കൊച്ചി - എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജക മണ്ഡലം ഒരു പക്ഷേ രാജ്യമാകെ ശ്രദ്ധിക്കാൻ പോകുന്ന ഒരു പുത്തൻ രാഷ്ട്രീയ പരീക്ഷണത്തിന്റെ ലബോറട്ടറിയാണ്. ഒരു കോർപറേറ്റ് കമ്പനിയുടെ ഉടമക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ സ്വന്തമായി പാർട്ടിയുണ്ടാക്കി നിയസഭയിലോ ഭാവിയിൽ ലോക്‌സഭയിലോ എത്താൻ കഴിയുമോ എന്ന പരീക്ഷണമാണ് ട്വന്റി 20 എന്ന സംഘടന കുന്നത്തുനാട്ടിലും ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലും നടത്തുന്നത്. കിറ്റെക്‌സ് കമ്പനിയുടെ ആസ്ഥാനമായ കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തുനാട്ടിൽ കിറ്റെക്‌സ് ഉടമയും ട്വന്റി 20യുടെ സാരഥിയുമായ സാബു ജേക്കബ് സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി കളംനിറഞ്ഞ് കളിക്കുകയാണ്. പ്രചാരണ രംഗത്ത് മൂന്നു മുന്നണികൾക്കൊപ്പമോ ഒരുപടി മുകളിലോ നിൽക്കാൻ ട്വന്റി 20ക്ക് കഴിയുന്നത് കിറ്റെക്‌സ് ഉടമ ഇറക്കുന്ന പണത്തിന്റെ കൊഴുപ്പു കൊണ്ട് കൂടിയാണ്. എന്തായാലും കുന്നത്തു നാട്ടിലെ രാഷ്ട്രീയ പരീക്ഷണം വിജയിക്കാനുള്ള സാധ്യത ഇപ്പോൾ ആരും തള്ളിക്കളയുന്നില്ല. ഏറ്റവും ഒടുവിൽ വന്ന പ്രമുഖ ചാനലിന്റെ പ്രിപോൾ സർവെ കാണിക്കുന്നത് കുന്നത്തുനാട്ടിൽ മത്സരം ട്വന്റി 20യും യു ഡി എഫും തമ്മിലാണെന്നാണ്. യു ഡി എഫും ട്വന്റി 20യും അവിടെ ഒപ്പത്തിനൊപ്പം നിൽക്കുന്നു. ട്വന്റി 20 അട്ടിമറി വിജയം നേടിയാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പുതിയൊരു തുടക്കമായി മാറും. കുന്നത്തുനാട് മാതൃക ഇന്ത്യയിലെ ശതകോടീശ്വരൻമാരായ കോർപറേറ്റ് മുതലാളിമാർക്ക് വിജയകരമായി ആവർത്തിക്കാം.
നിയമസഭാ തെരഞ്ഞെടുപ്പു വിജയം ട്വന്റി 20ക്ക് അസാധ്യമൊന്നുമല്ലെന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. കിറ്റെക്‌സ് കമ്പനി സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ പേരിൽ നിരന്തര സമരം നടക്കുകയും പഞ്ചായത്ത് ഭരണസമിതി കിറ്റെക്‌സിനെതിരായ നിലപാടെടുക്കുകയും ചെയ്തതിനെ തുടർന്ന് ഒരു ഘട്ടത്തിൽ കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് കമ്പനി മാറ്റാൻ വരെ ആലോചിച്ചിടത്തു നിന്നാണ് പുതിയൊരു രാഷ്ട്രീയ തന്ത്രം പയറ്റി നോക്കാൻ കിറ്റെക്‌സ് ഉടമ തീരുമാനിച്ചത്. കിറ്റെക്‌സിനെതിരെ കടുത്ത നിലപാടെടുക്കുന്ന കിഴക്കമ്പലം പഞ്ചായത്തിനെ തന്നെ സ്വന്തമാക്കുക എന്ന ആശയം മനസ്സിൽ വിരിഞ്ഞതോടെ 2012 ൽ സാബു ജേക്കബ് ട്വന്റി 20 എന്ന സംഘടനക്ക് രൂപം നൽകി. സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വീടുവീടാന്തരം ആനുകൂല്യങ്ങൾ ലഭ്യമാക്കി വോട്ടർമാരെ കൈയിലെടുത്ത ട്വന്റി 20 2015 ൽ കിഴക്കമ്പലം പഞ്ചായത്തിന്റെ അധികാരം യു ഡി എഫിൽ നിന്ന് പിടിച്ചെടുത്തു.
