കാല്‍ നൂറ്റാണ്ടായിട്ടും  മണ്ഡല്‍ സംവരണം ഇനിയും അകലെ

ന്യൂദല്‍ഹി- സംവരണ വാഗ്ദാനം നല്‍കി കോണ്‍ഗ്രസ് കാലാകാലമായി മുസ്്‌ലിംകളെ കബളിപ്പിക്കുകയാണെന്നും ഒരു സംസ്ഥാനത്തും വാഗ്ദനം പാലിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ കുറ്റപ്പെടുത്തുകയുണ്ടായി. 
സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ പിന്നോക്ക വിഭാഗക്കാരുടെ സ്ഥിതിയും ദയനീയമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരില്‍ മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് 27 ശതമാനം ഏര്‍പ്പെടുത്തണമെന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കി 24 വര്‍ഷം കഴിഞ്ഞിട്ടും വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പിന്നോക്ക വിഭാഗക്കാരുടെ തോത് എത്രയോ താഴെയാണ്.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയ അന്തരിച്ച പ്രധാനമന്ത്രി വി.പി. സിംഗ്‌
വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
35 കേന്ദ്ര മന്ത്രാലയങ്ങളില്‍ 24 എണ്ണത്തിലും 37 സര്‍ക്കാര്‍ വകുപ്പുകളില്‍ 25 എണ്ണത്തിലും വിവിധ ഭരണഘടനാ സ്ഥാപനങ്ങളിലും ഒബിസിക്കാര്‍ക്ക് 27 ശതമാനം സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ല.
1993 സെപ്റ്റംബര്‍ എട്ടിനാണ് ഒബിസിക്കാര്‍ക്ക് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള സംവരണം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം ജനുവരി ഒന്നുവരെ 24 മന്ത്രാലയങ്ങളില്‍ ഗ്രൂപ്പ് എ ഉദ്യോഗസ്ഥരില്‍ 17 ശതമാനം മാത്രമാണ് ഒബിസിക്കാര്‍. ഗ്രൂപ്പ് ബി ഓഫീസര്‍മാരില്‍ ഒബിസി പ്രാതിനിധ്യം 14 ശതമാനം മാത്രമാണ്. ഗ്രൂപ്പ് സിയില്‍ 11 ശതമാനും ഗ്രൂപ്പ് ഡിയില്‍ 10 ശതമാനവുമാണ് ഒബിസി പ്രാതിനിധ്യമെന്ന് കേന്ദ്ര പെഴ്‌സൊണല്‍ മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 
71 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 2014 ജനുവരി ഒന്നുവരെ ഒബിസിക്കാര്‍ 19.28 ശതമാനം മാത്രമാണെന്ന് കഴിഞ്ഞ ജൂലൈയില്‍ പെഴ്‌സൊണല് സഹമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ജൂലൈയില്‍ ലോക്‌സഭയില്‍ വെളിപ്പെടുത്തിയിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നിയമനം തുടങ്ങിയ 1993 വരെയുള്ള നിയമനങ്ങള്‍ ഉള്‍പ്പെടുത്താത്തതും കൊണ്ടാണ് ഈ കുറവെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. തസ്തികകളില്‍ ഒഴിവുവരാനും നിയമനം നടത്താനുമെടുക്കുന്ന കാലതാമസവും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. 
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ 503 ഗ്രൂപ്പ് എ ഓഫീസര്‍മാരില്‍ 25 പേര്‍ മാത്രമാണ് മറ്റു പിന്നോക്ക വിഭാഗക്കാര്‍. 24 മന്ത്രാലയങ്ങളിലും 25 വകുപ്പുകളിലും പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രസിഡന്റിന്റെ സെക്രട്ടറിയേറ്റ്, ഇലക്്ഷന്‍ കമ്മീഷന്‍ എന്നിവയടക്കം എട്ട് ഭരണഘടനാ സ്ഥാപനങ്ങളിലുമായി 14 ശതമാനം മാത്രമാണ് ഒബിസിക്കാരുള്ളത്.

Latest News