Sorry, you need to enable JavaScript to visit this website.

അയോധ്യ എന്ന രാഷ്ട്രീയ പ്രശ്‌നം

ചരിത്രത്തിന്റെ പ്രക്ഷുബ്ധമായ ഈ ഘട്ടത്തിന്റെ സാക്ഷികളായി കടന്നുപോയ ആർക്കും ബാബരി മസ്ജിദ് ധ്വംസനത്തെ ഒരു മുസ്‌ലിം വിഷയമായി ലഘൂകരിക്കാനാവില്ല. നമ്മുടെ അടിസ്ഥാന മൂല്യങ്ങൾക്ക് മേൽ, നാം ഒരൊറ്റ ജനതയെന്ന മഹത്തായ ആശയത്തിന് മേൽ പതിച്ച വലിയൊരു കളങ്കമായിരുന്നു അത്. 'വി ദ പീപ്പ്ൾ' എന്ന, ഭരണഘടന ആരംഭിക്കുന്ന പ്രഖ്യാതമായ ആ വാക്കുകളുടെ അർഥവിചാരങ്ങളെ കടപുഴക്കുന്ന ഒന്ന്.

​തകർച്ചയുടെ കാൽനൂറ്റാണ്ടിനിപ്പുറവും ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിൽ അണയാതെ നിൽക്കുകയാണ് ബാബരി മസ്ജിദും അയോധ്യാ കേസും. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയിൽനിന്ന് തന്നെ അയോധ്യയെക്കുറിച്ച് പരാമർശമുണ്ടായി. അന്നും ഇന്നും തെരഞ്ഞെടുപ്പ് കാലത്ത് ഹിന്ദുത്വ ശക്തികൾക്ക് അയോധ്യ പ്രിയ വിഷയമാണ്. 
തന്റെ ഭരണകാലത്ത് രാമക്ഷേത്രം നിർമിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അക്കാരണം കൊണ്ട് മാത്രമാണ് മോഡി സംസ്ഥാനത്ത് വാഴിച്ചത് എന്ന് നിരീക്ഷിക്കുന്ന രാഷ്ട്രീയ വിശാരദന്മാർ ധാരാളം.
ഇരുപത്തഞ്ചാം വാർഷികത്തിൽ ബാബരി മസ്ജിദ് കേസ് സുപ്രീം കോടതിയിൽ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഹിന്ദുത്വശക്തികൾക്കോ, അവരെ എതിർക്കുന്ന മതേതര കോൺഗ്രസിനോ ബാബരി മസ്ജിദിന്റെ തകർച്ചയിലെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാകാൻ സാധ്യമല്ല. 
അയോധ്യയിൽ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു വഹിച്ച പങ്കിനെക്കുറിച്ച് പ്രശസ്ത മാധ്യമ പ്രവർത്തകൻ കുൽദീപ് നയാർ ഇന്നും എടുത്തുപറയുന്നത് വെറുതെയല്ല. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കം സമ്മാനിച്ച റാവു ഇന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികൾ അവിടെയും ഇവിടെയുമായി പറ്റിപ്പിടിച്ചുനിൽപുണ്ട്.
അയോധ്യയും രാമനുമാണ് ഭാരതീയ ജനതാ പാർട്ടിയെ വടവൃക്ഷം പോലെ വളർത്തിയത് എന്ന് ഇന്ത്യയുടെ രാഷ്ട്രീയ ബാലപാഠമെങ്കിലും അറിയാവുന്നവർക്ക് വിശദീകരിച്ചുകൊടുക്കേണ്ടതില്ല. രാഷ്ട്രീയമോ ഭരണപരമോ ആയ ഓരോ പ്രതിസന്ധികളും മറികടക്കാൻ ബി.ജെ.പി ഉപയോഗിച്ചത് രാമനെയാണ്. 1992 ഡിസംബർ ആറിന് ബാബ്‌രി മസ്ജിദ് തകർന്നു വീണതാണ് ബി.ജെ.പിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണായകമായ വഴിത്തിരിവ്. മതവികാരവും മതാന്ധതയും ആയുധമാക്കി ഉത്തരേന്ത്യൻ ഗ്രാമീണ മനസ്സുകളിൽ പടർന്നു കയറിയ ബി.ജെ.പി കേന്ദ്രാധികാരം പിടിച്ചെടുക്കാൻ പാകത്തിൽ വളർന്നത് വിരലിലെണ്ണാവുന്ന ഏതാനും വർഷത്തിനകമാണ്. എൺപതുകളുടെ ഒടുവിൽ ആരംഭിച്ച രാമജന്മഭൂമി പ്രസ്ഥാനം ദേശീയ തലത്തിലെ മുഖ്യധാരയിൽ സംഘ്പരിവാറിനെ പ്രതിഷ്ഠിക്കുകയും ഒടുവിൽ ബാബ്‌രി മസ്ജിദിന്റെ പതനത്തിൽ കലാശിക്കുകയുമായിരുന്നു. 


