വൃദ്ധയായ മാതാവിനും  ഭാര്യയ്ക്കും   സഹോദരിമാര്‍ക്കും നേരെ  അധിക്ഷേപം-  ജോയ്‌സ് ജോര്‍ജ് 

തൊടുപുഴ- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിഷയത്തില്‍ വിശദീകരണവുമായി ഇടുക്കി മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊതുവേദിയില്‍ മാത്രമല്ല സ്വകാര്യ സംഭാഷണത്തിലും പുലര്‍ത്തേണ്ട ജാഗ്രതയും സമീപനവും സംബന്ധിച്ച തിരിച്ചറിവുകള്‍ക്ക് ഈ വിവാദം സഹായിച്ചതായി ജോയ്‌സ് കുറിപ്പില്‍ പറയുന്നു. 'അനുചിതമായ പരാമര്‍ശം എന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നതിന്റെപേരില്‍ എന്റെ വൃദ്ധയായ മാതാവും ഭാര്യയും സഹോദരിമാരും സ്ത്രീകള്‍ അല്ലാതാകുന്നില്ല. സ്ത്രീകള്‍ എന്ന നിലയില്‍ ലഭിക്കേണ്ട പരീരക്ഷയ്ക്ക് അര്‍ഹരല്ലാതാവുന്നുമില്ല. എന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴിലെ കമന്റുകള്‍ ഒന്നും നീക്കം ചെയ്തിട്ടില്ല. കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ തുടങ്ങി പ്രവര്‍ത്തകര്‍ വരെയുള്ളവര്‍ അവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ മാതാവിനെയും ഭാര്യയുടെയും ഫോണിലും വാട്‌സ്ആപ്പിലും ചില സന്ദേശങ്ങള്‍ വരുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചും വ്യക്തിപരമായ ഒരധിക്ഷേപവും എന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല. ഇതിനടിയിലും നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എഴുതാം, പറയാം. എല്ലാത്തിനും പരിരക്ഷയുള്ള പ്രത്യേക വിഭാഗവും നമുക്കിടയില്‍ ഉണ്ടല്ലോ!' എന്നും ജോയ്‌സ് പറയുന്നു.


 

Latest News