കൊല്ലം - കൊല്ലം ജില്ലയിൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിനെ ചുട്ടുപൊള്ളിക്കുന്നത് ആഴക്കടൽ മത്സ്യബന്ധന വിവാദവും കശുവണ്ടി മേഖലയിലെ പ്രതിസന്ധിയുമാണ്. മൽസ്യ ബന്ധന വിവാദത്തെ ആഴത്തിൽ ബാധിക്കുന്ന തരത്തിൽ കൊല്ലം ലത്തീൻ രൂപതയുടെ ഇടയ ലേഖനം മന്ത്രി മേഴിസിക്കുട്ടിയമ്മ മൽസരിക്കുന്ന കുണ്ടറയിൽ മാത്രമല്ല തീരമേഖലകളായ കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ മണ്ഡലങ്ങളിലും പ്രതിഫലിക്കും.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിഭാഗവും വിജയിക്കുന്ന മുന്നണി സംസ്ഥാനത്ത് ഭരണത്തിലെത്തുന്നത് തെരഞ്ഞെടുപ്പ് ചരിത്രം കൂടിയാണ്.
കൊല്ലത്തെ ചെങ്കോട്ടയായി നിലനിർത്താൻ എൽ.ഡി.എഫും പഴയ പ്രതാപം തിരിച്ചുപിടിക്കാൻ യു.ഡി.എഫും സാന്നിധ്യമറിയിക്കാനായി എൻ.ഡി.എയും ഇത്തവണ കളം നിറഞ്ഞപ്പോൾ പോരാട്ടത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നു.
2016 ലെ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളും സ്വന്തമാക്കിയ ഇടതുമുന്നണിക്ക് അതിലൊന്നു കുറഞ്ഞാൽ വലിയ വില നൽകേണ്ടിവരും.
കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാമതെത്തിയ ചാത്തന്നൂർ ത്രികോണ മൽസരത്തിന്റെ പ്രതീതിയിലാണ്. മൂന്നാം തവണയും മൽസരത്തിനിറങ്ങിയ സി.പി.ഐയുടെ ജി.എസ്. ജയലാൽ വിജയ പ്രതീക്ഷയിലാണ്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തെ തുടർന്നുണ്ടായ അപസ്വരങ്ങൾ അസ്തമിച്ചതോടെ യു.ഡി.എഫ് സ്ഥാനാർഥിയായ എൻ. പീതാംബരക്കുറുപ്പും പ്രചാരണത്തിൽ മുമ്പിലാണ്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബി.ജെ.പി സ്ഥാനാർഥി ബി.ബി. ഗോപകുമാർ ശക്തമായ ഭീഷണിയാണ് ഇരു മുന്നണികൾക്കും ഉയർത്തുന്നത്. ഇരവിപുരത്ത് സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ. എ എം. നൗഷാദിന്റെ വിജയ പ്രതീക്ഷയ്ക്ക് തടയിട്ട് യു.ഡി.എഫ് സ്ഥാനാർഥി ബാബു ദിവാകരൻ ഒപ്പത്തിനൊപ്പമുണ്ട്. കൊല്ലത്ത് സിറ്റിങ് എം.എൽ.എ നടൻ എം. മുകേഷിന്റെ വിജയത്തിൽ ഇടതുമുന്നണി പ്രതീക്ഷ പുലർത്തുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
അന്തരിച്ച ചവറ എം.എൽ.എ എൻ. വിജയൻ പിള്ളയുടെ പിൻഗാമിയായി മത്സര രംഗത്തുള്ള മകൻ ഡോ.സുജിത്ത് ആർ.എസ്.പിയുടെ ഷിബു ബേബിജോണിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. എൻ.ഡി.എ സ്ഥാനാർഥിയും സീരിയൽ - സിനിമ നടനുമായ വിവേക് ഗോപന്റെ പ്രചാരണം ഇരുമുന്നണികൾക്കും ഭീഷണിയാണ്. സ്ഥാനാർഥി നിർണയത്തെ തുടർന്ന് പ്രവർത്തകരുടെ അമർഷം അണപൊട്ടിയ ചടയമംഗലത്ത് സി.പി.ഐ സ്ഥാനാർഥി ചിഞ്ചുറാണി വിജയ പ്രതീക്ഷയിലാണ്. എന്നാൽ സി.പി.ഐയുടെ കുത്തക മണ്ഡലത്തിൽ താഴേത്തട്ടിലുള്ള അടിയൊഴുക്കുകളിലാണ് യു.ഡി.എഫ് സ്ഥാനാർഥി എം.എം. നസീറിന്റെ പ്രതീക്ഷ.
