Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.ഡി.എഫിന് പുതുവഴി കാണിക്കാൻ പ്രിയങ്ക

പ്രിയങ്കാ ഗാന്ധിയോടൊപ്പം കോൺഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാർഥി അരിത ബാബു.   

എൽ.ഡി.എഫ് അജണ്ടക്ക് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം വരെ യു.ഡി.എഫ്. രാഷ്ട്രീയ സൂത്രശാലിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിലും നോക്കിലും സൃഷ്ടിക്കപ്പെടുന്ന അജണ്ടയുടെ പിന്നാലെ നടന്നവർ മറ്റൊരു വഴിക്കെത്തുകയാണെന്ന് തോന്നുന്നു. അതിനവർ നന്ദി പറയേണ്ടത്  കേരള കോൺഗ്രസ് നേതാവും അവരുടെ മുൻ എം.പിയുമായ ജോയ്‌സ് ജോർജിനോടാണ്. ഇടുക്കിയിലെ ഇരട്ടയാറിൽ പ്രസംഗിക്കുമ്പോൾ ആവേശം കയറിയ ജോയ്‌സ് രാഹുൽ ഗാന്ധിക്കെതിരെ തന്റെ മനസ്സിലെ വൈകൃതമത്രയും പുറത്തെത്തിക്കുമ്പോൾ ഇത്രയൊന്നും കരുതിയിരുന്നിരിക്കില്ല. വേദിയിലിരുന്ന് പ്രസംഗം കേട്ട മന്ത്രി എം.എം മണിയടക്കം കുലുങ്ങിക്കുലുങ്ങി  ചിരിച്ചപ്പോൾ താൻ എന്തോ വലിയ കാര്യം പറഞ്ഞെന്ന് ജോയ്‌സിനും തോന്നിക്കാണും. രാഹുൽ എന്ന രാഷ്ട്രീയ നേതാവിൽ തങ്ങളുടെയെല്ലാം വലിയ എതിരാളിയെ കാണുന്ന ഇടത്- സംഘ്പരിവാർ  രാഷ്ട്രീയക്കാരന്റെ ശൈലിക്കപ്പുറം ഒന്നും ജോയ്‌സ് നടത്തിയ പ്രസംഗത്തിലില്ല.

പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ രാഹുൽ പ്രസംഗിക്കാൻ പോവുകയുള്ളൂ എന്നു തുടങ്ങുന്ന ജോയ്‌സിന്റെ  വികൃത ഭാഷണത്തിലെ വരികൾ മാന്യ ഇടങ്ങളിൽ ഉദ്ധരിക്കാൻ കൊള്ളുന്നതല്ല. താങ്കളൊരു എം.പിയൊക്കെ ആയിരുന്നില്ലേ എന്നാണ് പരാമർശ വിധേയരായ എറണാകുളം സെന്റ് തെരേസാസിലെ പെൺകുട്ടികൾ ജോയ്‌സിനെ പരിഹസിച്ച് തള്ളിയത്. ഇതിന്റെ പേരിൽ വനിതാ കമ്മീഷനിലൊന്നും പോകാൻ തങ്ങളില്ലെന്നും ആ കുട്ടികൾ പറയുന്നുണ്ട്. 


എം.എം മണിയടക്കം ഇടുക്കിയിൽ കൈയടിച്ചെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് തന്റെ അനുയായികൾ ഇതിനൊക്കെ വല്ലാതെ കൈയടിച്ചാൽ അപകടമാകുമെന്ന് തിരിച്ചറിഞ്ഞ പിണറായി വിജയനും പിന്നാലെ സി.പി.എമ്മും ജോയ്‌സിന്റെ നിലാപാടിനെ തള്ളിപ്പറഞ്ഞു. എം.എം മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ ജോയ്‌സിന്റെ വാക്കുകൾ വോട്ട് വർധിപ്പിച്ചേക്കാമെങ്കിലും അജണ്ട മാറിപ്പോകുമെന്നുറപ്പാണെന്ന് പിണറായി അതിവേഗം തിരിച്ചറിയുകയായിരുന്നു. പിന്നാലെ ജോയ്‌സിന്റെ പരസ്യമായ ഖേദം വന്നു. മുഖ്യമന്ത്രിയും അര നിമിഷം പാഴാക്കാതെ ജോയ്‌സിനെ തള്ളിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിനില്ല. രാഷ്ട്രീയമായി  അദ്ദേഹത്തെ എതിർക്കേണ്ട കാര്യങ്ങളിൽ എതിർക്കുന്ന നിലപാട് സ്വീകരിക്കും.