ഭാരതീയ ജനതാ പാർട്ടിയുടേയും സംഘ്പരിവാറിന്റേയും ഗൂഢാലോചനക്ക് വളംവെച്ചുകൊടുത്താൻ കോൺഗ്രസിനെ ഉദ്യുക്തമാക്കിയത്, ഹിന്ദു വോട്ട്ബാങ്കിനെക്കുറിച്ച ഭയമായിരുന്നു. കേന്ദ്രത്തിൽ കോൺഗ്രസിന്റെ അധീശഃശക്തിയെ സംഘ്പരിവാർ തൂത്തെറിഞ്ഞിട്ടും ഇന്നും ആ ഭയം പാർട്ടിയെ വേട്ടയാടുന്നു. 
ഗാന്ധി കുടുംബം രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിൽ ബാബരി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നെന്ന് ഒരിക്കൽ രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ പക്വതയുടേയും പുതിയ പ്രതിച്ഛായയുടേയും ബലത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഗുജറാത്തിൽ പത്മവ്യൂഹമൊരുക്കാൻ ശ്രമിക്കുന്ന ഇന്നത്തെ രാഹുൽ ഗാന്ധിയല്ല, രാഷ്ട്രീയത്തിൽ കാലുറക്കാത്ത പിഞ്ചുപൈതലിന്റെ ആടിക്കുഴയലിന്റെ കാലത്തായിരുന്നു അദ്ദേഹമത് പറഞ്ഞത്. ഇന്ന് സുപ്രീം കോടതിയിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ അയോധ്യാകേസിൽ ഹിന്ദുത്വശക്തികൾക്കെതിരെ വാദമുഖങ്ങൾ തീർക്കുമ്പോൾ ചരിത്രത്തിൽ ഒരു ചിരി തെളിഞ്ഞുവരുന്നുണ്ട്. 
മസ്ജിദ് തകർത്ത സംഭവത്തിൽ ഹിന്ദുത്വ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിട്ട കോൺഗ്രസുകാരനായ പ്രധാനമന്ത്രി നരസിംഹറാവു എവിടെ, രാഹുൽ പറഞ്ഞതു പോലെ മസ്ജിദിന്റെ മുമ്പിൽ കാവൽക്കാരനാകാൻപോലും ആഗ്രഹിച്ച്, വിധ്വംസക ശക്തികളുടെ ആക്രമണത്തിനു മുന്നിൽ മരിച്ചുവീഴാൻ മോഹിച്ച ത്യാഗധനനായ രാജീവ് ഗാന്ധിയെവിടെ? 1949 ഡിസംബർ 22-23 ന്റെ രാത്രിയിൽ ബാബ്‌രി മസ്ജിദിന്റെ ഉള്ളിൽ അതിക്രമിച്ചു കയറി ഒരുകൂട്ടം സാമൂഹികവിരുദ്ധർ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ആരാധന തുടങ്ങുകയും ചെയ്യുമ്പോൾ ഇന്ത്യാ മഹാരാജ്യം ഭരിച്ചിരുന്നത് ആരായിരുന്നെന്ന് കോൺഗ്രസ് മറക്കാനിടയില്ല. രാഷ്ട്രശിൽപി നെഹ്‌റു ഇന്ദ്രപ്രസ്ഥത്തിലും വത്സല ശിഷ്യൻ ഗോവിന്ദ് വല്ലഭ് പന്ത് സംസ്ഥാനത്തും വാണരുളുമ്പോഴാണ് ഇരുളിന്റെ മറപിടിച്ച് ചിലർ മസ്ജിദിലേക്ക് നുഴഞ്ഞുകയറിയത്. 
ഇൻ ദ നെയിം ഓഫ് ഗോഡ് എന്ന തന്റെ ചിത്രത്തിൽ ആനന്ദ് പട്‌വർധൻ അന്ന് നുഴഞ്ഞുകയറിയ ചിലരെ പരിചയപ്പെടുത്തുന്നു. അതിലൊന്ന് കെ.കെ. നായർ എന്ന അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ്, മറ്റൊരാൾ താനാണെന്ന് അയോധ്യാ പ്രസ്ഥാനത്തിലെ മുൻനിരക്കാരനായിരുന്ന രാമചന്ദ്ര പരമഹംസ് വെളിപ്പെടുത്തുകയുണ്ടായി (ഫ്രണ്ട് ലൈൻ, 1994 സെപ്റ്റംബർ 9). 
