കണ്ണൂർ- ആഴക്കടൽ മത്സ്യബന്ധന വിവാദം ചീറ്റിപ്പോയ ആയുധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ഐ.ഡി.സിയുമായി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാൻ മന്ത്രി തന്നെ ആവശ്യപ്പെട്ടതാണെന്നും അതിന്റെ അടിസ്ഥാനത്തിൽ ധാരണാപത്രം റദ്ദാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.എം.സി.സിയുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. ധാരണാപത്രം റദ്ദാക്കാൻ വ്യവസായ മന്ത്രി ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജകഥകൾ പ്രചരിപ്പിക്കുകയാണ്. ശബ്ദാനുകരണം നടത്തി വരെ വ്യാജ കഥകളുണ്ടാക്കാൻ ശ്രമം നടക്കുകയാണ്. ഇതിനെയെല്ലാം ഇടതുമുന്നണി അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരട്ടവോട്ട് ആരോപണത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരട്ടവോട്ട് സംബന്ധിച്ച വിവരങ്ങളെല്ലാം കോൺഗ്രസ് നേതാക്കളുടേതാണ്. കോവിഡ് മാനദണ്ഡം പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






