തൊടുപുഴ- കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം തെറ്റായിപ്പോയി എന്നും പ്രസംഗം പിൻവലിക്കുന്നുവെന്നും ഇടുക്കി മുൻ എം.പി ജോയ്സ് ജോർജ് പറഞ്ഞു. കുമളി അണക്കരയിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയിൽ ജോയ്സ് പരസ്യമായി ക്ഷമ ചോദിച്ചു.
തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ജോയ്സ് ജോർജ് പറഞ്ഞു.
പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ പെണ്ണ് കെട്ടിയിട്ടില്ലെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ വിവാദ പരാമർശം. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ മന്ത്രി എം.എം. മണിയടക്കമുള്ളവരെ വേദിയിലിരുത്തി നടത്തിയ അധിക്ഷേപ പ്രസംഗം വലിയ വിമർശമാണ് ക്ഷണിച്ചുവരുത്തിയത്.
ഇന്നലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ അനുചിതമായ ചില പരാമർശങ്ങൾ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അത് ഞാൻ നിരുപാധികം പിൻവലിക്കുന്നു. ഖേദം പ്രകടിപ്പിക്കുന്നു- ജോയ്സ് ജോർജ് ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.






