തൊടുപുഴ- കാഞ്ചിയാര്‍ മുരിക്കാട്ടുകുടിയില്‍ എട്ടു ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയ അമ്മ പോലീസ് പിടിയില്‍. മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനുവിന്റെ ഭാര്യ സന്ധ്യയാണ് (28) പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന് തന്റെയും ഭര്‍ത്താവിന്റെയും നിറമോ മുഖച്ഛായയോ ഇല്ലെന്ന കാരണത്താലാണ് കൊന്നതെന്ന് സന്ധ്യ പോലീസിനോട് പറഞ്ഞു.
സന്ധ്യ ഗര്‍ഭിണിയായ വിവരം നാട്ടുകാരില്‍നിന്ന് മറച്ചു വെച്ചിരുന്നു. നാല് മാസമായപ്പോഴേക്കും പ്രദേശത്തെ ആശ വര്‍ക്കര്‍മാര്‍ ആശുപത്രിയില്‍ ഇവരെ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് ആശാ വര്‍ക്കര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഇവരെ ശുശ്രൂഷിച്ചത്.
ഏഴു മാസമായപ്പോള്‍ സന്ധ്യക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. തുടര്‍ന്ന് പൈനാവ് ജില്ലാ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് കുഞ്ഞ് ജനിച്ചത്. പ്രസവിച്ച് എട്ട് ദിവസം കഴിഞ്ഞ് വ്യാഴാഴ്ച
ഉച്ചയോടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് കുഞ്ഞിന്റെ കഴുത്തില്‍ തുണി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. പീന്നീട് കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് കുട്ടിയെയും കൊണ്ട് ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പരിശോധനയില്‍ കഴുത്തിലെ പാട് ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ച ശേഷം കുട്ടിയെ കാണാന്‍ കൂട്ടാക്കാതിരുന്ന സന്ധ്യയുടെ പെരുമാറ്റത്തില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. കട്ടപ്പന സി.ഐ വി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ
അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തുണിയും കണ്ടെടുത്തു. 10 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒമ്പത് വയസുള്ള മറ്റൊരു കുട്ടിയുമുണ്ട്.