കൊച്ചി - രാഹുല് ഗാന്ധിയെയും സ്ത്രീസമൂഹത്തെയും അധിക്ഷേിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഇടത് എം.പി ജോയ്സ് ജോര്‍ജിനെതിരെ രൂക്ഷ പ്രതികരണവുമായി സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥിനികള്‍. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ സംവദിക്കുന്നതിനിടെ രാഹുല്‍ഗാന്ധി വിദ്യാര്‍ഥികള്‍ക്ക് അക്കിഡൊ പ്രതിരോധമുറ പരിശീലിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം. ഈ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ചേര്‍ന്നതല്ല ജോയിസ് ജോര്‍ജിന്റെ പ്രതികരണമെന്നും വിദ്യാര്‍ഥിനികള്‍ എന്ന രീതിയില്‍ തങ്ങളെ അവഹേളിക്കുന്നതാണ് ജോയിസ് ജോര്‍ജിന്റെ പ്രസ്താവനയെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
ഒന്നുമില്ലെങ്കില്‍ ജോയ്സ് ജോര്‍ജ് ഒരു എംപിയായിരുന്നില്ലേയെന്നും അഭിഭാഷകനല്ലേ എന്നും സെന്റ് തെരേസാസ് വിദ്യാര്‍ഥിനികള്‍ പ്രതികരിച്ചു. പരാമര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷനെ സമീപിക്കാനൊന്നും പോകുന്നില്ല, ഈ ചിന്താഗതി മാറ്റിയാല്‍ മതി. പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജില്‍ വന്ന് സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് രാഹുല്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധിയുടെ കോളജിലെ പരിപാടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം തങ്ങളോട് രാഷ്ട്രീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥിനികളുമായി നടത്തിയ സംവാദത്തെ മോശമായി ചിത്രീകരിച്ച് ജോയ്സ് ജോര്‍ജ് നടത്തിയ പ്രസ്താവന കോളജിനേയും വിദ്യാര്‍ഥിനികളേയും സ്ത്രീകളെ ഒന്നാകെയും അപമാനിക്കുന്നതാണെന്ന് എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് പറഞ്ഞു. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തിയ ജോയ്സ് ജോര്‍ജിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാപ്പ് പറയുന്നത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. സ്ത്രീ ശാക്തീകരണം, നവോഥാനം എന്നെല്ലാം പ്രഘോഷിക്കുന്ന പാര്‍ട്ടിയുടെ വികൃത മുഖമാണ് ജോയ്സ് ജോര്‍ജിനേപ്പോലെ മുതിര്‍ന്ന നേതാക്കളിലൂടെ പുറത്ത് വരുന്നതെന്നും ടി.ജെ വിനോദ് പറഞ്ഞു.