Sorry, you need to enable JavaScript to visit this website.

മൽബു കഥ / പച്ച സാരിക്ക് രണ്ട് ഗുണം 

സ്വന്തം ഫഌറ്റിലെ ഉറക്കം ഉപേക്ഷിച്ച ഹമീദ് ഒരു ഇന്തോനേഷ്യക്കാരിക്കൊപ്പം ഷോപ്പിംഗ് മാളിൽനിന്ന് ഇറങ്ങുന്നതു കണ്ടു. ആ നാട്ടിലെ സ്ത്രീകൾ പാവങ്ങളാണെന്നും അവരെ ചൂഷണം ചെയ്യാനെളുമപ്പമാണെന്നുമുള്ള ഒരു തിയറിയും അതോടൊപ്പം ഉടലെടുത്തു. 
ഇത്തരം അപവാദങ്ങളുടെ ഉറവിടം സ്വന്തം ഫഌറ്റ് തന്നെയാണെന്ന് ഹമീദ് ഉറച്ചു വിശ്വസിക്കുന്നു. അതോടൊപ്പം കേൾക്കുന്ന കഥകൾ ആസ്വദിക്കുകയും ചെയ്യുന്നു. നാളെ ഒരു പക്ഷേ ഞാൻ ഒരു ഇംഗ്ലണ്ടുകാരിക്കൊപ്പം മാളിൽ നിന്നിറങ്ങും. ആളുകൾ കണ്ണിലെണ്ണയൊഴിച്ച് നോക്കുകയാണല്ലോ. അങ്ങനെ ഓരോ ദിവസം ഓരോ രാജ്യക്കാരോടൊപ്പം. എല്ലാ നാടുകളിലെയും സാധനങ്ങൾ നിറച്ചുവെച്ചിരിക്കുന്ന സൂപ്പർ മാർക്കറ്റിലെ ഷെൽഫുകൾ മാത്രമല്ല, അവ വാങ്ങാനെത്തുന്നവർ പല നാട്ടുകാരാണെന്ന പ്രത്യേകതയും ഈ നാടിനുണ്ട്. 
ആളുകൾ പലതും പറയും. അത് വിശ്വസിക്കാൻ നമ്മൾ സാഹചര്യമുണ്ടാക്കരുത്. സൂക്ഷിക്കേണ്ടതു നമ്മൾ തന്നെയാണ്.


രാത്രിയായാൽ എവിടെ പോകുന്നുവെന്ന് പറഞ്ഞാൽ തീരുന്നതല്ലേ ഈ പ്രശ്‌നങ്ങൾ: മൽബു ഹമീദിനോട് പറഞ്ഞു.
ഇത്രയും കാലം എന്നോടൊപ്പം കഴിഞ്ഞവർക്കും ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ചവർക്കും എന്നെ കുറിച്ചുള്ള കഥകൾ വിഴുങ്ങാൻ കഴിയുന്നുണ്ടെങ്കിൽ വിഴുങ്ങട്ടെ. ഖല്ലീ വല്ലീ.. കൂസലില്ലാതെ ഹമീദ്.
ഫഌറ്റിലെ അന്തേവാസികൾക്കെതിരെ കാടടച്ചാണ് അവൻ പറയുന്നതെങ്കിലും ഉന്നയിക്കുന്ന തിയറികളിൽ തനിക്കെതിരേയും ഓരോ കുത്തില്ലേയെന്ന് മൽബു സംശയിക്കുന്നു, അതല്ല ഉറച്ചു വിശ്വസിക്കുന്നു. 


ഹമീദ് ഇപ്പോൾ വറെ എവിടെയോ ആണ് താമസമെന്ന് മൽബിയോട് പറഞ്ഞതാണ് കുഴപ്പമായത്. മൽബി അത് മിസിസ് ഹമീദിനോട് നേരിട്ടു ചോദിക്കുകയും ചെയ്തു. തൽക്കാലം ആരോടും പറയരുതെന്ന് മൽബിയോട് ശട്ടം കെട്ടാത്തത് തന്റെ കുഴപ്പം തന്നെയാണെന്ന് മൽബുവിനറിയാം. സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ.
ആളുകളെ ഇങ്ങനെ കുഴപ്പത്തിലാക്കി അവൻ എങ്ങോട്ട് പോകുന്നുവെന്നതിന്റെ രഹസ്യം കണ്ടുപിടിക്കാൻ നാട്ടിൽ മൽബിയെ ഏൽപിച്ചിട്ട് ദിവസങ്ങളായി. ഫഌറ്റിൽ കൂടെ താമസിക്കുന്നവരിൽനിന്ന് മറച്ചുപിടിക്കുന്ന കാര്യം ഹമീദ് മിസിസിനോട് പറഞ്ഞിട്ടുണ്ട്. ആ രഹസ്യം കണ്ടുപിടിച്ച് പറഞ്ഞുതന്നാൽ വീട്ടുകാരിക്ക് ഒരു പച്ച സാരി ഓഫർ ചെയ്തിരിക്കയാണ് മൽബു. 


