Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെരഞ്ഞെടുപ്പ് സർവേയെന്ന മുച്ചീട്ട് കളി 

അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് ആദ്യമായി പറഞ്ഞത് നവോത്ഥാന നായകനും സാമൂഹ്യ പരിഷ്‌കർത്താവും പത്രാധിപരുമൊക്കെയായിരുന്ന സി.വി.കുഞ്ഞിരാമനാണ്. പിന്നീട് ഇത് രാഷ്ട്രീയക്കാരുടെ ഒരു സ്ഥിരം ശൈലിയായി മാറി. രാഷ്ട്രീയമായ അഭിപ്രായങ്ങൾ മാറുമ്പോഴെല്ലാം അതിനെ ന്യായീകരിക്കാൻ നേതാക്കൾ കൂട്ടുപിടിക്കുന്നത് സി.വി.കുഞ്ഞിരാമന്റെ 'ഇരുമ്പുലക്ക' പ്രയോഗത്തെയാണ്. ഇ.എം.എസ് അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം തന്നെ ഇത് ആവർത്തിച്ച് ഉപയോഗിച്ചിട്ടുമുണ്ട്.


അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് സമ്മതിക്കാം. എന്നാൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന അഭിപ്രായ സർവേകളോ? അഭിപ്രായ സർവേകൾ നടത്തുന്ന വിവിധ ഉത്തരേന്ത്യൻ കമ്പനികളെ കൂട്ടുപിടിച്ച് കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങൾ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ അഭിപ്രായ സർവേകൾ ഇതിനകം നടത്തിക്കഴിഞ്ഞു. ബംഗാളിലും മറ്റും തെരഞ്ഞെടുപ്പ് ആരംംഭിച്ചതിനാൽ അഭിപ്രായ സർവേകൾ പ്രസിദ്ധീകരിക്കുന്നതിന് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അല്ലെങ്കിൽ കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 6 വരെ ടിവി തുറന്നാൽ അഭിപ്രായ സർവേകളുടെ ഒരു തള്ള് തന്നെയായിരുന്നു കാണേണ്ടി വരിക.


അഭിപ്രായ സർവേകൾ സത്യത്തിൽ ഇരുതല മൂർച്ചയുള്ള വാളാണ്. സ്വയം രക്ഷയ്ക്കും ഉപയോഗിക്കാം അന്യന്റെ തലയറുക്കാനും പറ്റും. രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും സംബന്ധിച്ചിടത്തോളം ഒരേ സമയം അഭിപ്രായ സർവേകളെ സ്വീകരിക്കുകയും അടുത്ത നിമിഷം തള്ളിപ്പറയുകയും ചെയ്യുന്നത് പതിവാണ്. ഇത്തവണത്തെ അഭിപ്രായ സർവേകളിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ആദ്യം തുറന്ന് പറഞ്ഞത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ്. പുറത്ത് വന്ന എല്ലാ അഭിപ്രായ സർവേകളും കേരളത്തിൽ എൽ.ഡി.എഫിന് തുടർ ഭരണം പ്രവചിക്കുകയും അടുത്ത മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ പേർ പിണറായി വിജയനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പറയുമ്പോഴും എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരുമെല്ലാം ആഹഌദത്തിന്റെ പരകോടിയിലെത്തേണ്ടതാണ്. പിണറായിക്ക് മനസ്സിൽ ലഡു പൊട്ടേണ്ടതാണ്. തെരഞ്ഞെടുപ്പ് വിജയം ഇപ്പോഴേ ആഘോഷിച്ചു തുടങ്ങേണ്ടതാണ്. 


