Sorry, you need to enable JavaScript to visit this website.

യെഡിയൂരപ്പ ഏകാധിപതിയാകുന്നു; കർണാടക മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് മന്ത്രിയുടെ പരാതി

ബെംഗളൂരു- കര്‍ണാടക ബിജെപി സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി സ്വന്തം മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം പരസ്യമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുത വീഴ്ചകളാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഭരിക്കുന്നത് ഏകാധിപത്യരീതിയിലാണെന്നും അഞ്ചു പേജ് വരുന്ന പരാതിയില്‍ ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി കെ എസ് ഈശ്വരപ്പ ആരോപിക്കുന്നു. തന്റെ അധികാരപരിധിയില്‍ ഇടപെടുകയും താനറിയാതെ ഗ്രാമ വികസന വകുപ്പില്‍ നിന്ന് 774 കോടി ഫണ്ട് വകയിരുത്തിയെന്നും മന്ത്രി ഈശ്വരപ്പ ആരോപിച്ചു. 

സംസ്ഥാന ഭരണം സംബന്ധിച്ച വ്യവസ്ഥാപിത നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും തെറ്റിക്കുന്നതിലൂടെ യെഡിയൂരപ്പ ചട്ടം ലംഘിച്ചതായി പരാതിയില്‍ ഈശ്വരപ്പ പറയുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റേയും മറ്റു മുതിര്‍ന്ന നേതാക്കളുടേയും നിര്‍ദേശ പ്രകാരം ഫണ്ട് വകയിരുത്തല്‍ താന്‍ സ്റ്റേ ചെയ്തിരിക്കുകയാണെന്നും ഈശ്വരപ്പ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗ്രാമവികസന വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് ഫണ്ട് റിലീസ് ചെയ്യേണ്ടി വന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. 

ഇത്തരം ഇടപെടലുകള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും ഈ പ്രവണ തുടരുകയാണെങ്കില്‍ താന്‍ മന്ത്രിയായി തുടരേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. ഗവര്‍ണര്‍ക്കയച്ച പരാതിയുടെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര മന്ത്രി അമിത് ഷായ്ക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്കും അയച്ചിട്ടുണ്ട്.

ഒരുകാലത്ത് വളരെ അടുപ്പമുള്ള നേതാക്കളായിരുന്നു യെഡിയൂരപ്പയും ഈശ്വരപ്പയും ശിവമൊഗ്ഗ ജില്ലയില്‍ നിന്നുള്ളവരാണ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച് കൂറുമാറിയെത്തിയ രണ്ടു പേര്‍ക്ക് ബിജെപി മന്ത്രിസഭയില്‍ ഇടംനല്‍കാന്‍ യെഡിയൂരപ്പ മന്ത്രിസഭ വികസിപ്പിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്.

Latest News