Sorry, you need to enable JavaScript to visit this website.

കേരളത്തെ സീരിയസായി കാണാത്ത കോൺഗ്രസ് 

കഴിഞ്ഞ ദിവസം ഡി.എം.കെ നേതാവ് കനിമൊഴി ഒരു കാര്യം പറഞ്ഞു. തമിഴ്‌നാട്ടിൽ ബോധപൂർവമാണ് കോൺഗ്രസിന് ഡി.എം.കെ മുന്നണി സീറ്റുകൾ കുറച്ച് നൽകിയത്. അടുത്ത സർക്കാർ ഡി.എം.കെയുടേതായിരിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. അതു വെച്ചാണ് കരുണാനിധിയുടെ മകൾ ഇത് പറഞ്ഞത്. ഡി.എം.കെക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതായിരിക്കണം പുതിയ സർക്കാർ. കോൺഗ്രസിനെ ആശ്രയിക്കുന്ന അവസ്ഥയുണ്ടാവുന്നത് ആശ്വാസ്യമല്ല. കോൺഗ്രസ് എം.എൽ.എമാരെ പ്രലോഭിപ്പിച്ച് ചാടിക്കാൻ എളുപ്പം സാധിക്കുമെന്നതിന് അയൽ സംസ്ഥാനം തന്നെ മികച്ച തെളിവാണല്ലോ. പുതുച്ചേരിയിൽ ബി.ജെ.പിക്ക് ഒറ്റ എം.എൽ.എയുമില്ലാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് സർക്കാർ നിലംപതിച്ചത്. കോൺഗ്രസെന്നതൊരു ആൾക്കൂട്ടമാണ്.

അധികാരമില്ലാതെ എത്ര കാലം പിടിച്ചുനിൽക്കാനാവുമെന്നതാണ് ചോദ്യം. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കാണ് ഇപ്പോൾ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവയാണ് അഞ്ചു സംസ്ഥാനങ്ങൾ. ഈ പറഞ്ഞവയിൽ കോൺഗ്രസിന് അൽപമെങ്കിലും സാധ്യത കേരളത്തിലാണ്. തമിഴ്‌നാട്ടിൽ ഡി.എം.കെയുടെ ഒപ്പം ഭരണകക്ഷിയാവാം. എന്നാൽ കേരളം അഞ്ച് വർഷത്തിലൊരിക്കൽ കോൺഗ്രസ് നേതൃത്വത്തിൽ ഭരണമുണ്ടാവാറുള്ള സംസ്ഥാനമാണ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് തിരിച്ചുവരാനുള്ള അവസരവും. അത്തരമൊരു സാധ്യത ഉപയോഗപ്പെടുത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം വേണ്ടപോലെ ഉത്സാഹിച്ചുവോ എന്ന കാര്യത്തിൽ സംശയമുണ്ട്. അസമിൽ തേയില നുള്ളുന്നതിന് പകരം കേരളത്തിൽ റോഡ് ഷോകൾ നടത്താമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആയിരത്തിൽ താഴെ വോട്ടുകൾക്ക് നഷ്ടപ്പെട്ട സീറ്റുകൾ എളുപ്പം തിരിച്ചു പിടിക്കാമായിരുന്നു. 
കേരളത്തിൽ  വാശിയേറിയ പോരാട്ടം നടക്കുന്ന ചില മണ്ഡലങ്ങളുണ്ട്. മഞ്ചേശ്വരം, തലശ്ശേരി, വടകര, ഗുരുവായൂർ, തവനൂർ, തൃത്താല, പാലക്കാട്, തൃശൂർ, തൃപ്പൂണിത്തുറ, കളമശ്ശേരി, കോന്നി, നേമം, കഴക്കൂട്ടം, പാല, പൂഞ്ഞാർ തുടങ്ങിയവ.  മുന്നണികൾക്ക് മാത്രമല്ല സ്ഥാനാർത്ഥികളെ സംബന്ധിച്ചും ജീവൻമരണ പോരാട്ടമാണ് ഇവിടങ്ങളിൽ നടക്കുന്നത്. മഞ്ചേശ്വരം 2016 ലെ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്ക് ബി.ജെ.പിയെ കൈവിട്ട മണ്ഡലമാണ്. കർണാടക അതിർത്തിയിലെ ഈ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ സർവ ശക്തിയും സമാഹരിച്ചാണ് സുരേന്ദ്രൻ പൊരുതുന്നത്. കെ.ജി. മാരാർ ആഗ്രഹിച്ചിട്ട് നടക്കാത്ത കാര്യമാണ്  അത്യുത്തര കേരളത്തിൽ നിന്ന് എം.എൽ.എയാവുകയെന്നത്. 90 കളിൽ കോഴിക്കോട്ടെ ഒരു ഇംഗഌഷ് പത്രത്തിന്റെ മേധാവി വടക്കൻ കേരളത്തിൽ താമര വിരിയുന്നത് ലൈവായി റിപ്പോർട്ട് ചെയ്യാൻ അവിടെ തമ്പടിച്ചിരുന്നു. പിൽക്കാലത്ത് സി.പി.എം ഫാനായി മാറിയ മാധ്യമ പ്രവർത്തകന് പക്ഷേ, അത് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. 


