Sorry, you need to enable JavaScript to visit this website.

സനു മോഹന്‍ എവിടെ, ദുരൂഹതയുടെ ചുരുളഴിക്കാന്‍ പോലീസ്

കൊച്ചി-മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി ഡി.സി.പി ഐശ്വര്യ ദോംഗ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ സനു മോഹനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കടന്നുപോയത് സനുവിന്റെ വാഹനമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതില്‍ ഇയാളുണ്ടായിരുന്നുവോയെന്ന് കൃത്യമാക്കാനായിട്ടില്ലെന്നും ഡി.സി.പി പറഞ്ഞു. സനു മോഹന്റെ സാമ്പത്തിക ഇടപാട്, കുടുംബ പശ്ചാത്തലം, ഇതര സംസ്ഥാന ബന്ധം എന്നിവ അന്വേഷിക്കും. സനുവിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ സാമ്പത്തിക കേസുകളുള്ളതായാണ് സൂചന. ഇയാളുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പൂനെ പോലീസില്‍നിന്ന് ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ ടീമാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു ടീം തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. എറണാകുളം ഗോശ്രീ പാലത്തിന് സമീപം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം സനു മോഹന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഡി.സി.പി പറഞ്ഞു.
സനു മോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധാനത്തിനു പിന്നില്‍ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഒരു സംഘം അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനാകാതെ മടങ്ങിയിരുന്നു.
കുട്ടിയെ പിതാവ് മാര്‍ച്ച് 21ന് രാത്രി മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ തള്ളിയിട്ട ശേഷം തമിഴ്‌നാട്ടിലേക്കു കടന്നതായാണ് പോലീസ് സംശയിക്കുന്നത്. സനുവിന്റെ മൊബൈല്‍ ഫോണ്‍ കാണാതായതിലും ദുരൂഹതയുണ്ട്. ഇതിനിടെ കുട്ടിയെ അബോധാവസ്ഥയിലാണ് സംഭവ ദിവസം രാത്രി കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍നിന്ന് സനു കൊണ്ടുപോയിട്ടുള്ളതെന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയുടേത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ.
സംഭവം പിതാവ് ആസൂത്രണം ചെയ്തതായാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍നിന്നു ലഭിക്കുന്ന സൂചന. കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലാണ് സനുവും കുടുംബവും അഞ്ചു വര്‍ഷമായി താമസിച്ചിരുന്നത്. കഴിഞ്ഞ 21ന് വൈകീട്ട് സനു ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണ് എന്നു പറഞ്ഞാണ് മകളുമായി ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. ഇതിന് രണ്ടു ദിവസം മുമ്പേ തന്റെ ഫോണ്‍ കേടാണെന്നു പറഞ്ഞ് ഭാര്യയുടെ ഫോണാണ് സനു ഉപയോഗിച്ചിരുന്നത്. കാണാതായതിന്റെ പിറ്റേന്നാണ് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയത്.

 

Latest News