കൽപറ്റ- നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ മൂന്നു നിയോജക മണ്ഡലങ്ങളിലും ഫാർമേഴ്‌സ് റിലീഫ് ഫോറം (എഫ്.ആർ.എഫ്) യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണയ്ക്കും. കൽപറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.സിദ്ദീഖിനു വേണ്ടി ഫോറം പ്രവർത്തർ ഇന്നു മുതൽ പ്രചാരണത്തിനിറങ്ങുമെന്നും സംസ്ഥാന കൺവീനർ എൻ.ജെ.ചാക്കോ, ട്രഷറർ ടി. ഇബ്രായി, ജില്ലാ സെക്രട്ടറി എ.സി.തോമസ്, കൺവീനർ എ.എൻ. മുകുന്ദൻ, കണിയാമ്പറ്റ പഞ്ചായത്ത് സെക്രട്ടറി സി.എസ്.ജോയി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുമെന്നും കാടും നാടും ശാസ്ത്രീയമായി വേർതിരിച്ചു വന്യജീവി ശല്യം പരിഹരിക്കുന്നതിനു പദ്ധതി നടപ്പിലാക്കുമെന്നും ഫോറം ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, ബെന്നി ബെഹനാൻ എന്നിവർ ഉറപ്പു നൽകി. ഇക്കാര്യങ്ങളിൽ കെ.പി.സി.സി വൈസ് പ്രസിഡന്റുമായ കൽപറ്റ മണ്ഡലം സ്ഥാനാർഥി ടി.സിദ്ദീഖിന്റെ ഉറപ്പും ലഭിച്ചു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു പിന്തുണ നൽകാനുള്ള തീരുമാനം. മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലും യു.ഡി.എഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും ഫോറം ഭാരവാഹികൾ പറഞ്ഞു.