മക്ക- വിശുദ്ധ റമദാനിൽ ഉംറ നിർവഹിക്കുന്നവർക്ക് കൊറോണ വാക്‌സിൻ സ്വീകരണം നിർബന്ധമാക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്, ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും റമദാൻ ഒന്നു മുതൽ കൊറോണ വാക്‌സിൻ സ്വീകരണം നിർബന്ധമാക്കാൻ ഹജ്, ഉംറ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യക്കകത്തു നിന്ന് ഈ കൊല്ലം ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുവർ ദുൽഹജ് ഒന്നിനു മുമ്പ് രണ്ടു ഡോസ് കൊറോണ വാക്‌സിൻ സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഹജിനിടെ സേവനമനുഷ്ഠിക്കുന്ന മുഴുവൻ ജീവനക്കാരും ഉദ്യോഗസ്ഥരും ഹജുമായി ബന്ധപ്പെട്ട സേവനം ആരംഭിക്കുന്നതിനു ചുരുങ്ങിയത് ഒരാഴ്ച മുമ്പ് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. ദുൽഹജ് ഒന്നിനു മുമ്പായി മുഴുവൻ ആഭ്യന്തര ഹാജിമാരും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം.