ആഴക്കടൽ മൽസ്യബന്ധന വിവാദം ഇടതുമുന്നണിക്ക് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്ന കുണ്ടറയിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ പ്രതിരോധത്തിലാക്കി ഇ.എം.സി.സി എം.ഡി ഷിജു എം. വർഗീസ് സ്ഥാനാർഥിയായി രംഗത്തെത്തിയത് യു.ഡി.എഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. കുന്നത്തൂർ പട്ടികജാതി സംവരണ മണ്ഡലത്തിൽ ആർ.എസ്.പി ലെനിനിസ്റ്റിലെ പിളർപ്പും പ്രതിസന്ധിയും വോട്ടായി മാറിയാൽ യു.ഡി.എഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ വിജയിക്കുമെന്നാണ് ആർ.എസ്.പിയുടെ വിലയിരുത്തൽ.
കരുനാഗപ്പള്ളിയിൽ 2016 തെരഞ്ഞെടുപ്പിന്റെ ആവർത്തന മൽസരമാണെങ്കിലും സി.പി.ഐയിലെ അസ്വാരസ്യങ്ങൾ സിറ്റിങ് എം.എൽ.എ ആർ. രാമചന്ദ്രന് മറികടക്കേണ്ടതുണ്ട്. സി.പി.ഐ ഉറപ്പായും ഇവിടെ വിജയം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ 1700 ൽപരം വോട്ടിന് പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥി സി.ആർ. മഹേഷ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കൊട്ടാരക്കരയിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ. ബാലഗോപാലിനെതിരേ അട്ടിമറി വിജയമാണ് യു.ഡി.എഫ് സ്ഥാനാർഥിയായ കൊല്ലം ജില്ലാ പഞ്ചായത്തംഗം ആർ. രശ്മിയുടെ ലക്ഷ്യം. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന് കനത്ത വെല്ലുവിളിയാണ് യു.ഡി.എഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല ഉയർത്തിയിരിക്കുന്നത്.
മുസ്‌ലിം ലീഗ് സ്ഥാനാർഥി അബ്ദുറഹ്മാൻ രണ്ടത്താണി മൽസരിക്കുന്ന പുനലൂരിൽ സമീപകാലത്തെ യു.ഡി.എഫിന്റെ ഏറ്റവും മികച്ച പ്രചാരണമാണ് നടക്കുന്നത്. സി.പി.ഐയുടെ കുത്തക സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.എസ് സുപാൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.
മത്സ്യത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും മിക്ക മണ്ഡലങ്ങളുടെയും വിധി നിർണയിക്കുമ്പോൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം പ്രാദേശിക പ്രശ്‌നങ്ങളും ചർച്ചകളെ ചൂട് പിടിപ്പിച്ചുകഴിഞ്ഞു. പതിനഞ്ചു വർഷമായി ജില്ലയിൽ നിന്നൊരു എം.എൽ.എ ഇല്ലാത്ത കോൺഗ്രസിനും സംസ്ഥാനത്ത് നിലവിൽ ഒരു എം.എൽ.എ പോലുമില്ലാത്ത ആർ.എസ്.പിക്കും കൊല്ലത്ത് ഇത്തവണ പോരാട്ടം നിർണായകമാണ്.
