Sorry, you need to enable JavaScript to visit this website.

കോൺഗ്രസുമായി ധാരണ വേണ്ട; കാരാട്ടിന്റെ രേഖക്ക് പി.ബി അംഗീകാരം

ന്യൂദൽഹി- കോൺഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ പോളിറ്റ് ബ്യൂറോ തള്ളി. പ്രകാശ് കാരാട്ടിന്റെ രേഖക്കാണ് പി.ബി അംഗീകാരം നൽകിയത്. കോൺഗ്രസുമായി ഒരു തരത്തിലുള്ള ധാരണയും ആവശ്യമില്ലെന്ന കാരാട്ടിന്റെ രേഖക്കാണ് പി.ബി അംഗീകാരം നല്കിയത്. അതേസമയം ഇത് സംബന്ധിച്ച് ചർച്ച നടന്നുവരികയാണെന്നും കേന്ദ്ര കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സി.പി.എം വ്യക്തമാക്കി. പി.ബി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രമേയത്തിലുള്ള തന്റെ നിലപാട് മയപ്പെടുത്തി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയെങ്കിലും മുൻനിലപാടുകളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്ന നിലപാടാണു കാരാട്ട് സ്വീകരിച്ചത്. ഇരുപക്ഷത്തിന്റെയും അനുകൂലവും പ്രതികൂലവുമായ ചർച്ചകളാണു ഇന്നലെ പോളിറ്റ് ബ്യൂറോ യോഗത്തിൽ നടന്നത്. പോളിറ്റ് ബ്യൂറോ യോഗത്തിലെ തീരുമാനങ്ങൾ അടുത്ത മാസം 19 മുതൽ 21 കൊൽക്കത്തിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും. 
    എല്ലാ മതേതര പാർട്ടികളുമായും സഹകരണമാകാം എന്ന തന്റെ മുൻനിലപാടിനാണു യെച്ചൂരി മാറ്റം വരുത്തിയത്. ബിജെപിയെ ചെറുക്കാൻ സാഹചര്യങ്ങൾക്കനുസരിച്ചു തെരഞ്ഞെടുപ്പ് അടവ് നയമാകമെന്നും യെച്ചുരിയുടെ രേഖയിൽ നിർദ്ദേശമുണ്ട്.  രേഖ ഇന്നലെ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ചക്കെടുത്തിരുന്നു. കോൺഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്ത്വത്തിൽ കടുത്ത ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരി തന്റെ നിലപാടുകളിൽ മാറ്റം വരുത്താൻ തയാറായത്. ബിജെപിയെ ചെറുക്കൻ കോൺഗ്രസ് ഉൾപ്പെടെ എല്ലാ മതേതര പാർട്ടിളുമായോ ശക്തികളുമായോ സഹകരിക്കാം എന്നായിരുന്നു യെച്ചൂരിയുടെ മുൻനിലപാട്. 
    എന്നാൽ, ബൂർഷ പാർട്ടികളുമായി സഖ്യമോ മുന്നിയോ വേണ്ടെന്നും ബിജെപിയെ മുഖ്യ ശത്രുവായി കണ്ടു സാഹചര്യങ്ങൾക്ക്  അനുസരിച്ചു തെരഞ്ഞെടുപ്പ് അടവുനയമുണ്ടാക്കാം എന്നാണ് പുതിയ രേഖയിൽ യെച്ചുരിയുടെ നിലപാട്. യെച്ചുരിയുടെ രേഖ പിബി അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു. അതേസമയം കോൺഗ്രസുമായി രാഷ്ട്രീയ ധാരണ പോലും വേണ്ടെന്ന കടുത്ത നിലപാടാണു കാരാട്ട് പക്ഷത്തിനുള്ളത്. 
    ബിജെപിയെ മുഖ്യ ശത്രുവായി കാണുമ്പോഴും പാർട്ടി നയങ്ങളെ ദുർബലപ്പെടുത്തുന്ന യാതൊരു രാഷ്ട്രീയ കൂട്ടുകെട്ടുകളും  പാടില്ല എന്ന  കാരാട്ട് പക്ഷത്തിന്റെ നിലപാടിനാണു കഴിഞ്ഞ പിബി യോഗത്തിൽ അംഗീകാരം ലഭിച്ചത്. രണ്ടു നിലപാടുകളും പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്ത ശേഷമാകും കരടിന് രൂപം നൽകുക. ഇന്നു സമാപിക്കുന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ സമവായം ആയില്ലെങ്കിൽ ചർച്ചകൾ അടുത്ത  കേന്ദ്ര കമ്മറ്റിയിലേക്ക് നീളും. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പിബി ചർച്ച ചെയ്തു. 
    പോളിറ്റ് ബ്യൂറോയുടെ ഔദ്യോഗിക നിലപാടിന് അനുസരിച്ച് 22-ാം പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാനാണു പിബിയെ കേന്ദ്ര കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ അനുകൂല പ്രതികൂല അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തു വേണം കരട് തയാറാക്കാനെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചിരുന്നു. ആ നിലയ്ക്ക് സീതാറാം യെച്ചൂരി ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെ കൊണ്ടു വന്ന ആദ്യ രേഖ കരട് രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനമാകില്ലെന്ന് ഉറപ്പാണ്. ഇപ്പോൾ യെച്ചൂരി നിലപാടിൽ മാറ്റം വരുത്തി പുതിയ രേഖ വെച്ച സാഹചര്യത്തിലും കാരാട്ട് പക്ഷത്തിന്റെ നിലപാടിനായിരിക്കും മൂൻതൂക്കമെന്നാണു സൂചന.
 

Latest News