ഗുരുവായൂരില്‍ എന്‍.ഡി.എ പിന്തുണക്കുന്ന ദിലീപ് നായര്‍ സുരേഷ് ഗോപിക്കെതിരെ

തൃശൂര്‍  - സുരേഷ് ഗോപിക്കെതിരെ ഗുരുവായൂരില്‍  എന്‍.ഡി.എ പിന്തുണക്കുന്ന സ്ഥാനാര്‍ഥി ദിലീപ് നായര്‍. ഗുരുവായൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കണമെന്ന പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും സുരേഷ് ഗോപി അത്തരം പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും ദിലീപ് നായര്‍ പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ തനിക്ക് സാധിച്ചുവെന്നും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും ദിലീപ് പ്രതികരിച്ചു. നാമനിര്‍ദേശ പത്രിക തള്ളിയത് കാരണം ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ലാത്ത ഗുരുവായൂരിലും തലശ്ശേരിയിലും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തലശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എന്‍. ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ ഗുരുവായൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ ഡി.എസ്.ജെ.പി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായി നടത്തിയ സുരേഷ് ഗോപിയുടെ പ്രതികരണത്തില്‍ ബി.ജെ.പി നേതൃത്വവും വെട്ടിലായിരിക്കുകയാണ്.

 

Latest News