വാഷിംഗ്ടണ്‍- ദല്‍ഹിയില്‍ ഊബര്‍ ടാക്‌സി ഡ്രൈവറുടെ ബലാത്സംഗത്തിനിരയായ യുവതി അമേരിക്കയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒടുവില്‍ ടാക്‌സി കമ്പനി സമ്മതിച്ചു. ദല്‍ഹി പോലീസില്‍നിന്ന് തന്റെ മെഡിക്കല്‍ പരിശോധനാ രേഖകള്‍ കമ്പനി കരസ്ഥമാക്കിയെന്ന് ആരോപിച്ചാണ് യുവതി സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയെ സമീപിച്ചത്.
2014-ല്‍ ദല്‍ഹിയില്‍ നടന്ന സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. 2015 ല്‍ ഊബറിനെതിരെ അമേരിക്കയില്‍തന്നെ നല്‍കിയ കേസില്‍ ഒത്തുതീര്‍പ്പായിരുന്നെങ്കിലും അനധികൃതിമായി മെഡിക്കല്‍ രേഖകള്‍ കരസ്ഥമാക്കിയ കാര്യം ചൂണ്ടിക്കാട്ടി യുവതി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
ഊബര്‍ എക്‌സിക്യുട്ടീവ് ദല്‍ഹി പോലീസിനെ സ്വാധീനിച്ച് രഹസ്യ മെഡിക്കല്‍ രേഖകള്‍ വാങ്ങി കമ്പനി സൂക്ഷിച്ചുവെന്നായിരുന്നു ഹരജിയിലെ ആരോപണം. ഹരജി സമര്‍പ്പിക്കുമ്പോള്‍ യുവതി അമേരിക്കയിലായിരുന്നു താമസം. ഒത്തുതീര്‍പ്പിന്റെ വിശദാംശങ്ങള്‍ കോടതി രേഖയില്‍ വ്യക്മാക്കിയിട്ടില്ല. വിശദവിവരങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ കാര്‍ കമ്പനിയും വെളിപ്പെടുത്തിയില്ല.
കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനിയുടെ പുതിയ സി.ഇ.ഒ ആയി ഡാര ഖൊസ്രോഷാഹി ചുമതലയേറ്റ ശേഷം നേരത്തെ കമ്പനിയെ വിവാദത്തിലാക്കിയ പല സംഭവങ്ങളിലും ഒത്തുതീര്‍പ്പുണ്ടാക്കി വരികയാണ.്
ദല്‍ഹിയില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ മുന്‍ സി.ഇ.ഒ ട്രാവിസ് കലാനിക്കും മറ്റു ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഹരജിയല്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മെഡിക്കല്‍ രേഖകള്‍ കരസ്ഥമാക്കിയത്.
ഇരയാക്കപ്പെട്ട വനിതയോട് പരസ്യമായി ഖേദപ്രകടനം നടത്തിയെങ്കിലും ബിസിനസ് തകര്‍ക്കുന്നതിന് ഒല കമ്പനിയുമായി ചേര്‍ന്ന് അവര്‍ നടത്തിയ നാടകമാണെന്നാണ് ഊബര്‍ കരുതിയിരുന്നത്.
ബലാത്സംഗ കഥ താനൊരിക്കലും വിശ്വസിക്കില്ലെന്നാണ് ട്രാവിസ് കലാനിക്ക് മറ്റു എക്‌സിക്യുട്ടീവുകളോട് പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.