സമ്മതത്തോടെയുള്ള സെക്സിന് പോക്സോ പ്രകാരം കുട്ടികളെ ശിക്ഷിക്കാമോ; സുപ്രീംകോടതി പരിശോധിക്കുന്നു

ന്യൂദല്‍ഹി- പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും പിന്നീട് പീഡനക്കേസായി മാറുകയും ചെയ്യുന്ന സംഭവങ്ങളില്‍ കൗമാരക്കാരെ പോക്സോ പ്രകാരം ശിക്ഷിക്കാമോ എന്ന കാര്യം പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കുട്ടികളെ  ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന പോക്സോ  നിയമപ്രകാരം കടുത്ത ശിക്ഷയാണ് നല്‍കുന്നത്.

18 വയസുള്ളപ്പോൾ 17 വയസ്സായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ നല്‍കിയ ശിക്ഷ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീല്‍ ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സ്വീകരിച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ബന്ധമെങ്കിലും പിന്നീട് അവളെ വിവാഹം കഴിക്കാൻ  പ്രതി വിസമ്മതിച്ചുവെന്നാണ് 2015 ൽ  തമിഴ്‌നാട്ടില്‍ ഉടലെടുത്ത കേസ്.

വിചാരണക്കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2019 ൽ പോക്‌സോ നിയമപ്രകാരം 10 വർഷം തടവിന് ശിക്ഷിച്ചു.

വിചാരണ വേളയിൽ പെൺകുട്ടി നിലപാട് മാറ്റുകയും തങ്ങള്‍ പരസ്പര സമ്മതത്തോടെയാണ്  ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതെന്ന് കോടതിയിൽ വ്യക്തമാക്കിയെങ്കിലും പ്രതിക്ക് ശിക്ഷ വിധിക്കുകയാണുണ്ടായത്.

സമവായ ബന്ധത്തിലായിരുന്നുവെന്ന പെൺകുട്ടിയുടെ നിലപാട് അംഗീകരിക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് പ്രതി  അഭിഭാഷകൻ രാഹുൽ ശ്യാം ഭണ്ഡാരി മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.

പ്രതിയും പെൺകുട്ടിയും  ബന്ധപ്പെട്ട സമയത്ത് 18 വയസ്സിന് താഴെയുള്ളവരായിരുന്നുവെന്ന്  ഭണ്ഡാരി വാദിച്ചു.

അക്കാലത്ത് പ്രായപൂർത്തി ആയിരുന്നില്ലെങ്കിലും ഇപ്പോൾ പെൺകുട്ടിയും ആൺകുട്ടിയും ദാമ്പത്യ ജീവിതം ആഗ്രഹിക്കുന്നുവെന്നും ഭണ്ഡാരി ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ ബെഞ്ചിന് മുന്നിൽ വാദമുന്നയിച്ചു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് തമിഴ്‌നാട് സർക്കാരിന് നോട്ടീസ് അയച്ചിരിക്കയാണ്.

സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായപൂർത്തിയാകാത്തവരെ പോക്സോ നിയമപ്രകാരം ശിക്ഷിക്കാമോ എന്ന കാര്യത്തില്‍ വ്യക്തത തേടുന്നതാണ് അപ്പീല്‍. ഒരുമിച്ച് താമസിക്കുന്ന കൗമാരക്കാരെയോ ലൈംഗിക ബന്ധത്തില്‍ ഏർപ്പടുന്ന കുട്ടികളെയോ ശിക്ഷിക്കുകയല്ല പോക്സോയുടെ ലക്ഷ്യമെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. .

അപ്പീലിനെതിരെ ശക്തമായ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി സംസ്ഥാന പോലീസിന് നിർദേശം നൽകി.

Latest News