Sorry, you need to enable JavaScript to visit this website.

കൊറോണ ഉറവിടം: ചൈനീസ് ലാബുകൾ വിവരങ്ങൾ നൽകിയില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ- നോവൽ കൊറോണ വൈറസ്സിന്റെ ഉറവിടം സംബന്ധിച്ച പഠനങ്ങൾക്കാവശ്യമായ സുപ്രധാനമായ ഡേറ്റ നൽകാൻ വിസമ്മതിക്കുന്ന ചൈനീസ് സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ തെദ്രോസ് അഥനോം ഘെബ്രിയോസിസ്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധരും ചൈനീസ് വിദഗ്ധരും ഉൾപ്പെട്ട സംഘം നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. വവ്വാലുകൾ തന്നെയാകാം വൈറസിന്റെ ഉറവിടമെന്നും എന്നാൽ മറ്റൊരു ജീവിയിലൂടെയാകാം അത് മനുഷ്യരിലെത്തിയതെന്നുമായിരുന്നു ഈ പഠനത്തിന്റെ അനുമാനം. ഈ അനുമാനത്തോട് അത്രകണ്ട് യോജിക്കാൻ തനിക്ക് കാഴിയുന്നില്ലെന്ന് ഘെബ്രിയോസിസ് തുറന്നടിച്ചു. പഠനം വേണ്ടത്ര വിപുലമായിരുന്നില്ല. ഇതിനു കാരണം ചൈനീസ് അധികൃതർ ആവശ്യമായ വിവരം ഗവേഷകർക്ക് നൽകാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കൊറോണ വൈറസ് ഒരു ചൈനീസ് ലബോറട്ടറിയിൽ നിന്നും പുറത്തുചാടിയതാകാമെന്ന അനുമാനം തുടക്കം മുതൽക്കേ നിലനിൽക്കുന്നുണ്ട്. ഈ സംശയത്തെ കൂടുതൽ ബലപ്പെടുത്തുന്നതായി മാറുകയാണ് ഘെബ്രിയോസിസിന്റെ കടുത്ത പ്രതികരണം. ചൈനയ്ക്കെതിരെ ഒരു വാക്കുപോലും പറയാതിരിക്കാൻ ഇത്രയും നാൾ ഏറെ ശ്രദ്ധ പുലർത്തിയ ആളാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ. ഇതിന്റെ പേരിൽ ഏറെ പഴി കേട്ടയാളുമാണ്. ചൈനീസ് അധികൃതർ തങ്ങളോട് എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം മുമ്പ് പ്രസ്താവിച്ചിരുന്നു. 

വുഹാനിനെ വൈറോളജി ലാബുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആവശ്യമായ ഡാറ്റ ഗവേഷകർക്ക് ലഭിച്ചില്ലെന്നാണ് ഘെബ്രിയോസിസ് ആരോപിക്കുന്നത്. ശരിയായ അനുമാനത്തിലെത്തിച്ചേരാൻ കൂടുതൽ വിവരങ്ങൾ ലഭിച്ചേ മതിയാകൂ എന്നും അദ്ദേഹം പറയുന്നു. ഡിസംബർ 8നാണ് ആദ്യത്തെ കോവിഡ് രോഗലക്ഷണങ്ങളോടെയുള്ള കേസ് തിരിച്ചറിയുന്നത്. എന്നാൽ സെപ്തംബർ മുതൽക്കുള്ള ഡാറ്റയെങ്കിലും കിട്ടിയാലേ ഗവേഷകർക്ക് ശരിയായ രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുഎസ് അടക്കമുള്ള രാജ്യങ്ങൾ ചൈനയ്ക്കെതിരെ ഒരു രാഷ്ട്രീയ ആയുധമായി ലാബ് ലീക്ക് സിദ്ധാന്തം ഉപയോഗിച്ചിരുന്നു. ഡൊണാൾഡ് ട്രംപിന്റെ പ്രധാന പ്രചാരണായുധങ്ങളിലൊന്നുമായിരുന്നു ഇത്. എന്നാൽ, മഹാമാരിയെ പിടിച്ചുകെട്ടുന്നതിനെ തടയുവാൻ മാത്രമേ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് സഹായിക്കൂ എന്ന നിലപാടിലായിരുന്നു ചൈന.

Latest News