വിമാനത്തില്‍ ലൈംഗികാതിക്രമം; ദംഗല്‍ നായിക പൊട്ടിക്കരയുന്നു  (video)

ന്യൂദല്‍ഹി- ദംഗല്‍ സിനിമയിലെ  നായിക സൈറ വസീമിനു നേരെ വിമാനത്തില്‍വെച്ച് ലൈംഗികാതിക്രമം. ദല്‍ഹിയില്‍ നിന്ന്മുംബൈയിലേക്കുള്ള യാത്രക്കിടയില്‍ എയര്‍ വിസ്താര വിമാനത്തിലാണ് സൈറക്കു നേരെ പീഡനശ്രമം നടന്നത്. സമുംബൈയിലെത്തിയ സൈറ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റാഗ്രാം ലൈവ് വീഡിയോയിലൂടെയാണ് വിവരം പുറംലോകം അറിയുന്നത്. 
വീഡിയോയില്‍ കരഞ്ഞുകൊണ്ടാണ് സംഭവത്തെക്കുറിച്ച് സൈറ വിവരിക്കുന്നത്. യാത്രക്കിടയില്‍ സൈറയുടെ സീറ്റിന്റെ ആം റെസ്റ്റില്‍ സഹയാത്രികന്‍ കാല്‍ കയറ്റി വെക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ വിമാനം ഇളകുന്നതിനാലാണ് താന്‍ കാലു കയറ്റി വെച്ചതെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തു. 


പിന്നീട് ചെറിയ മയക്കത്തിലേക്ക് വീണ തന്റെ കഴുത്തില്‍ അയാള്‍ തടവുന്നത് അറിഞ്ഞാണ് താന്‍ ഞെട്ടിയുണര്‍ന്നതെന്നും അയാളുടെ ഉപദ്രവം റെക്കോര്‍ഡ് ചെയ്യാന്‍ നോക്കിയെങ്കിലും വെളിച്ചം കുറവായതിനാല്‍ സാധിച്ചില്ലെന്നും സൈറ പറയുന്നു. 
വിമാനം നിലത്തിറങ്ങിയ ഉടന്‍ സൈറ ഇന്‍സ്റ്റാഗ്രാമിലൂടെ വിവരം പുറത്തറിയിക്കുകയായിരുന്നു. ഇത് അവസാനിച്ചിട്ടില്ല. ഞാന്‍ വളരെ അസ്വസ്ഥയാണ് . ഇങ്ങനെയാണോ നിങ്ങള്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത്. ഇങ്ങനെയൊരു അനുഭവം ഒരാള്‍ക്കും ഉണ്ടാകരുത്. ഇത് ഭയപ്പെടുത്തുന്നതാണ്-സൈറ പറഞ്ഞു. 
വിസ്താരയിലെ ജോലിക്കാരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള സഹായവും തനിക്ക് ലഭിച്ചില്ലെന്നും സൈറ കുറ്റപ്പെടുത്തുന്നു. വിമാനത്തില്‍വെച്ച് തനിക്ക് റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.
വീഡിയോ പുറത്തു വന്നതോടെ വിശദമായ അന്വേഷണം നടത്തുമെന്ന്  എയര്‍ വിസ്താര അറിയിച്ചു. എന്നാല്‍ മുംബൈ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ല.

Latest News