സി.പി.എം യു.ഡി.എഫിന് വോട്ട് മറിച്ചില്ലെങ്കിൽ വിജയം സുനിശ്ചിതമാണെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്.  
മഞ്ചേശ്വരത്ത് പരാജയപ്പെട്ടാൽ  കോന്നിയിലെങ്കിലും വിജയിക്കണമെന്ന ലക്ഷ്യത്തോടെയാണ് സുരേന്ദ്രൻ കരുക്കൾ നീക്കുന്നത്. സംസ്ഥാനത്ത് രണ്ടു മണ്ഡലങ്ങളിൽ ഒരേ സമയം മത്സരിക്കുന്ന ഏക സ്ഥാനാർത്ഥി ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്. കോന്നിയെ പറ്റിയാണ് ചില ഡീലുകൾ പറഞ്ഞു കേട്ടിരുന്നത്. ബി.ജെ.പി വിജയം ലക്ഷ്യമിടുന്ന മറ്റു മണ്ഡലങ്ങൾ പാലക്കാട്, തൃശൂർ, നേമം, കഴക്കൂട്ടം എന്നിവയാണ്. ഇ. ശ്രീധരന്റെ മികവിൽ പാലക്കാട്ട് വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഇടതു തംരഗത്തിൽ പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥലമാണിത്. 


ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥിയായ  ഷാഫി പറമ്പിലാണ് ഇവിടെ ശ്രീധരന്റെ പ്രധാന എതിരാളി. സി.പി.എം വോട്ടുകളും പാലക്കാട് മണ്ഡലത്തിൽ ഏറെ നിർണായകമാണ്.  നേമത്ത് കെ. മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ ശക്തമായ ത്രികോണ മത്സരമാണ്  നടക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥി വി. ശിവൻ കുട്ടിയും ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും പ്രചാരണ രംഗത്ത് സജീവമാണ്. ഈ തെരഞ്ഞെടുപ്പിലെ മാസ് എൻട്രിയാണ് മുരളിയുടെ രംഗപ്രവേശം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സി.പി.എം അതികായൻ പി. ജയരാജനെ മുട്ടുകുത്തിച്ച് വടകരയിൽ രണ്ട് ലക്ഷത്തിൽപരം വോട്ടുകൾക്ക് ജയിച്ച ആത്മവിശ്വാസം മുരളിക്കുണ്ട്. കെ. കരുണാകരന്റെ മകനെന്ന പരിഗണന ലീഡറുടെ പഴയ മണ്ഡലമായ നേമത്ത് ലഭിക്കാനും സാധ്യതയുണ്ട്. നേമത്ത് വിജയിച്ചാൽ കേരളത്തിലെ കോൺഗ്രസിന്റെ പുതിയ മുഖമായി  കെ. മുരളീധരൻ മാറും. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയാവാൻ വരെ സാധ്യതയുണ്ട്. 
 മലപ്പുറത്തെ തവനൂർ മണ്ഡലമാണ് തീപ്പാറുന്ന മത്സരം നടക്കുന്ന മറ്റൊരു സ്ഥലം.  ഇവിടെ അടിയൊഴുക്കുകൾ ശക്തമാണ്. 'മുസ്‌ലിം  ലീഗുകാരനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി' എന്ന കെ.ടി. ജലീലിന്റെ പ്രചാരണം  യു.ഡി.എഫിനെ  ശക്തിപ്പെടുത്തിയിരിക്കുകയാണ്.  കോൺഗ്രസിനേക്കാൾ വാശിയിൽ ജലീലിനെ തോൽപിക്കാൻ ഇവിടെ രംഗത്തിറങ്ങിയിരിക്കുന്നത് മുസ്‌ലിം ലീഗ് പ്രവർത്തകരാണ്. കുടിപ്പക വീട്ടാനുള്ള അവസരമായാണ് ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാർത്ഥിത്വത്തെ ലീഗ് പ്രവർത്തകർ നോക്കിക്കാണുന്നത്. ഇത്തവണ അടിതെറ്റിയാൽ ജലീലിനെ സംബന്ധിച്ചും  ഒരു തിരിച്ചു വരവ് എളുപ്പത്തിൽ സാധ്യമാകുകയില്ല. തൊട്ടടുത്ത പാലക്കാട് ജില്ലയിലെ തൃത്താലയിൽ നടക്കുന്നതും പ്രവചനാതീതമായ പോരാട്ടമാണ്.