പിണറായി വിജയൻ സർവേ ഫലങ്ങളെ സ്വീകരിച്ചു, എന്നാൽ സ്വീകരിച്ചില്ല എന്ന രീതിയിൽ നിലപാട് എടുത്തപ്പോൾ എൽ.ഡി.എഫ് നേതാക്കൾ ആദ്യം നെറ്റി ചുളിച്ചു. മറുഭാഗത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർവേകളെ പൂർണമായും തള്ളിപ്പറഞ്ഞത് സ്വാഭാവികം. യു.ഡി.എഫിന് അധികാരം കിട്ടില്ലെന്നും മുഖ്യമന്ത്രിയാകാനുള്ളവരുടെ പട്ടികയിൽ വളരെ കുറഞ്ഞ റേറ്റിംഗ് മാത്രം ചെന്നിത്തലയ്ക്ക് നൽകുകയും ചെയ്യുമ്പോൾ മാധ്യമങ്ങളെ അത് വരെ ധാർമികതയുടെയും നിക്ഷ്പക്ഷതയുടെയും പ്രതിരൂപമായി കണ്ടിരുന്ന ചെന്നിത്തല ജനങ്ങളുടെ അഭിപ്രായം ഇരുമ്പുലക്കയെല്ലന്ന് പറഞ്ഞ് സി.വി.കുഞ്ഞിരാമന്റെ വാക്കുകൾ കടമെടുത്തതിന് കുറ്റം പറയാനാകില്ല. ബി.ജെ.പി മുന്നണിയാകട്ടെ സർവേ ഫലങ്ങളെ രഹസ്യമായി പിന്തുണക്കുകയും പരസ്യമായി തള്ളിപ്പറയുകയുമാണ്. കേരളത്തിൽ മുപ്പത് സീറ്റു കിട്ടുമെന്ന് ഉറപ്പിച്ച് നിൽക്കുന്ന സുരേന്ദ്രനോട് മുപ്പതിന്റെ ഒരു പൂജ്യം വെട്ടിക്കളയാൻ സർവേക്കാർ പറഞ്ഞാൽ അദ്ദേഹത്തിനും നീരസം ഉണ്ടാകില്ലേ. 
ഏതായാലും അഭിപ്രായ സർവേകളുടെ കാര്യത്തിൽ പിണറായി വിജയന്റെ നിലപാടാണ് ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മറ്റിയും കേന്ദ്ര കമ്മിറ്റിയുമെല്ലാം സ്വീകരിച്ചിരിക്കുന്നത്. പിണറായി വിജയൻ ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. വർഷങ്ങളോളം അദ്ദേഹത്തെയും പാർട്ടിയെയും വേട്ടയാടിയ വലതുപക്ഷ മാധ്യമങ്ങളെല്ലാം കൂടി ഒരു ദിവസം പിണറായിയെ ദൈവ തുല്യനാക്കുകയും തുടർ ഭരണം തളികയിൽ വെച്ചുകൊടുക്കുകയും ചെയ്തപ്പോഴേ അദ്ദേഹത്തിന് കാര്യം മനസ്സിലായതാണ്. 


ചാനലുകളിലെ സർവേക്കാർ തുടർഭരണം ഉറപ്പാക്കിയ സ്ഥിതിക്ക് തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ പാർട്ടി പ്രവർത്തകരെല്ലാം സുഖമായി വീട്ടിൽ കിടന്നുറങ്ങുമെന്നും എതിരാളികൾ ശക്തിയാർജിച്ച് കളം പിടിക്കുമെന്നും മനസ്സിലാക്കാൻ പിണറായിക്ക് ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദം എടുക്കേണ്ട കാര്യമൊന്നുമില്ല. അതുകൊണ്ട് തന്നെ അഭിപ്രായ സർവേകളെ ഒരു കാരണവശാലും വിശ്വസിക്കരുതെന്നും കേവലം ഒരു പൊതു അഭിപ്രായം  മാത്രമായി അതിനെ കണ്ടാൽ മതിയെന്നും പറഞ്ഞ് കീഴ്കമ്മറ്റികൾക്ക് നിരന്തരമായി സർക്കുലർ അയച്ചുകൊണ്ടിരിക്കുകയാണ്. അഭിപ്രായ സർവേ ഫലങ്ങളിൽ മതിമറന്ന് പ്രവർത്തകർ വീട്ടിലിരിക്കാൻ തുടങ്ങിയ കാര്യവും എതിരാളികൾ ഇതിലൂടെ നേട്ടം കൊയ്യുകയാണെന്ന യാഥാർത്ഥ്യവും സി.പി.എം മനസ്സിലാക്കിക്കഴിഞ്ഞു. അഭിപ്രായ സർവേകൾ ഒരു വലിയ പ്രതിസന്ധിയിലാണ് എൽ.ഡി.എഫിനെ എത്തിച്ചിരിക്കുന്നത്.