കേരള രാഷ്ട്രീയം ഉറ്റുനോക്കിയ അട്ടിമറിയായിരുന്നു ഇത്. ഇതൊരു ഒറ്റപ്പെട്ട പ്രതിഭാസമാണെന്ന് വിലയിരുത്തിയവരെ ട്വന്റി 20യും സാബു ജേക്കബും ഈ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും ഞെട്ടിച്ചു. കുന്നത്തുനാട് നിയോജ മണ്ഡലത്തിൽ പെട്ട നാല് പഞ്ചായത്തുകളിലാണ് ട്വന്റി 20 അധികാരം പിടിച്ചെടുത്തത്. 43,000 ത്തോളം വോട്ടുകൾ മണ്ഡലത്തിലാകെ പിടിക്കാനും അവർക്ക് കഴിഞ്ഞു. ഈ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്വന്റി 20 തീരുമാനിച്ചതും പ്രമുഖരെ അടക്കം ഉൾപ്പെടുത്തി സംഘടനയെ ജില്ലയിലാകെ വ്യാപിപ്പിച്ചതും. ജില്ലയിലെ പല മണ്ഡലങ്ങളിലും ട്വന്റി 20 പിടിക്കുന്ന വോട്ടുകൾ മുന്നണി സ്ഥാനാർഥികളുടെ വിധി നിർണയിക്കുമെന്നാണ് വിലയിരുത്തലുകൾ വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കുന്നത്തുനാട്ടിൽ അവർ മത്സരിക്കുന്നത് വിജയിക്കാൻ മാത്രമായാണ്. അടുത്ത നിയമസഭയിൽ ട്വന്റി 20യുടെ പ്രതിനിധി ഉണ്ടാകുമെന്ന ഉറച്ച വിശ്വാസമാണ് കിറ്റെക്‌സ് ഉടമക്കുള്ളത്. ഡോ. സുജിത് പി. സുരേന്ദ്രനാണ് ട്വന്റി 20 സ്ഥാനാർഥി. ബംഗളൂരുവിൽ പ്രസിഡൻസി യൂനിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് ലോയിൽ അസോസിയേറ്റ് പ്രൊഫസറാണ് സുജിത്.
യു ഡി എഫിന്റെ കുത്തക സീറ്റ് കൈവിട്ടു പോകാതെ കാത്തുസൂക്ഷിച്ച് ഹാട്രിക് വിജയം സ്വന്തമാക്കാനുള്ള അതിതീവ്ര ശ്രമത്തിലാണ് രണ്ടു വട്ടം എം എൽ എയായി തുടരുന്ന വി പി സജീന്ദ്രൻ. പത്തു വർഷം കൊണ്ട് മണ്ഡലത്തിൽ കൊണ്ടുവന്ന വികസനങ്ങളുടെ പേരിലാണ് സജീന്ദ്രൻ വോട്ട് തേടുന്നത്. ട്വന്റി 20 നേതൃത്വവുമായി വി പി സജീന്ദ്രനും കോൺഗ്രസ് നേതാക്കളും അനുനയ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും കുന്നത്തുനാട് പിടിക്കാനുറപ്പിച്ചിരിക്കുന്ന സാബു ജേക്കബ് വഴങ്ങിയിരുന്നില്ല. ദേശീയ സംസ്ഥാന നേതാക്കളെല്ലാം സജീന്ദ്രന് വേണ്ടി കുന്നത്തുനാട്ടിൽ പ്രചാരണത്തിനുണ്ട്. മുഴുവൻ ആയുധങ്ങളും വിന്യസിച്ചുള്ള പോരാട്ടമാണ് യു ഡി എഫ് നടത്തുന്നത്. ശക്തമായ ത്രികോണ മത്സരമായതിനാൽ പ്രചാരണത്തിൽ അൽപം പോലും വിട്ടുവീഴ്ച ചെയ്യാൻ യു ഡി എഫ് തയാറല്ല. 2011 ലാണ് സജീന്ദ്രൻ കുന്നത്തുനാട്ടിൽ നിന്ന് ആദ്യമായി വിജയിച്ചത്. അന്ന് ഭൂരിപക്ഷം 8732 വോട്ടായിരുന്നു. എന്നാൽ 2016 ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 2679 ആയി കുറഞ്ഞത് അവരെ കുറച്ചൊന്നുമല്ല വേവലാതിപ്പെടുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി 20 ഇല്ലാതിരുന്നിട്ടും ഇത്ര ചെറിയ ഭൂരിപക്ഷമാണ് നേടാൻ കഴിഞ്ഞതെങ്കിൽ ഇക്കുറി ശരിക്കും ഭയക്കേണ്ടതുണ്ടെന്നാണ് യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഒരു ജീവൻമരണ പോരാട്ടത്തിന്റെ വീറുംവാശിയും കുന്നത്തുനാട്ടിലുണ്ട്.
