കോഴിക്കോട്- കേരളത്തിൽ ഭരണമാറ്റം ഉണ്ടായില്ലെങ്കിൽ അതിന്റെ ഗുണം ബി.ജെ.പി നേടുമെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.എലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സുൽഫിക്കർ മയൂരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തലക്കുളത്തൂർ പറമ്പത്ത് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ബി.ജെ.പിക്ക് വളരാൻ ഇടതുപക്ഷ സർക്കാർ അവസരം കൊടുക്കുകയാണ്. പ്രതിപക്ഷത്ത് ബി.ജെ.പിക്ക് സീറ്റ് കിട്ടിയാലും സാരമില്ല, കോൺഗ്രസ് നശിക്കുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ വേണ്ടവിധത്തിൽ പദ്ധതികൾ ഉപയോഗിക്കാൻ പറ്റാത്തതിന്റെ കാരണം ബി.ജെ.പിയുമായി കേരള സർക്കാർ നടത്തുന്ന ഒത്തുതീർപ്പാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയും കേരളത്തിൽ നടപ്പാക്കാൻ സാധിക്കാതെ വരികയും സംസ്ഥാനം കടക്കെണിയിൽ ആവുകയും ചെയ്തു. കണ്ണുകൊണ്ട് കാണാൻ പറ്റുന്ന ഏതെങ്കിലും പദ്ധതി എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റിയാണ് സർക്കാർ ഇതുവരെ നടപ്പാക്കിയത്. നിലവിൽ ഈ സർക്കാർ വികസന പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. നിഷ്‌ക്രിയമായ അഞ്ചു വർഷത്തെ ഭരണത്തിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നഷ്ടമായതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. എലത്തൂരിൽ വികസനം നടപ്പാക്കാൻ വേണ്ടി മാത്രമാവും അടുത്ത അഞ്ചുവർഷം താൻ ഉപയോഗിക്കുകയെന്ന് യോഗത്തിൽ സംസാരിച്ച സുൽഫിക്കർ മയൂരി പറഞ്ഞു. പത്തുവർഷമായി വികസനം മുരടിച്ചുകിടക്കുന്ന മണ്ഡലമാണ് എലത്തൂർ. പല മേഖലയിലും ഒരു ട്രാൻസ്‌പോർട്ട് ബസ് പോലും ഓടുന്നില്ല. ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇല്ല. കോഴിക്കോട്-ബാലുശ്ശേരി റോഡിന്റെ അവസ്ഥ പരിതാപകരമാണ്. താൻ ജയിക്കുകയാണെങ്കിൽ അഞ്ചുവർഷവും മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം കാണുമെന്നും സുൽഫിക്കർ മയൂരി വ്യക്തമാക്കി.