ഏതാണ്ട്  ഇതേ മട്ടിൽ തന്നെയായിരുന്നു സി.പി.എം സെക്രട്ടറിയേറ്റിന്റെയും പ്രതികരണം.  രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നപ്പോൾ ഇതേ നിലവാരത്തിലുള്ള പരാമർശങ്ങൾ സി.പി.എം പക്ഷത്തു നിന്നുണ്ടായതാണ്. കോഴി കൂവുന്നതിന് മുമ്പ് അതൊക്കെ അന്നവർ തള്ളിപ്പറഞ്ഞു. പക്ഷേ പ്രയോജനമുണ്ടായില്ല. ഇപ്പോഴിതാ, സംഭവങ്ങളുടെ തനിയാവർത്തനം നടക്കുന്നു. അതിലിടക്ക്  ആലപ്പുഴയിൽ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയും കാര്യങ്ങൾ കീഴ്‌മേൽ മറിച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്നും അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്നും പൊതുവേദിയിൽ പറയുക വഴി പ്രിയങ്ക ഗാന്ധി ഒരുപാട് പക്ഷികളെ വീഴ്ത്തുന്ന വെടിയാണ് പൊട്ടിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവേയായിരുന്നു പ്രിയങ്കയുടെ വജ്ര മൂർച്ചയുള്ള രാഷ്ട്രീയ പ്രയോഗം. 


ചർച്ചയാകുമെന്ന് എൽ.ഡി.എഫ് ഭയപ്പെട്ട സ്വർണക്കടത്ത്, തെറ്റായ പോലീസ് നയം എന്നിവയൊക്കെ മറ്റു ബഹളങ്ങൾക്കിടയിൽ ആരും ശ്രദ്ധിച്ചിരുന്നില്ല. കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണം എന്നു പറയുക വഴി കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ പിടിച്ചുലച്ച സ്വണക്കടത്ത് വിവാദം പ്രിയങ്ക ഗാന്ധി ബുദ്ധിപൂർവം ജന ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. 
അന്നംമുടക്കികൾ എന്ന പ്രയോഗമൊക്കെ നടത്തി എൽ.ഡി.എഫ്  യു.ഡി.എഫിനെതിരെ കത്തിക്കയറുന്നതിനിടെ ഇടിത്തീപോലെ വന്നു വീഴുകയാണ് ഇതു പോലുള്ള ചില കാര്യങ്ങൾ. എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാകുന്ന അജണ്ടയിലേക്ക് മാറാൻ സാധിക്കുന്നതെന്ന് യു.ഡി.എഫിലെ ഒരു വിഭാഗമെങ്കിലും ആശങ്കപ്പെടുന്നതിനിടെയാണ് അജണ്ട മാറ്റത്തിനുള്ള വഴിയൊരുക്കി പുതിയ കാര്യങ്ങൾ ഉയർന്നു വരുന്നത്. സി.പി.എം സെക്രട്ടറിയുടെ മകൻ ഉൾപ്പെട്ട കേസുൾപ്പെടെ കേരളം മറന്ന മട്ടായിരുന്നു. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് നടന്ന ഗുരുതരമായ അഴിമതികളെക്കുറിച്ചുള്ള ആരോപണവും കാണാമറയത്തായിപ്പോയി.