യു ഡി എഫിന്റെ കുത്തക സീറ്റ് പിടിക്കാൻ എൽ ഡി എഫ് നിയോഗിച്ച അഡ്വ. പി വി ശ്രീനിജനും മണ്ഡലത്തിൽ പ്രചണ്ഡമായ പ്രചാരണം നടത്തുന്നുണ്ട്. ട്വന്റി 20യുടെ സാന്നിധ്യം യു ഡി എഫിൽ വോട്ടു ചോർച്ചയുണ്ടാക്കുമെന്നും ഇടതുമുന്നണിക്ക് അട്ടിമറി വിജയം നേടാനാകുമെന്നുമാണ് ശ്രീനിജന്റെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകൾ ട്വന്റി 20 പിടിച്ചപ്പോൾ തിരുവാണിയൂർ, വടവുകോട്, പുത്തൻകുരിശ് എന്നീ പഞ്ചായത്തുകളിൽ ഇടതുമുന്നണിയാണ് വിജയിച്ചത്. പൂതൃക്ക, വാഴക്കുളം പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ഭരണത്തിലുള്ളത്. ഇടതു സർക്കാരിന്റെ ഭരണ നേട്ടത്തിലാണ് പ്രചാരണ രംഗത്ത് എൽ ഡി എഫ് ഊന്നൽ നൽകുന്നത്. ശ്രീനിജന്റെ വ്യക്തിപരമായ മികവ് ഉയർത്തിപ്പിടിക്കാൻ കഴിയില്ലെന്നത് ഇടതിന്റെ പോരായ്മയാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മകനായ ശ്രീനിജൻ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി ഒടുവിൽ പിതാവിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ ഉൾപ്പെട്ട് പാർട്ടി വിട്ട ശേഷമാണ് സി പി എമ്മുമായി അടുത്തതും പാർട്ടിക്കാരനായി മാറിയതും. ബി ജെ പി സംസ്ഥാന സെക്രട്ടറി രേണു സുരേഷാണ് ഇവിടെ എൻ ഡി എ സ്ഥാനാർഥി.
2016 നിയമസഭയിൽ യു.ഡി.എഫ് 65,445, എൽ.ഡി.എഫ് 62,776, എൻ.ഡി.എ 16459 എന്നിങ്ങനെയാണ് വോട്ട് വിഹിതം. തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് വോട്ട് വിഹിതം 52,497 ആയി ചുരുങ്ങി. എൽ ഡി എഫ് വോട്ട് 51,927 ആയി കുറഞ്ഞു. എൻ ഡി എ വോട്ട് 16,459 ൽ നിന്ന് 13,933 ആയി. മൂന്നു മുന്നണികൾക്കും നഷ്ടം സംഭവിച്ചപ്പോൾ ട്വന്റി നേടിയത് 39,164 വോട്ടുകളാണ്. 1965 ൽ രൂപീകൃതമായ കുന്നത്തുനാട് മാറി മാറി ഇരുമുന്നണികളെയും വിജയിപ്പിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ ഒരു പൊതുസ്വഭാവം യു.ഡി.എഫിന് അനകൂലമായിരുന്നു. 13 തെരഞ്ഞെടുപ്പുകൾ നടന്നതിൽ എട്ടിലും യു.ഡി.എഫാണ് ജയിച്ചത്.