വി.ടി. ബൽറാമിനെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ എം.ബി. രാജേഷിനു  കഴിഞ്ഞിട്ടുണ്ട്. അട്ടിമറി വിജയം ഇവിടെ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. വി.ടി. ബൽറാം സീറ്റ് നിലനിർത്തുമെന്ന കാര്യത്തിൽ കോൺഗ്രസും വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. പാലായിൽ ജോസ് കെ. മാണിക്കും പൂഞ്ഞാറിൽ പി.സി. ജോർജിനും നിലനിൽപിനു ജയം  അനിവാര്യമാണ്. ഇടതു പിന്തുണയിൽ മാണി സി. കാപ്പനെ മലർത്തിയടിക്കാൻ കഴിയുമെന്നാണ് ജോസ് കെ. മാണി കരുതുന്നത്. എന്നാൽ കാപ്പനും ശക്തമായ പ്രതിരോധവുമായി മണ്ഡലത്തിൽ സജീവമാണ്.


പൂഞ്ഞാറിൽ ഒറ്റക്ക് നിന്നു വിജയിച്ച ചരിത്രമുള്ള പി.സി. ജോർജ് വീണ്ടും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. ഈരാറ്റുപേട്ടയിൽ ഉയർന്ന പ്രതിഷേധം പി.സിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തൃപ്പൂണിത്തുറയിലും ശക്തമായ മത്സരമാണ് നടക്കുന്നത്. എം. സ്വരാജിന്റെ വിജയത്തിൽ സി.പി.എം പ്രവർത്തകർക്ക് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. പ്രധാന എതിരാളിയായ കെ.ബാബുവാകട്ടെ സകല ശക്തിയും സമാഹരിച്ചാണ് പോർക്കളത്തിൽ ഇറങ്ങിയിരിക്കുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ ബാബു പ്രതീക്ഷിക്കുന്നില്ല. ശബരിമല വിഷയം ഈ മണ്ഡലത്തിലും വലിയ പ്രചാരണ വിഷയമാക്കിയാണ് യു.ഡി.എഫ് മാറ്റിയിരിക്കുന്നത്. 


പ്രതീക്ഷിച്ചത് പോലെ കളമശ്ശേരിയിൽ പാലം അഴിമതിയാണ് പ്രധാന പ്രചാരണ വിഷയം. ഇടതുപക്ഷ സ്ഥാനാർത്ഥി പി.രാജീവ് പ്രചാരണത്തിൽ ഏറെ മുന്നിലാണുള്ളത്. മക്കൾ രാഷ്ട്രീയവും ഈ മണ്ഡലത്തിൽ ശരിക്കും ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുസ്‌ലിം ലീഗിലെ അടിയൊഴുക്കുകളും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ഇടതുപക്ഷത്തിന് ഭരണ തുടർച്ച ലഭിച്ചാൽ മന്ത്രി പദവിയിലെത്താൻ സാധ്യത ഉള്ളവരാണ് പി.രാജീവും എം.ബി. രാജേഷും. യു.ഡി.എഫിനാണ് ഭരണം ലഭിക്കുന്നതെങ്കിൽ പാലക്കാട് നിന്നും വിജയിച്ചാൽ ഷാഫി പറമ്പിലിനും തൃപ്പൂണിത്തുറയിൽ നിന്നും ജയിച്ചാൽ കെ.ബാബുവിനും മന്ത്രി പദവിക്ക് സാധ്യതയുണ്ട്. ഇക്കാര്യങ്ങളും പാർട്ടി പ്രവർത്തകർ വോട്ടർമാരുടെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്.


ചിട്ടയായ പ്രവർത്തനത്തിലാണ് ഇടതുപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭരണ തുടർച്ച ഇത്തവണ ഉണ്ടാകുമെന്ന് തന്നെയാണ് സി.പി.എം നേതൃത്വം കരുതുന്നത്. ആര് ഭരിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. അപ്രതീക്ഷിതമായ ചില വിജയങ്ങളും പരാജയങ്ങളും ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകുക തന്നെ ചെയ്യും. യു.ഡി.എഫിൽ ഏറ്റവും ചിട്ടയായ പ്രവർത്തനം നടത്തുന്നത് ലീഗാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് എത്രയോ മാസങ്ങൾക്ക് മുമ്പ് തന്നെ അവർ ഒരുങ്ങി. ഗുരുവായൂരിൽ മത്സരിക്കുന്ന കെ.എൻ.എ. ഖാദറിന്റെ നീക്കങ്ങൾ ശ്രദ്ധേയമാണ്.  


