പിണറായി വിജയനോട് മുല്ലപ്പള്ളിക്ക് ഒറ്റ ചോദ്യം

കാസര്‍കോട് - മുഖ്യമന്ത്രി പിണറായി വിജയനോട് കെ.പി.സി.സി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന് ഒറ്റ ചോദ്യമാണ് ചോദിക്കാനുള്ളത്. ആര്‍.എസ്.എസിനോടും ബി.ജെ.പിയോടും നിങ്ങള്‍ക്ക് വിരോധമുണ്ടെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ ഏറ്റവും ദുര്‍ബലനായ വി.വി രമേശനെ പിണറായി എന്തിനാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത് എന്ന ചോദ്യമാണ് മുല്ലപ്പള്ളി ഉന്നയിച്ചത്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ ആയിരിക്കെ ബി.ജെ.പിയുമായി നല്ല ചങ്ങാത്തം ഉണ്ടായിരുന്ന രമേശനെ സ്ഥാനാര്‍ഥിയാക്കിയത് ബി.ജെ.പിയെ സഹായിക്കാന്‍ അല്ലേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കാസര്‍കോട് വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് മുല്ലപ്പള്ളി പിണറായിയോട് ചോദ്യം ചോദിച്ചത്. ആര്‍.എസ്.എസ്-ബി.ജെ.പി ബന്ധം പരസ്യം ആയപ്പോള്‍ പിണറായി വിജയന്‍ അതിന്റെ പാപഭാരം മുഴുവന്‍ കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടി വെക്കാന്‍ ആണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് മുഖ്യമന്ത്രിക്ക് വലിയ ആശങ്കയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം കേരളം മുഴുവന്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏതാനും യോഗങ്ങളില്‍ മാത്രം പങ്കെടുത്ത പിണറായി പ്രചാരണം ഏറ്റെടുത്ത് ഇത്തവണ രംഗത്തുവരുന്നു. എന്താണ് അദ്ദേഹത്തിന് പറയാനുള്ളത്. ഓരോ യോഗങ്ങളിലും കൊച്ചു വര്‍ത്തമാനം പറഞ്ഞു പോവുകയല്ലേ. പതിവു പല്ലവി മാത്രമല്ലാതെ പുതിയ എന്തെങ്കിലും കാര്യം പിണറായി പറയുന്നുണ്ടോ? പിണറായിയുടെ യോഗങ്ങളില്‍ വലിയ ആള്‍ക്കൂട്ടം ഒന്നും ഉണ്ടാകുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത എറണാകുളത്തെയും ആലപ്പുഴയിലെയും കോട്ടയത്തെയും പരിപാടികളില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടുന്നത്.
നമസ്‌തേ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സാധ്യത ഉറപ്പാണ്. യു.ഡി.എഫ് മിന്നുന്ന വിജയം കാഴ്ചവെക്കും. 90 കോടി ചെലവഴിച്ച് പി.ആര്‍ ഏജന്‍സിയെ വെച്ച് സര്‍വേ നടത്തിയാണ് ഇടതുമുന്നണി വിജയം അവകാശപ്പെടുന്നത്.
ഏജന്‍സികള്‍ ഞങ്ങളെയും സമീപിച്ചിരുന്നതായി മുല്ലപ്പള്ളി അവകാശപ്പെട്ടു. സി.ടി അഹമ്മദലി, സി.കെ ശ്രീധരന്‍, ഹക്കീം കുന്നില്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

Latest News