Sorry, you need to enable JavaScript to visit this website.

പാടങ്ങളിൽനിന്നുയരുന്ന ഡ്രോണുകൾ

-ദക്ഷിണ കൊറിയൻ സേനയിൽ പരിശീലനത്തിനുംആക്രമണത്തിനും 800 ആളില്ലാ വിമാനങ്ങൾ
-ഡ്രോൺ പറത്തി ചാമ്പ്യന്മാരാകുന്ന കുട്ടികൾ

ദക്ഷിണ കൊറിയയിലെ നെൽവയലിലാണ് 18 കാരനായ കാങ് ചാങ് ഹ്യോണിന്റെ പരിശീലനം. ലോകത്തെ ഏറ്റവും വേഗതയേറിയതും ഉയരത്തിലുള്ളതുമായ ടെക് സ്‌പോർട്‌സ് ഇനത്തിൽ അഥവാ ഡ്രോൺ മത്സരത്തിൽ ആഗോള ചാമ്പ്യൻ പദവി നിലനിർത്തനാണ് കൗമാരക്കാരന്റെ ശ്രമം.  മത്സരത്തിൽ കൂടുതൽ പേരുടെ പങ്കാളിത്തവും വീറും വാശിയും കൂടുന്നതും കാരണം താൻ പിന്തള്ളപ്പെടുമെന്ന് കാങ് ഭയപ്പെടുന്നുമുണ്ട്. കൊറിയൻ തലസ്ഥാനമായ സിയോളിന് തെക്ക് ഹ്വാസോങിലുള്ള കാലി മൈതാനത്താണ് കാങും മൂന്ന് ടീമംഗങ്ങളും തങ്ങളുടെ ആളില്ലാ വിമാനത്തെ പറത്തി പരിശീലിക്കുന്നത്. ഹാൻഡ് സെറ്റുകളിലെ വിരലനക്കം കൊണ്ട് മാത്രമാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നത്.  വെർച്വൽ റിയാലിറ്റി ഗോഗലുകൾ ധരിച്ച ഇവർ ആളില്ലാ വിമാനങ്ങളുടെ പൈലറ്റുമാരാണ്. പ്രതീതി യാഥാർഥ്യം അഥവാ വെർച്വൽ റിയാലിറ്റി ഇവർക്ക് അതിന് കാഴ്ചയുടെ കൃത്യത ഒരുക്കുന്നു. 


ഫോർമുല വൺ പോലെ, ഡ്രോൺ പറത്തൽ കൃത്യമായ എൻജിനീയറിംഗിനെയും പൈലറ്റ് നൈപുണ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്. മത്സരാർത്ഥികളുടേയും അവരുടെ ടീമുകളുടേയും ഇഷ്ടാനുസൃതമായി നിർമിക്കുന്നവയാണ് റേസിംഗ് ഡ്രോണുകൾ.  മണിക്കൂറിൽ 170 കിലോമീറ്ററാണ് വേഗത. ഇഞ്ചോടിഞ്ചാണ് മൽസരങ്ങൾ.  ഒരു സെക്കൻഡിന്റെ ആയിരത്തിലൊന്ന് വരെ സമയം കണക്കാക്കുന്നു.മണിക്കൂറുകൾ നീളുന്ന പരിശീലനത്തിലൂടെ നേടുന്ന മിന്നൽ വേഗവും കാഴ്ചയിലുള്ള കൃത്യതയുമൊക്കെയാണ് വിജയത്തിന്റെ താക്കോലെന്ന് കാങ് പറയുന്നു.പുതിയ തലമുറയിലെ യുവ എതിരാളികൾ കൂടുതലായി എത്തുകയാണെന്നും ഇപ്പോൾ തന്നെ താൻ തകർച്ച നേരിടുകയാണെന്നും മത്സരിക്കാനെത്തുന്നവരിൽ ചിലർ  െ്രെപമറി സ്‌കൂളിൽ വിദ്യാർഥികളാണെന്നും കാങ് പറഞ്ഞു.  ഓരോ വർഷവും മന്ദഗതിയിലാണ് നീങ്ങുന്നതെന്നും 20 വയസ്സ് തികയുന്നതിനു മുമ്പ് വിരമിക്കേണ്ടി വരുമെന്നും കാങ് കരുതുന്നു. കാരണം മത്സരത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന പെൺകുട്ടികൾ തൊട്ടു മുന്നിലുണ്ട്. 
ആദ്യമായി ഒരു കളിപ്പാട്ട ഡ്രോൺ പറത്തി  മൂന്ന് വർഷം കഴിഞ്ഞപ്പോൾ പതിനാറാം വയസ്സിൽ തന്നെ ചൈനയിൽ 2019 ൽ നടന്ന ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടാനായി. ആ മത്സരത്തിൽനിന്ന്  ദക്ഷിണ കൊറിയയിൽനിന്നു തന്നെ നിരവധി ഡ്രോൺ പൈലറ്റുമാർ പങ്കെടുത്തിരുന്നു. 
ആദ്യാവസാനം ആവശം നിലനിർത്തുക എന്നത് ഈ മത്സരത്തിൽ വിജയിക്കുന്നതിൽ പ്രധാനമാണ്. സെക്കൻഡുകൾക്കും താഴെയായിരിക്കും വിജയം നിർണയിക്കപ്പെടുക. 
മുൻപിൽ ആരാണെന്ന കാര്യം  പരിഗണിക്കാതെ തന്നെ  ശാന്തനായി തുടരാൻ കഴിയുകയെന്നത്  തെറ്റുകൾ കുറയ്ക്കുന്നതിനും നിർണായകമാണ്.


