത്.

ശാസ്ത്രിപുരം റോഡിലെ പബ്ലിക് ഹാളിന് സമീപം ഇരുചക്ര വാഹനം തടഞ്ഞുനിർത്തിയാണ്  ഒരു കൂട്ടം അക്രമികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. കൊലപാതകത്തിനുശേഷം അക്രമികള്‍ ഉടന്‍ പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. ആസാദ് ഖാന് ക്രിമിനൽ ഭൂതകാലമുണ്ടെന്നും  പ്രതികാര കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

ഖാനെ ഉസ്മാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഖാൻ നേരത്തെ ഒരു കൊലപാതകക്കേസിൽ അറസ്റ്റിലായിരുന്നു. ഇയാൾക്കെതിരെ വേറയും ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. 

അക്രമികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Latest News