1850 ൽ ബ്രിട്ടീഷ് ഭരണകാലത്തു തന്നെ ഉയർന്നുവന്നതാണ് ബാബ്‌രി മസ്ജിദ് തർക്കമെന്ന് ചരിത്രം പറയുന്നു. 1850കളുടെ മധ്യത്തിൽ രാമന്റെ ജന്മസ്ഥലമെന്ന അവകാശവാദവുമായി ചിലർ രംഗത്തെത്തിയതിനെത്തുടർന്ന് പള്ളിക്ക് പുറത്തുള്ള ഛബൂത്രയിൽ (പ്ലാറ്റ്‌ഫോം) ഹിന്ദുക്കൾക്ക് ആരാധന നടത്താൻ സർക്കാർ അനുമതി നൽകുകയുണ്ടായി. 1883 ൽ അവിടെ ക്ഷേത്രം പണിയണമെന്ന ചില പണ്ഡിറ്റുകളുടെ ആവശ്യം, മസ്ജിദുമായുള്ള സാമീപ്യം മുൻനിർത്തി, ബ്രിട്ടീഷ് അധികൃതർ തള്ളുകയായിരുന്നു. പിന്നീട് ഗാന്ധികുടുംബത്തിന്റെ 'സ്ഥാപകനായ' നെഹ്‌റുവിന്റെ കാലത്താണ് അയോധ്യാപ്രശ്‌നം കത്തിയാളാൻ തുടങ്ങിയത്. പതിറ്റാണ്ടുകൾക്കുശേഷം അയോധ്യയിൽ ശിലാന്യാസത്തിന് അനുമതി നൽകിയതും ആരാധനക്കായി ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കുകയും ചെയ്തത് രാജീവ്ഗാന്ധിയാണ്. തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ അയോധ്യയിൽനിന്ന് രാജീവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. 
ബാബ്‌രി മസ്ജിദ് തകർത്തതിൽ തങ്ങൾക്കുള്ള പങ്ക് പിന്നീട് കോൺഗ്രസ് തുറന്നു പറഞ്ഞിട്ടുണ്ട്. രാഷ്ട്രത്തോട് അവർ മാപ്പു പറയുകയുമുണ്ടായി. പക്ഷെ എൺപതുകൾക്ക് ശേഷം ദേശീയ രാഷ്ട്രീയത്തിലെ സൂക്ഷ്മ ചലനങ്ങളെ സ്വാധീനിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായി ഇന്നും അയോധ്യ നിലനിൽക്കുന്നു.
സമകാലീന ഇന്ത്യൻ ചരിത്രത്തിലെ വിള്ളൽ എന്നാണ് 1989-92 കാലഘട്ടത്തിലെ ദേശീയ രാഷ്ട്രീയത്തെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. മതേതരത്വം, സോഷ്യലിസം, ബഹുസ്വരമായ ഒരു ജനാധിപത്യ പശ്ചാത്തലം എന്നീ മനോഞ്ജമായ ആശയങ്ങളാൽ പരിലസിച്ച ഇന്ത്യയുടെ സമവായ കാലം പരിപൂർണമായും തകർന്നടിഞ്ഞ കാലം. മറുവശത്ത്, ഉന്മാദവിജയത്തിന്റെ രഥമേറിയ ഹിന്ദുത്വ ശക്തികളുടെ പടയോട്ടം അസാധാരണമായ ഗതിവേഗം കൈവരിച്ചതിന്റെ ആശങ്കകൾ. 
ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ വിഭാഗമായി പരിവർത്തിപ്പിക്കപ്പെടാൻ ആവശ്യമായ ഊർജദായിനിയായിരുന്നു അവർക്ക് അയോധ്യ. 1984 നും 89 നുമിടക്ക് അവർ രണ്ടിൽനിന്ന് 85 ലേക്ക് പാർലമെന്റിലെ അംഗസംഖ്യ വർധിപ്പിച്ചു. ഹിന്ദു ദേശീയവാദ പ്രസ്ഥാനം ശക്തിയാർജിച്ചു. ദേശീയ രാഷ്ട്രീയത്തിന്റെ ഭൂപടത്തിലേക്ക് ബി.ജെ.പി കയറിവന്നു. 2004 ആയപ്പോഴേക്കും രാഷ്ട്രം ഭരിക്കാൻ അവർ നിയുക്തരായി. 2014 ൽ കേവല ഭൂരിപക്ഷത്തോടെ അതിശക്തമായ രാഷ്ട്രീയ സാന്നിധ്യമായി അവർ ഇന്ത്യയെങ്ങും പടർന്നു.
