ഹറമൈൻ ട്രെയിൻ സർവീസിന് തുടക്കമായി

ജിദ്ദ - മക്ക, മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ജിദ്ദ എയർപോർട്ട് റെയിൽവെ സ്റ്റേഷനിൽ സർവീസ് പുനരാരംഭിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചു. ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരനും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 
ജിദ്ദയിലെ പ്രധാന സ്റ്റേഷനായ സുലൈമാനിയ റെയിൽവെ സ്റ്റേഷൻ കത്തിനശിച്ചതിനാൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ജിദ്ദയിൽ ട്രെയിൻ യാത്രക്കാർക്ക് സേവനം നൽകുന്നത്. അടുത്ത ഹജിനു മുമ്പായി, അഗ്നിബാധയിൽ നശിച്ച ജിദ്ദ സുലൈമാനിയ റെയിൽവെ സ്റ്റേഷൻ പ്രയോജനപ്പെടുത്തി തുടങ്ങും. സുലൈമാനിയ റെയിൽവെ സ്റ്റേഷൻ പുനർനിർമാണ ജോലികൾ പുരോഗമിക്കുകയാണ്. സ്റ്റേഷൻ നിർമാണ കരാറേറ്റെടുത്ത കമ്പനിയുടെ പൂർണ ചെലവിലാണ് പുനർനിർമാണ ജോലികൾ നടത്തുന്നത്. 

Latest News