അഭിപ്രായ സർവേകൾ പൂർണമായും വിശ്വാസ യോഗ്യമാണോയെന്നതാണ് രാഷ്ട്രീയ പാർട്ടികളെയും ഇതെല്ലാം ശ്രദ്ധിക്കുന്നവരെയും അലട്ടുന്ന ചോദ്യം. കുറേയേറെ തെരഞ്ഞെടുപ്പ് സർവേകൾ ശരിയാകാറുണ്ട്. നിരവധിയെണ്ണം വലിയ തോതിൽ തന്നെ പൊളിഞ്ഞ് പാളീസായിട്ടുമുണ്ട്. ശരിക്കും പറഞ്ഞാൽ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേകൾ ഉത്സവപ്പറമ്പുകളിൽ നടക്കുന്ന മുച്ചീട്ട് കളി പോലെയാണ്. തെറ്റായാലും ശരിയായാലും ഒടുവിൽ ലാഭം കളി നടത്തുന്നവർക്കാണ്. അതു തന്നെയാണ് തെരഞ്ഞെടുപ്പ് സർവേയുടെ കാര്യത്തിലും.
ദൃശ്യ മാധ്യമങ്ങളാണ് വിവിധ സർവേ നടത്തുന്ന വിവിധ കമ്പനികളുമായി ചേർന്ന് തെരഞ്ഞെടുപ്പിന് മുൻപും കഴിഞ്ഞ ശേഷം ഫലപ്രഖ്യാപനം വരുന്നത് വരെയും സർവേകൾ സംഘടിപ്പിക്കാറുള്ളത്. ഇതിന്റെ ലക്ഷ്യം ചാനൽ റേറ്റിംഗും വലിയ തോതിലുള്ള പരസ്യ വരുമാനവും തന്നെ. സർവേകൾ സംപ്രേഷണം ചെയ്യുന്ന  സമയത്ത് ചാനലിന്റെ റേറ്റിംഗ് വലിയ തോതിൽ ഉയരുന്നത് കാണാം. ഇതിലൂടെ കോടികളുടെ പരസ്യങ്ങളാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ ചാനലുകൾക്ക് വരുമാനം കൂട്ടാനുള്ള ഏറ്റവും നല്ല മാർഗം ഇടയ്ക്കിടെയുള്ള അഭിപ്രായ സർവേകളാണ്. വലിയ സാമ്പത്തിക താൽപര്യങ്ങളാണ് അഭിപ്രായ സർവേകൾക്ക് പിന്നിലുള്ളതെന്ന് വ്യക്തം. സർവേകളുടെ ഫലം ഒടുവിൽ ശരിയായാലും തെറ്റായാലും ആരും ചോദ്യം ചെയ്യാനൊന്നും പോകില്ലെന്നതാണ് ഏറ്റവും വലിയ സൗകര്യം.