തെരഞ്ഞെടുപ്പ് നടക്കാൻ എട്ട് ദിവസം മാത്രം ബാക്കി നിൽക്കേ  യു.ഡി.എഫിന്റെ അജണ്ട മാറ്റത്തിനായി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച കാലത്ത് പറഞ്ഞ വാക്കുകൾ ഇങ്ങനെ-
കേരളത്തിലെ യഥാർത്ഥ സ്വർണം എന്ന് പറയുന്നത് ഇവിടുത്തെ ജനങ്ങളാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രി വിദേശത്തുള്ള സ്വർണത്തിലാണ് ശ്രദ്ധ കാണിക്കുന്നത്. ആഴക്കടൽ തീറെഴുതി കൊടുക്കുന്നതിലാണ് അദ്ദേഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധ.


കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലല്ല കേരളത്തിലെ സർക്കാരിന്റെ വിധേയത്വം, കോർപറേറ്റ് മാനിഫെസ്റ്റോയോടാണ്. കേന്ദ്രത്തിൽ മോഡി സർക്കാർ എങ്ങനെയാണോ രാജ്യത്തിന്റെ സമ്പത്ത് കോർപറേറ്റുകൾക്ക് വിറ്റഴിക്കുന്നത,് അതേ നിലപാടാണ് കേരളത്തിലെ സർക്കാരിനും.
മൂന്ന് രാഷ്ട്രീയ ചിന്തകളാണ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിലുള്ളത്. ഒന്ന്, സിപിഎമ്മിന്റെ അക്രമത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയം. രണ്ടാമത്തേത്, രാജ്യത്ത് മുഴുവൻ വിദ്വേഷം പ്രചരിപ്പിക്കുന്ന മോഡിയുടെ രാഷ്ട്രീയം. മൂന്നാമത്തേത്, കേരളത്തിന്റെ ഭാവിയിൽ വ്യക്തമായ കാഴ്ചപ്പാടുള്ള കോൺഗ്രസിന്റെ രാഷ്ട്രീയം.


ഇടതുപക്ഷത്തിന് താരപ്രചാരകർ ഇല്ല എന്നതാണ് പുതിയ കാലത്തെ അവസ്ഥ. അവരുടെ ഏക നക്ഷത്രം പിണറായി വിജയനാണ്. കോൺഗ്രസിനും ബി.ജെ.പിക്കുമാണെങ്കിൽ  ഇഷ്ടം പോലെ നക്ഷത്ര പ്രചാരകരുണ്ട്. പ്രിയങ്ക ഗാന്ധി ചൊവ്വാഴ് വൈകിട്ടത്തെ പ്രചാരണ പ്രസംഗങ്ങളിലുൾപ്പെടെ എന്തായിരിക്കും പറയുക എന്ന ആശങ്ക എതിരാളികളുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും വരുന്നുണ്ട്. ബി.ജെ.പി പ്രചാരകരും അജണ്ട സെറ്റ് ചെയ്യാൻ നോക്കുന്നുണ്ടെങ്കിലും എന്തോ അത്ര പോരാ. ഇതിനെയെല്ലാം എങ്ങനെ തനിയെ നേരിടും എന്നതായിരിക്കാം പിണറായി വിജയൻ നേരിടുന്ന വെല്ലുവിളി. 
ഇനിയും ബോംബുകളൊക്കെ വരുമെന്നാണ് ഭീഷണി. വരട്ടെ, അപ്പോൾ കാണാം എന്നാണ് ഇന്നലെയും മുഖ്യമന്ത്രി  പറഞ്ഞത്. സഹായിക്കാൻ തനിക്ക് സമാനനായി ഒരാളും പിന്നിലില്ലെന്നുറപ്പുള്ളപ്പോഴും പ്രകടിപ്പിക്കുന്ന ഈ ചങ്കൂറ്റമാണ് പിണറായിയെ ഒരു ബ്രാന്റാക്കുന്നത്. എവിടെ എത്തുമെന്ന് കാത്തിരുന്നു കാണുക മാത്രമാണ് വഴി.

                            

 

Latest News