കശുവണ്ടി, കർഷക, തോട്ടം, മത്സ്യത്തൊഴിലാളികൾ ഏറെയുള്ള ജില്ല എന്നും ഇടതുപക്ഷത്തിന് വളക്കൂറുള്ള മേഖലയാണ്. ഇതിന്റെ പിൻബലത്തിലാണ് 2016 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 11 മണ്ഡലങ്ങളും എൽ.ഡി.എഫ് തൂത്തുവാരിയത്.
2006 ൽ ജില്ലയിൽ നിന്നുള്ള ഏക യു.ഡി.എഫ് പ്രതിനിധി പത്തനാപുരത്ത് നിന്ന് ജയിച്ച കേരള കോണ്ഗ്രസ് ബിയിലെ കെ.ബി ഗണേഷ് കുമാർ മാത്രമായിരുന്നു. 2011 ൽ പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാർ വീണ്ടും ജയിച്ചപ്പോൾ ചവറയിൽ ആർ.എസ്.പിയുടെ ഷിബു ബേബി ജോണും വിജയിച്ചു. 2016 ആയപ്പോഴേക്കും കേരള കോൺഗ്രസ് ബി ഇടതുപക്ഷത്തേക്ക് പോയി. ചവറയിൽ ആർ.എസ്.പി കൂടി തോറ്റതോടെ ജില്ലയിൽ യു.ഡി.എഫ് സംപൂജ്യരായി.
സംസ്ഥാനത്ത് ആകെ ഒരു സീറ്റ് ലഭിച്ച ആർ.എസ്.പി ലെനിനിസ്റ്റ് കുന്നത്തൂരിലും ജയിച്ചു. താരപ്രഭയിൽ കൊല്ലത്തിറങ്ങിയ നടൻ മുകേഷും തോറ്റില്ല. ആർ.എസ്.പിയുടെ സീറ്റായ ഇരവിപുരം നൗഷാദിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തു. ഒരംഗത്തെ പോലും നിയമസഭയിലെത്തിക്കാൻ ആർ.എസ്.പിക്ക് കഴിഞ്ഞില്ല.
നാല് സീറ്റുകളിൽ വീതം വിജയിച്ച് ഇടതുപക്ഷത്ത് സി.പി.എമ്മും സി.പി.ഐയും കരുത്ത് കാട്ടി. കോൺഗ്രസ് പ്രമുഖരെല്ലാം തോൽവിയേറ്റു വാങ്ങിയതും ചരിത്രം. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കൊല്ലം കോർപറേഷനിൽ 55 വാർഡുകളിൽ 39 ഉം പിടിച്ച എൽ.ഡി.എഫാണ് ഭരണത്തിൽ. യു.ഡി.എഫിന് ഒമ്പത് വാർഡുകളിൽ മാത്രമാണ് ജയിക്കാനായത്. എൻ.ഡി.എ ആറിടത്തും വിജയിച്ചു. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 26 ൽ 23 സീറ്റും എൽ.ഡി.എഫിനാണ്. മൂന്ന് പ്രതിനിധികൾ മാത്രമാണ് യു.ഡി.എഫിനുള്ളത്. നാല് മുനിസിപ്പാലിറ്റികളിൽ മൂന്നിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫും ഭരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ പത്തിടത്ത് എൽ.ഡി.എഫ് ജയിച്ചപ്പോൾ യു.ഡി.എഫിന് ജയിക്കാനായത് ഒരിടത്ത് മാത്രമാണ്.
ജില്ലയിൽ ആകെയുള്ള 68 പഞ്ചായത്തുകളിൽ 44 എൽ.ഡി.എഫും 22 ഇടത്ത് യു.ഡി.എഫും ഭരിക്കുന്നു. രണ്ട് പഞ്ചായത്തുകളിൽ ഭരണം എൻ.ഡി.എക്കാണ്. സ്ഥാനാർഥി നിർണയം മുതൽ കരുതലോടെ നീങ്ങുന്ന യു.ഡി.എഫിന് ആത്മവിശ്വാസത്തിന് കുറവൊട്ടുമില്ല.