തലശ്ശേരി - തലശ്ശേരിയിൽ ബി.ജെ.പിയുടെ നീക്കങ്ങൾക്ക് പിന്നിൽ ബാലശങ്കറിനും പിണറായിക്കും മാത്രമറിയുന്ന ഡീലുണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. 2006 ൽ കോടിയേരി ബാലകൃഷ്ണനെതിരെ ഞാൻ മത്സരിക്കുമ്പോഴാണ് ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടം ഇവിടെ നടന്നത്. തലശ്ശേരി അന്നും ഇന്നും ഒരേപോലെയാണെന്നും വികസന കാര്യത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും യു.ഡി.എഫ് പ്രകടന പത്രിക പ്രകാശനം നിർവഹിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. തലശ്ശേരി അന്നും ഇന്നും സ്ഥിരമായി ഒരു മുന്നണിയെ മാത്രം പരിഗണിച്ചതിന്റെ ദൂഷ്യമാണിത്. ജയിച്ചു നിയമസഭയിലേക്ക് പോയാൽ തലശ്ശേരിയെ മറക്കുന്ന എം.എൽ.എമാരാണ് ഇപ്പോഴുള്ളത്. ഇവർ വികസനത്തെപ്പറ്റി ചിന്തിക്കുന്നേയില്ല. ഇവിടെ ഒരു മാറ്റം വേണം. അതിന് യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി.അരവിന്ദാക്ഷനെ വിജയിപ്പിക്കണം. കേരളത്തിന്റെ സമഗ്ര വികസനവും സർവതല പുരോഗതിയും ലക്ഷ്യമാക്കി സംസ്ഥാന തലത്തിൽ യു.ഡി.എഫ് പുറത്തിറങ്ങിയ പ്രകടന പത്രികയിൽ ജനാഭിലാഷമാണുുള്ളത്. ഇത്തരത്തിലുുള്ള ഒരു പത്രിക നാളിതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് പാർട്ടിയിൽ നിന്നും നേടാവുന്നതെല്ലാം വാങ്ങിയതിന് ശേഷമാണ് പി.സി. ചാക്കോയും റോസക്കുട്ടി ടീച്ചറും പുതിയ മേച്ചിൽപുറങ്ങൾ തേടി പാർട്ടി വിട്ടതെന്നും ഇത് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.