മറുവശത്ത് കോൺഗ്രസ്, ഒലിച്ചു പോകുന്ന ഹിന്ദുവോട്ട് ബാങ്കും അവിശ്വാസത്തോടെ മാറിനിൽക്കുന്ന ന്യൂനപക്ഷങ്ങളേയും കണ്ട് അമ്പരന്നു. ഇന്നും മാറാത്ത അമ്പരപ്പ്. അടിസ്ഥാനമൂല്യങ്ങൾക്കായുള്ള പോരാട്ടം പ്രീണനമായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയം.
 25 വർഷത്തിനിപ്പുറവും കോൺഗ്രസിന് ഈ രാഷ്ട്രീയ യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല. വർഗീയ ധ്രുവീകരണം അതിന്റെ പാരമ്യത്തിലെത്തിയ ഗുജറാത്തിൽ, ദളിതുകളേയും പിന്നോക്കക്കാരേയും, പട്ടേൽമാരെയുമൊക്കെ ചേർത്തുപിടിക്കുമ്പോഴും കലാപത്തീയിലെരിഞ്ഞ ന്യൂനപക്ഷ മതവിഭാഗത്തെ ഒപ്പം കൂട്ടാത്തത് ഈ ഭയംമൂലമാണ്. 
തൊണ്ണൂറുകളിൽ മണ്ഡൽ കമീഷൻ റിപ്പോർട്ടിനെത്തുടർന്ന് ധ്രുവീകരിക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രീയം ബാബരി മസ്ജിദ് സംഭവത്തിലൂടെ കൂടുതൽ വർഗീയവത്കരിക്കപ്പെട്ടു. 
ദേശീയ രാഷ്ട്രീയത്തിൽ വരുംകാലത്തും അയോധ്യ സജീവ സാന്നിധ്യമായി നിലനിൽക്കുമെന്നതിന്റെ സൂചനയാണ് ബാബരി കേസിൽ സുപ്രീം കോടതിയിൽ ഇപ്പോൾ നടക്കുന്ന വാദങ്ങൾ. അയോധ്യ കേസിലെ വാദംകേൾക്കൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ മാറ്റിവെക്കണമെന്ന കപിൽ സിബലിന്റെ ആവശ്യം വെറുതെയാണോ? 
ദേശീയ രാഷ്ട്രീയത്തെ ഇത്രമേൽ സ്വാധീനിച്ച ഒരു രാഷ്ട്രീയ വിഷയം സുപ്രീം കോടതിയിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സ്വത്തുതർക്കമായി ന്യൂനീകരിക്കപ്പെട്ടതാണ് ആശ്ചര്യവും സങ്കടവുമുളവാക്കുന്നത്. ബാബരി മസ്ജിദ് ഒരു കാലത്ത് നിലനിന്ന സ്ഥലം ആരുടേതാണ് എന്ന തർക്കത്തിനാണ് സുപ്രീം കോടതി പരിഹാരമുണ്ടാക്കേണ്ടത്. ചരിത്രത്തിന്റെ പ്രക്ഷുബ്ധമായ ഈ ഘട്ടത്തിന്റെ സാക്ഷികളായി കടന്നുപോയ ആർക്കും ബാബരി മസ്ജിദ് ധ്വംസനത്തെ ഒരു മുസ്‌ലിം വിഷയമായി ലഘൂകരിക്കാനാവില്ല. നമ്മുടെ അടിസ്ഥാന മൂല്യങ്ങൾക്ക് മേൽ, നാം ഒരൊറ്റ ജനതയെന്ന മഹത്തായ ആശയത്തിന് മേൽ പതിച്ച വലിയൊരു കളങ്കമായിരുന്നു അത്. 'വി ദ പീപ്പ്ൾ' എന്ന, ഭരണഘടന ആരംഭിക്കുന്ന പ്രഖ്യാതമായ ആ വാക്കുകളുടെ അർഥവിചാരങ്ങളെ കടപുഴക്കുന്ന ഒന്ന്.
ഇന്ത്യൻ ജനാധിപത്യം അതിന്റെ സൗന്ദര്യമായ ബഹുസ്വരതയിൽനിന്ന് അകന്നുപോകുകയും വർഗീയ ആശയങ്ങളിലധിഷ്ഠിതമായ ധ്രുവീകരണം ശക്തിപ്രാപിക്കുകയും ചെയ്യുന്ന സമകാലീന കാലത്ത്, ഒരേയൊരു ചോദ്യം മാത്രമാണ് ഉയരുന്നത്. ഇന്ത്യയിൽ നിലനിൽക്കേണ്ടത് ബാപ്പുജിയുടെ സ്വപ്‌നങ്ങളോ അതോ അദ്ദേഹത്തെ കൊല ചെയ്തവരുടെ പ്രത്യയശാസ്ത്രമോ.. കാലമാണ് മറുപടി നൽകേണ്ടത്.

Latest News