ഓൺലൈൻ ഷോപ്പിംഗിൽ കണ്ട പച്ചസാരിയിലേക്ക് മൽബിയെ ആകർഷിച്ചത് എന്താണെന്ന് വ്യക്തമല്ലെങ്കിലും അതു വാങ്ങാൻ സമ്മതിച്ചതിനു പിന്നിൽ മൽബുവിന് മറ്റൊരു  ലക്ഷ്യം കൂടിയുണ്ട്. 
ആദ്യത്തെ ലക്ഷ്യം ഹമീദിന്റെ രഹസ്യ യാത്ര കണ്ടെത്തുക തന്നെ. രണ്ടാമത്തേതും ഫ് ളാറ്റിൽ സംഭവിച്ച കാര്യം തന്നെ. അതാകട്ടെ, എല്ലാ ഇലക്ഷൻ കാലത്തും ഉണ്ടാകുന്നതാണുതാനും. അതുവരെ ഒരമ്മ പെറ്റവരെ പോലെ കഴിഞ്ഞുപോന്നിരുന്ന പ്രവാസികൾ ഇലക്ഷൻ കാലമായാൽ കുറച്ചു നാളത്തേക്ക് ഓരോ കംപാർട്ട്‌മെന്റിലാകും. സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരമില്ലെങ്കിലും ടി.വിക്കു മുന്നിൽ സമയം വിനിയോഗിച്ച് സ്വന്തം പാർട്ടികളിൽ അഭിമാനം കൊള്ളുന്ന ദിവസങ്ങളാണത്. ഫേസ് ബുക്കിൽ പ്രൊഫൈൽ ചിത്രങ്ങളും മറ്റും മാറ്റുന്ന കാലം. 
ചില യാഥാർഥ്യങ്ങൾ വിളിച്ചുപറഞ്ഞതിനെ തുടർന്ന് റൂമിലെ ചിലർ ഒരു ചുവന്ന ഷാൾ കൊണ്ട് മൽബുവിനെ കെട്ടിവരിഞ്ഞിട്ടുണ്ട്. അതൊന്ന് തിരുത്തണം. തെരഞ്ഞെടുപ്പ് കാലമായതിനാൽ നാട്ടിൽ മൽബിയെ പോലും പച്ച സാരിയാണ് ഉടുപ്പിക്കുന്നതെന്ന് വിശ്വസിപ്പിച്ചാൽ  തെറ്റിദ്ധാരണ ഈസിയായി തിരുത്താൻ പറ്റും. 


എത്ര പെട്ടെന്നാണ് ആളുകൾ ബ്രാൻഡ് ചെയ്യപ്പെടുന്നത്. എവിടെ പോയി ജാതിമത കക്ഷിരാഷ്ട്രീയ ചിന്തക്കപ്പുറമുള്ള പ്രവാസികളുടെ സാഹോദര്യം. സങ്കടപ്പെടാനൊന്നുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനപ്രതിനിധികൾ അവരവരുടെ കാര്യങ്ങൾ നോക്കിത്തുടങ്ങുമ്പോൾ ഇവിടെ വീണ്ടും ഒരുമയും ഐക്യവും പൂവണിയും. 
പ്രസംഗത്തിനുള്ള പോയന്റുകൾ ഇങ്ങനെ വന്നുകൊണ്ടിരിക്കേ ഫോൺ പാട്ടു കേൾപ്പിച്ചു. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു....മൽബിയുടെ ഫോണാണ്. 
എന്തായി ഹമീദിന്റെ രഹസ്യം കിട്ടിയോ?


ട്രൈ ചെയ്യുന്നുണ്ട്, ഉടൻ കിട്ടും. പക്ഷേ സാരി രണ്ടെണ്ണം വാങ്ങേണ്ടിവരും.
അതെന്താ?
ഒന്ന് അവൾക്ക് കൊടുക്കണം.
ആർക്ക്?
നിങ്ങൾക്ക് രഹസ്യം അറിയണ്ടേ. ചുമ്മാ കാര്യങ്ങൾ നടക്കില്ല.
അതിനല്ലേ നിനക്ക് ഒരു സാരി ഓഫർ ചെയ്തത്. 
അതു പോരാ. ഒരു സമ്മാനം അവൾക്കും കൊടുക്കണം. മിസിസ് ഹമീദിന്. കുറെ ആയില്ലേ അൾക്ക് ഒരു ഹദിയ കൊടുത്തിട്ട്. കഴിഞ്ഞയാഴ്ച ഞാൻ പറഞ്ഞപ്പോൾ തന്നെ സാരി വാങ്ങിയിരുന്നെങ്കിലോ ഒന്നിനൊന്ന് ഫ്രീ ഉണ്ടായിരുന്നു. 
നിനക്കല്ലേ ഓഫർ ചെയ്തത്. നീ വാങ്ങിയാൽ മതി.


നിങ്ങൾക്ക് രഹസ്യം അറിയണോ.. ഇത് ലാസ്റ്റ് ചോദ്യമാണ്. വേണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോ. എനിക്ക് പച്ച സാരി നിർബന്ധമൊന്നുമില്ല. 
അറിയണം.. അത്യാവശ്യമാണ്.
എന്നാൽ മിസിസ് ഹമീദിനെ കാണാൻ പോകുമ്പോൾ അവൾക്കൊരു സാരി കൊടുക്കണം. 
ഒ.കെ സമ്മതിച്ചു. നാളെ തന്നെ പോണം.
ഓർഡർ ചെയ്ത സാരി എത്തിയ ഉടൻ പോകും. കുറച്ചു ദിവസം കൂടി ക്ഷമിക്കൂ. രഹസ്യം കണ്ടുപിടിച്ചിരിക്കും. 

Latest News