റിയാദ് - സൗദി അറേബ്യയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച 'ശരീക്' പദ്ധതിയുടെ പിന്തുണയോടെ സ്വകാര്യ മേഖല നടത്തുന്ന നിക്ഷേപങ്ങള്‍ രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന വര്‍ധിക്കുകയും ചെയ്യും.
2030 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയില്‍ സ്വകാര്യ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുക മാത്രമല്ല ശരീക് പദ്ധതി ചെയ്യുക, മറിച്ച്, സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്ത ബന്ധത്തിലൂടെ സൗദി അറേബ്യയുടെ ഭാവിയിലും അഭിവൃദ്ധിയിലും ദീര്‍ഘകാല നിക്ഷേപം നടത്തുന്നതും കാണാനാകുമെന്നും കിരീടാവകാശി പറഞ്ഞു.
'ശരീക്' പദ്ധതിയുടെ ഭാഗമായി വന്‍കിട കമ്പനികളുമായുള്ള ആദ്യ ധാരണാപത്രം ജൂണില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 27 ട്രില്യണ്‍ റിയാല്‍ ചെലവഴിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.
നിക്ഷേപ ലക്ഷ്യങ്ങള്‍ കൈവരിക്കാനും അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും വന്‍കിട കമ്പനികളെ ശരീക് പദ്ധതി പ്രാപ്തമാക്കും. സൗദിയില്‍ വന്‍കിട കമ്പനികളുടെ പദ്ധതികളും നിക്ഷേപങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി പ്രായോഗിക പിന്തുണ നല്‍കും. ദേശീയ കമ്പനികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും വിഷന്‍ 2030 പദ്ധതി സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും പുതുതായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉന്നമിട്ടാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.
2030 ഓടെ പ്രാദേശിക നിക്ഷേപങ്ങള്‍ അഞ്ചു ട്രില്യണ്‍ റിയാലായി ഉയര്‍ത്തുന്നതിന് പ്രാപ്തമാക്കുന്ന നിലയില്‍ പ്രാദേശിക കമ്പനികള്‍ക്ക് പിന്തുണ നല്‍കാനാണ് 'ശരീക്' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ നിക്ഷേപ മേഖലയില്‍ സൗദിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. 2030 വരെയുള്ള കാലത്ത് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രാജ്യത്ത് മൂന്നു ട്രില്യണ്‍ റിയാല്‍ പമ്പ് ചെയ്യും. കൂടാതെ ദേശീയ നിക്ഷേപ തന്ത്രത്തിന്റെ ഭാഗമായി നാലു ട്രില്യണ്‍ റിയാല്‍ കൂടി പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ പമ്പ് ചെയ്യും. ഇതേ കുറിച്ച വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. ഇതോടെ 2030 വരെയുള്ള കാലത്ത് ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ നടത്തുന്ന ആകെ നിക്ഷേപങ്ങള്‍ പന്ത്രണ്ടു ട്രില്യണ്‍ റിയാലായി ഉയരും.
പത്തു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടത്തുന്ന പത്തു ട്രില്യണ്‍ റിയാലിന്റെ ധനവിനിയോഗം ഇതിനു പുറമെയാണ്. 2030 വരെയുള്ള കാലത്ത് സ്വകാര്യ ഉപഭോക്തൃ ധനവിനിയോഗം അഞ്ചു ട്രില്യണ്‍ റിയാലുമായിരിക്കും. ഇതെല്ലാം കൂടി കണക്കിലെടുത്താല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയില്‍ ചെലവഴിക്കപ്പെടുന്ന പണം 27 ട്രില്യണ്‍ റിയാല്‍ (ഏഴു ട്രില്യണ്‍ ഡോളര്‍) ആയിരിക്കും.