കോഴിക്കോട്- കേരളത്തില്‍ ഭരണമാറ്റം ഉണ്ടായില്ലെങ്കില്‍ അതിന്റെ ഗുണം ബി.ജെ.പി നേടുമെന്ന് മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
എലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തലകുളത്തൂര്‍ പറമ്പത്ത് നടത്തിയ പൊതു യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ അവസരം കൊടുക്കുകയാണ്. പ്രതിപക്ഷത്ത് ബി.ജെ.പിക്ക് സീറ്റ് കിട്ടിയാലും സാരമില്ല, കോണ്‍ഗ്രസ് നശിക്കുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ വേണ്ട വിധത്തില്‍ പദ്ധതികള്‍ ഉപയോഗിക്കാന്‍ പറ്റാത്തതിന്റെ കാരണം ബി.ജെ.പിയുമായി കേരള സര്‍ക്കാര്‍ നടത്തുന്ന ഒത്തുതീര്‍പ്പാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കാതെ വരുകയും സംസ്ഥാനം കടക്കെണിയില്‍ ആവുകയും ചെയ്തു. കണ്ണുകൊണ്ട് കാണാന്‍ പറ്റുന്ന ഏതെങ്കിലും പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പദ്ധതികള്‍ പേര് മാറ്റിയാണ് സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയത്. നിലവില്‍ ഈ സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല. നിഷ്‌ക്രിയമായ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടമായതായും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.