യു.ഡി.എഫ് കുത്തക ജില്ലകളായ എറണാകുളത്തും കോട്ടയത്തും വലിയ അഗ്‌നിപരീക്ഷണമാണ് കോൺഗ്രസ് നേതൃത്വം നേരിടുന്നത്. എറണാകുളത്തെ ട്വന്റി ട്വന്റിയുടെ സാന്നിധ്യം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കാണ് വലിയ ഭീഷണി ഉയർത്തുന്നത്. ജോസ് കെ. മാണി ഇടതുപക്ഷത്തെത്തിയത് കോട്ടയത്തെ യു.ഡി.എഫ് വോട്ട് ബാങ്കിലാണ് വിള്ളലുണ്ടാക്കിയിരിക്കുന്നത്. 
ഈ രണ്ടു ജില്ലകളിലും ഇടതുപക്ഷം മേധാവിത്വം ഉറപ്പിച്ചാൽ ഭരണം എന്ന യു.ഡി.എഫ് സ്വപ്‌നത്തിനാണ് വിരാമമാകുക. ആദ്യം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വലിയ കുതിപ്പാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. ചില മണ്ഡലങ്ങളിൽ ഉയർന്ന എതിർ ശബ്ദങ്ങളെ പോലും ഫലപ്രദമായി ഒതുക്കാൻ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിന് സാധിച്ചു.


പിണറായി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളുമാണ് ഭരണ തുടർച്ചക്കുള്ള സാധ്യത വർധിപ്പിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളെയും മഹാമാരികളെയും സർക്കാർ നേരിട്ട രീതിയും വ്യാപകമായി പൊതു സമൂഹത്തിന്റെ കൈയടി നേടിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തിന്റെ വലിയ പിന്തുണ നേടാനായത്  മറ്റൊരു അനുകൂല ഘടകം. 24 ന്യൂസിലെ ശ്രീകണ്ഠൻ നായർ പറഞ്ഞതിങ്ങനെ. സർവേയുടെ ഭാഗമായി മലപ്പുറത്തെ ലീഗ് കേന്ദ്രങ്ങൾ സന്ദർശിച്ചു. അവിടെയെല്ലാം പാർട്ടി പ്രവർത്തകർ അത്യാവേശത്തിലാണ്. ലീഗ് ജയിക്കുക തന്നെ ചെയ്യും. ഇതേ ആളുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വരണമെന്നാഗ്രഹിക്കുന്നു. ഇതൊരു നല്ല നിരീക്ഷണമാണ്. പ്രത്യേകിച്ചും ശ്രീകണ്ഠൻ നായരെ പോലെ ക്രെഡിബിലിറ്റിയുള്ള മാധ്യമ പ്രവർത്തകന്റേതാവുമ്പോൾ. 


പുറത്തു വന്ന എല്ലാ സർവേകളും പ്രവചിച്ചിരിക്കുന്നത് പിണറായി സർക്കാരിന്റെ ഭരണ തുടർച്ചയാണ്. ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്ന റിപ്പോർട്ടുകളാണിത്. ഇനി അഥവാ ഇത്തവണ ഭരണ തുടർച്ച ലഭിച്ചില്ലെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് പ്രത്യേകിച്ച് ഒന്നും തന്നെ നഷ്ടപ്പെടാനില്ല. 'അഞ്ചു വർഷം കൂടുമ്പോൾ ഭരണമാറ്റം എന്നത് ' ആവർത്തിച്ചു എന്നു ചൂണ്ടിക്കാട്ടി നിഷ്പ്രയാസം പരാജയത്തെ ന്യായീകരിക്കാനും ഇടതുപക്ഷത്തിനു കഴിയും. പുറത്തു വരുന്ന പല സർവേകളു്വടയും ആധികാരികത സംശയാസ്പദമാണ്. ഓൺലൈൻ രംഗത്ത് സ്വാധീനമുള്ള  ഒരു വിദ്വാൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ പറയുകയാണ്- കാസർകോട്ടെ നാദാപുരത്ത് ഇത്തവണ അട്ടിമറി നടക്കും. 
ഇടത് കുത്തക അവസാനിപ്പിച്ച് ഇവിടെ യു.ഡി.എഫ് ജയിച്ചു കയറും. തിരുവനന്തപുരത്തും കോട്ടയത്തും ഡെസ്‌കിലിരുന്ന് സർവേയുണ്ടാക്കിയാൽ ഇതു പോലിരിക്കും. 

Latest News