റമദാനിൽ പ്രതീക്ഷിക്കുന്നത് അഞ്ചു ലക്ഷത്തിലേറെ ഉംറ തീർത്ഥാടകർ

മക്ക - വിശുദ്ധ റമദാനിൽ അഞ്ചു ലക്ഷത്തിലേറെ ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ ഹജ്, ഉംറ കമ്മിറ്റി വൈസ് പ്രസിഡന്റും മക്ക ഹോട്ടൽ കമ്മിറ്റി അംഗവും സൗദി ട്രാവൽ ആന്റ് ടൂറിസം അസോസിയേഷൻ അംഗവുമായ ഹാനി അലി അൽഉമൈരി പറഞ്ഞു. റമദാനിൽ മക്കയിൽ ഹോട്ടൽ, ഗതാഗത, റെസ്റ്റോറന്റ്, ഷോപ്പിംഗ് മേഖലകളിലെല്ലാം ബിസിനസ് ശ്രദ്ധേയമായ നിലക്ക് വർധിക്കും. മക്കയിൽ 1,200 ലേറെ ഹോട്ടലുകളുണ്ട്. ഇവയിൽ 2,70,000 ലേറെ മുറികളുണ്ട്. വിശുദ്ധ ഹറമിനടുത്ത ഹോട്ടലുകളിൽ റൂമുകൾ ബുക്ക് ചെയ്യാനാണ് തീർഥാടകർ ഏറ്റവും കൂടുതൽ താൽപര്യപ്പെടുന്നത്. അൽജുമൈസ, മിസ്ഫല, അസീസിയ, അൽഉതൈബിയ, ശിശ എന്നിവിടങ്ങളിലെ ഹോട്ടലുകളിലെയും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലെയും മുറികൾക്കും റമദാനിൽ ഡിമാന്റ് കൂടും. ആരോഗ്യ വ്യവസ്ഥകളും അണുനശീകരണവും ശാരീരിക അകലം ഉറപ്പുവരുത്തലും അടക്കമുള്ള മുഴുവൻ മുൻകരുതൽ നടപടികളും പാലിക്കാൻ ഹോട്ടലുകൾ പ്രതിജ്ഞാബദ്ധമാണെന്നും ഹാനി അലി അൽഉമൈരി പറഞ്ഞു.
 

Latest News