കാങ് പഠിക്കുന്ന ഹോങ്‌സിയോംഗ് കൗണ്ടിയിലെ ഹൈസ്‌കൂൾ തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർഥി കാങിനെ അംബാസഡറാക്കി സ്‌പെഷ്യലിസ്റ്റ് ഡ്രോൺ സ്‌കൂളായി ഉയരാനുള്ള ശ്രമത്തിലാണ്. കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി ഡ്രോൺ പൈലറ്റിംഗിൽ പാഠങ്ങൾ വാഗ്ദാനം ചെയ്യുന്നു. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം ലോക ചാമ്പ്യൻഷിപ്പ് നടക്കാതെ പോയതിൽ ഏറെ ദുഃഖിതനാണ് കാങ്. മത്സരം നടന്നിരുന്നുവെങ്കിൽ തനിക്ക് നന്നായി ശോഭിക്കാൻ കഴിയുമായിരുന്നുവെന്ന് കാങ് ഉറച്ചു വിശ്വസിക്കുന്നു. 2020 ലെ ലോക ചാമ്പ്യൻഷിപ്പുകൾ റദ്ദാക്കാൻ സ്വിസ് ആസ്ഥാനമായുള്ള ഫെഡറേഷൻ എയറോനോട്ടിക് ഇന്റർനാഷണൽ നിർബന്ധിതമായിരുന്നു. 
ആഗോള വിജയം നേടുന്ന മറ്റു ദക്ഷിണ കൊറിയൻ താരങ്ങളെ പോലെ നിർബന്ധിത സൈനിക സേവനം കാങിന്റെ മുന്നിൽ തടസ്സമാണ്.  ഉത്തര കൊറിയയുമായുള്ള സംഘർഷം കാരണം  എല്ലാ ദക്ഷിണ കൊറിയൻ പുരുഷന്മാരും 30 വയസ്സ് തികയുന്നതിനു മുമ്പ് 18 മാസത്തോളം സേനയിൽ ചെലവഴിക്കണം.ചില അന്താരാഷ്ട്ര ക്ലാസിക്കൽ സംഗീത മത്സരങ്ങളിലെ വിജയികൾക്കും ഒളിംപിക് മെഡൽ ജേതാക്കൾക്കും ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാർക്കും മാത്രമാണ് ഇളവുള്ളത്. ഉത്തര കൊറിയയുടെ 12.5 ലക്ഷം സൈനികരുള്ളപ്പോൾ ദക്ഷിണ കൊറിയക്ക് 5,55,000 സൈനികർ മാത്രമാണുള്ളത്. എന്നാൽ പരിശീലനത്തിനും ആക്രമണത്തിനും 800 ഡ്രോണുകളടക്കം സജ്ജമാക്കി ദക്ഷിണ കൊറിയ സാങ്കേതിക രംഗത്ത് മുന്നിലാണ്.

Latest News