അഭിപ്രായ സർവേകൾ നടത്തുന്ന രീതി ശരിയാണോയെന്നതാണ് എല്ലാവർക്കുമുള്ള സംശയം. യഥാർത്ഥത്തിൽ സർവേകൾ എന്നു പറയുന്നത് കണക്കും സയൻസുമെല്ലാം ചേർന്ന ഒരു കളിയാണ്. പത്ത് പേർ പറയുന്ന അഭിപ്രായങ്ങൾ ആയിരങ്ങളുടേതോ പതിനായിരങ്ങളുടേതോ അല്ലെങ്കിൽ ലക്ഷങ്ങളുടേതോ ആക്കി മാറ്റുന്ന സർക്കസാണിത്. സർവേക്കാരുടെ ഭാഷയിൽ ഇംഗ്ലീഷിൽ റാന്റം സർവേ അല്ലെങ്കിൽ റാന്റം സാമ്പിൾ എന്നൊക്കെ പറയും. സംഗതി ഒന്നുമില്ല. അടുപ്പത്ത് വെച്ച അരി ചോറായോ എന്ന് നോക്കാൻ എല്ലാ വറ്റും എടുത്തു നോക്കേണ്ട കാര്യമില്ല. ഒരു വറ്റ് എടുത്ത് നോക്കിയാൽ മതിയെന്ന് നമ്മുടെ അമ്മമാർ പറയാറില്ലേ. സർവേകളുടെ കാര്യവും അത് തന്നെ. പക്ഷേ ഇവിടെ ഒരു പ്രശ്‌നമുണ്ട്. ഒരേ ഗുണവും മണവുമൊക്കെയുള്ള അരിയായിരിക്കും അടുപ്പത്ത് വെയ്ക്കുക. പക്ഷേ തെരഞ്ഞെടുപ്പ് സർവേകളുടെ കാര്യത്തിൽ ഇത് സാധ്യമല്ല. 


കേരളത്തിലെ രണ്ടേ മുക്കാൽ കോടിയിലധികം വരുന്ന വോട്ടർമാരെ സർവേക്കാർ അളക്കുന്നത് കേവലം ആയിരമോ പതിനായിരമോ ആളുകളുടെ അഭിപ്രായം വെച്ചാണ്. വളരെ ശ്രദ്ധിച്ച് വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് സർവേക്കായി ആളുകളെ തെരഞ്ഞെടുക്കുന്നതെന്ന് സർവേ നടത്തുന്ന കമ്പനികൾ പറയും. പക്ഷേ രാഷ്ട്രീയ സർവേകളുടെ കാര്യം വരുമ്പോൾ ഇതൊന്നും വേണ്ട രീതിയിൽ ശരിയായിക്കൊള്ളണമെന്നില്ല. ഓരോ പ്രദേശത്തെയും രാഷ്ട്രീയവും ജനങ്ങളുടെ നിലപാടുകളും അവരുടെ പ്രശ്‌നങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. ഇതിൽ തന്നെ ജാതിയും മതവും സാമൂഹ്യ സ്ഥിതിഗതികളുമെല്ലാം പിന്നെയും മാറും. അപ്പോൾ ഒരു പരിധി വരെ മാത്രമേ സർവേകൾക്ക് ഫലപ്രാപ്തിയുണ്ടാകൂവെന്ന കാര്യം ഉറപ്പ്. 
ഇനി ഇതിനെയാന്ന് വിശ്വസനീയമാക്കുകയാണ് വേണ്ടത്. അതിനായി സ്ഥിരമായി രാഷ്ട്രീയം നിരീക്ഷിക്കുന്ന വ്യക്തികളുടെ അഭിപ്രായങ്ങളും പൊതു നിരീക്ഷണങ്ങളും ട്രൻഡുകളുമെല്ലാം ഉൾപ്പെടുത്തി ഒരു അന്തിമ തീരുമാനം എടുക്കും. അതാണ് ജനങ്ങളുടെ മൊത്തത്തിലുള്ള അഭിപ്രായമായി സർവേകളിലൂടെ പുറത്ത് വിടുന്നത്. ശരിയാകാം ശരിയല്ലാതിരിക്കാം. അതൊക്കെ ആര് നോക്കുന്നു. ദീപസ്തഭം മഹാശ്ചര്യം. സർവേ ക്കാർക്കും ചാനലുകാർക്കും കിട്ടണം പണം.
 

Latest News