Sorry, you need to enable JavaScript to visit this website.

വാക്‌സിനുകളുടെ ഫലം ഒരു വര്‍ഷത്തിനകം  കൊറാണ വേരിയന്റുകള്‍ ഇല്ലാതാക്കുമോ?

മാഞ്ചസ്റ്റര്‍- കൊറാണ വൈറസിനെ പ്രതിരോധിക്കാന്‍ ലോകമെങ്ങും വാക്‌സിനേഷന്റെ തിരക്കാണ്. എന്നാല്‍ പുതിയ വേരിയന്റുകള്‍ തലപൊക്കുന്നത് വാക്‌സിന്റെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. കൊറാണാ വേരിയന്റുകള്‍ വാക്‌സിനുകളെ ഒരു വര്‍ഷത്തിനകം ഫലപ്രദമല്ലാത്ത അവസ്ഥയില്‍ എത്തിക്കുമെന്ന് ലോകത്തെ മൂന്നില്‍ രണ്ട് രോഗവിദഗ്ധരും വിശ്വസിക്കുന്നതായി പുതിയ സര്‍വെ പുറത്തുവന്നു. എപ്പിഡെമോളജിസ്റ്റുകള്‍, വൈറോളജിസ്റ്റുകള്‍, ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്കിടയിലാണ് പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് സര്‍വെ സംഘടിപ്പിച്ചത്. അടുത്ത 12 മാസത്തിനകം വൈറസുകള്‍ വന്‍തോതില്‍ മ്യൂട്ടേഷന്‍ സംഭവിച്ച് ആദ്യ തലമുറ വാക്‌സിനുകളെ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് ഇവരില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. അടുത്ത ആറ് മാസത്തിനകം ഇത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരാണ് അഞ്ചിലൊന്ന് പേര്‍. മൂന്നിലൊന്ന് പേര്‍ ഒന്‍പത് മാസം വരെ കല്‍പ്പിക്കുന്നു. എട്ടിലൊന്ന് ഡോക്ടര്‍മാരില്‍ താഴെ പേരാണ് മ്യൂട്ടേഷന്‍ മൂലം വാക്‌സിനുകളുടെ ഫലപ്രാപ്തിയില്‍ കുറവ് സംഭവിക്കില്ലെന്ന് കരുതുന്നത്.
ബ്രിട്ടനില്‍ കോവിഡ് ബാധിതര്‍ ഒന്നരലക്ഷത്തിലേറെയാണ്.  വേരിയന്റുകള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം യുകെയില്‍ വ്യക്തമല്ല. അതേസമയം യുഎസില്‍ കെന്റ്, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ വേരിയന്റുകള്‍ 11,000 പേരില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് വാക്‌സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് വിദഗ്ധര്‍ സംശയം ഉയര്‍ത്തുന്നത്.

Latest News