കാഴ്ചപരിമിതിയുള്ളവരുടെ വോട്ട് തടസ്സപ്പെടുത്തിയാല്‍ അഞ്ചുലക്ഷംവരെ പിഴ

വള്ളിക്കാപറ്റ-കാഴ്ചപരിമിതിയുള്ളവരുടെ വോട്ട് തടസ്സപ്പെടുത്തിയാല്‍ അഞ്ചുലക്ഷംരൂപവരെ പിഴ ഈടാക്കാനുള്ള നടപടിയുമായി ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷന്‍. ബ്രെയ്ല്‍ ലിപി ബാലറ്റില്‍ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന വിവരം മറച്ചുവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറ്റമായി പരിഗണിച്ചാണ് നടപടിയെടുക്കുക. കാഴ്ചപരിമിതിയുള്ളവര്‍ ബന്ധുക്കളുടെയും മറ്റുള്ളവരുടെയും സഹായത്തോടെയാണ് മുമ്പ് വോട്ട് ചെയ്യാന്‍ എത്തിയിരുന്നത്. എന്നാല്‍ സഹായത്തിനെത്തുന്നവരില്‍ പലരും സ്വന്തം രാഷ്ട്രീയതാത്പര്യങ്ങള്‍ അടിസ്ഥാനമായി വോട്ട് രേഖപ്പെടുത്തത് തെരരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതൊഴിവാക്കാന്‍ ബ്രെയ്ല്‍ ലിപി ബാലറ്റുകള്‍ മുമ്പും സജ്ജമാക്കിയിരുന്നെങ്കിലും വിജയകരമായിരുന്നില്ല. ഇതിനു പരിഹാരമായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ എല്ലാ വോട്ടെുപ്പുകേന്ദ്രങ്ങളിലും ബ്രെയ്ല്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നത്.
കാഴ്ചവൈകല്യമുള്ളവര്‍ ബൂത്തുകളില്‍ എത്തുമ്പോള്‍ത്തന്നെ പ്രിസൈഡിങ് ഓഫീസര്‍ ബ്രെയ്ല്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറുള്ള വിവരം അറിയിക്കണം. ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ പേര് ബ്രെയ്ല്‍ ലിപിയില്‍ ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇക്കാര്യം പോളിങ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് വിശദീകരിച്ചുനല്‍കണം. അതിനുശേഷം വോട്ടര്‍ക്ക് ഇലക്‌ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തില്‍ വലതുവശത്തായി ബ്രെയ്ല്‍ ലിപിയില്‍ അടയാളപ്പെടുത്തിയിട്ടുള്ള സീരിയല്‍ നമ്പര്‍പ്രകാരം ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം.
സംസ്ഥാനത്ത് ബ്രെയ്ല്‍ ലിപി ബാലറ്റുകളുടെ വിതരണം അവസാനഘട്ടത്തിലാണ്. വടക്കന്‍ ജില്ലകളിലെ ബാലറ്റ് വിതരണം പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കുള്ള ബാലറ്റ് വെള്ളിയാഴ്ചയ്ക്കകം വിതരണംചെയ്യും. ഡമ്മി ബാലറ്റുകള്‍ തിരുവനന്തപുരത്തുള്ള കേരള ഫെഡറേഷന്‍ ഓഫ് ദി ബ്‌ളൈന്‍ഡ്, സിആപ്റ്റ് എന്നീ സ്ഥാപനങ്ങളിലാണ് തയ്യാറാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മിഷണര്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ എന്നിവരുടെ നേതൃത്വത്തില്‍ ബാലറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മലപ്പുറം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ അധ്യാപകരടക്കമുള്ള 35 പേരാണ് കഴിഞ്ഞ 22 മുതല്‍ ബാലറ്റുകള്‍ തയ്യാറാക്കിയതും തെറ്റുതിരുത്തലടക്കമുള്ള ജോലികള്‍ ചെയ്തതും.
 

Latest News