പുൽപള്ളി - ഇടതു സർക്കാർ കഴിഞ്ഞ അഞ്ചു വർഷവും കർഷകരെ അവഗണിച്ചുവെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം സ്ഥാനാർഥി ഐ.സി.ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ജില്ലയിൽ കാർഷിക മേഖലയിൽ നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതികൾ ഇല്ലാതാക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്. കാർഷിക മേഖലയുടെ പുരോഗതിക്കു സർക്കാർ ഒന്നും ചെയ്തില്ല.
വിളകളുടെ താങ്ങുവില പ്രഖ്യാപനത്തിന്റെ മറവിലും കൃഷിക്കാരെ വഞ്ചിച്ചു. വയനാട്ടിൽ ജില്ലാ ആശുപത്രിയും മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇല്ലാത്ത അവസ്ഥയാണ്.
മാനന്തവാടിയിലേതു ജില്ലാ ആശുപത്രിയാണെങ്കിൽ ജില്ലാ പഞ്ചായത്തിനും മെഡിക്കൽ കോളേജാണെങ്കിൽ സർക്കാരിനുമാണ് അധികാരം. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കിയപ്പോൾ ജില്ലാ പഞ്ചായത്തിന് ഫണ്ട് അനുവദിക്കാൻ പറ്റാതായി. സർക്കാരാണെങ്കിൽ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുമില്ല. മെഡിക്കൽ കോളേജ് പ്രാവർത്തികമാക്കിയെന്ന് വരുത്തിത്തീർക്കുന്നതിനു ഉത്തരവിറക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വി.എം. പൗലോസ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഐ.സി.ബാലകൃഷ്ണൻ, കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രാഹാം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ, കെ.പി.സി.സി മെംബർ കെ.എൽ.പൗലോസ് എന്നിവർ പ്രസംഗിച്ചു.