സൗദിയില്‍ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഇല്ലാതാകുമെന്ന് പ്രചാരണം; നിഷേധിച്ച് മന്ത്രി

മാധ്യമസമ്മേളനത്തില്‍ ഡോ. മാജിദ് അല്‍ഖസബി സംസാരിക്കുന്നു.

റിയാദ് - സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസത്തിനും ഗവണ്‍മെന്റ് ആശുപത്രികളിലെ ചികിത്സക്കും ആരോഗ്യ പരിചരണ സേവനങ്ങള്‍ക്കും ഫീസ് നല്‍കേണ്ടിവരുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് വാണിജ്യ മന്ത്രിയും ആക്ടിംഗ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു. സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിചരണവും നല്‍കാന്‍ സര്‍ക്കാര്‍ തുടര്‍ന്നും പ്രതിജ്ഞാബദ്ധമായിരിക്കും. പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനാണ് സ്വകാര്യവല്‍ക്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശിക, ആഗോള തലത്തില്‍ സ്വാധീനങ്ങള്‍ ചെലുത്തുന്ന 11 പദ്ധതികള്‍ കഴിഞ്ഞ 90 ദിവസത്തിനിടെ സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ സ്വാധീനം ചെലുത്തുന്ന നാലു പദ്ധതികള്‍ നാലു ദിവസത്തിനിടെ മാത്രം രാജ്യം പ്രഖ്യാപിച്ചു. ഹരിത സൗദി, ഹരിത മിഡില്‍ ഈസ്റ്റ് പദ്ധതികള്‍, നിയോം പദ്ധതിയിലെ ദി ലൈസന്‍ സിറ്റി പദ്ധതി, നിയമ പരിഷ്‌കാരങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മിലെ പങ്കാളിത്തം ശക്തമാക്കുകയും സ്വകാര്യ, പൊതുമേഖലകള്‍ തമ്മിലെ പങ്കാളിത്തത്തിന്റെ പുതിയ ഘട്ടത്തിന് നാന്ദി കുറിക്കുകയും ചെയ്യുന്ന 'ശരീക്' പദ്ധതി എന്നിവയെല്ലാം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും മുഴുവന്‍ മേഖലകളിലും ചരിത്രപരമായ വികസന പ്രയാണം സൗദി അറേബ്യ തുടരുകയാണ്.

 

Latest News