റിയാദ് - പത്തു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 27 ട്രില്യണ്‍ റിയാല്‍ ചെലവഴിക്കുമെന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മില്‍ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വികസനത്തില്‍ സൗദി കമ്പനികളുടെ സംഭാവന വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് 'ശരീക്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
സാമ്പത്തിക വളര്‍ച്ചാ പദ്ധതിയുടെയും ദേശീയ നിക്ഷേപ തന്ത്രത്തിന്റെയും പ്രധാന ഭാഗമാണ് 'ശരീക്' പദ്ധതി. പ്രാദേശികമായും ആഗോള തലത്തിലും സൗദിയിലെ വന്‍കിട കമ്പനികളുടെ ശേഷിയും വഴക്കവും മത്സരക്ഷമതയും വര്‍ധിപ്പിക്കാനും സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. സുസ്ഥിരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ആഗോള സാമ്പത്തിക ശക്തി എന്ന നിലയില്‍ സൗദി അറേബ്യയുടെ പ്രശസ്തി ഉറപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
നിക്ഷേപ ലക്ഷ്യങ്ങള്‍ കൈവരിക്കാനും അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും വന്‍കിട കമ്പനികളെ പദ്ധതി പ്രാപ്തമാക്കും. സൗദിയില്‍ വന്‍കിട കമ്പനികളുടെ പദ്ധതികളും നിക്ഷേപങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി പ്രായോഗിക പിന്തുണ നല്‍കും. ദേശീയ കമ്പനികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും വിഷന്‍ 2030 പദ്ധതി സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും പുതുതായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉന്നമിട്ടാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.