Sorry, you need to enable JavaScript to visit this website.

ഫൈസർ, മോഡേണ വാക്സിനുകൾക്ക് ഒറ്റ ഡോസിൽ തന്നെ ഫലപ്രാപ്തിയെന്ന് പഠനം

വാഷിങ്ടൻ- ഫൈസറും മോഡേണയും പുറത്തിറക്കുന്ന കോവിഡ് വാക്സിനുകൾക്ക് ഉയർന്ന ഫലപ്രാപ്തിയുണ്ടെന്ന് യുഎസിൽ നടത്തിയ പഠനം. ആദ്യത്തെ ഡോസ് തന്നെ ആവശ്യമായ പ്രതിരോധം ശരീരത്തിന് നൽകുന്നുണ്ടെന്നാണ് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഈ വാക്സിനുകളുടെ ആദ്യ ഡോസ് എടുത്തവർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത 80 ശതമാനം കുറഞ്ഞതായി പഠനം പറയുന്നു. രണ്ടാമത്തെ ഡോസ് കൂടി എടുക്കുന്നതോടെ ഇത് 90 ശതമാനമായി മാറുന്നു. 

യുഎസ്സിൽ വാക്സിനേഷൻ കഴിഞ്ഞ ആരോഗ്യപ്രവർത്തകരിലും മറ്റ് മുൻനിരപ്രവർത്തകരിലുമാണ് പഠനം നടത്തിയത്. നാലായിരത്തോളം പേരാണ് പഠനത്തിന്റെ സർവ്വേയിൽ പങ്കെടുത്തത്. വാക്സിനേഷൻ അണുബാധയെ എത്രത്തോളം തടയുന്നുവെന്നതായിരുന്നു അന്വേഷണ വിഷയം. ലോകത്തിൽ ഏറ്റവും വേഗത്തിൽ വികസിപ്പിക്കപ്പെട്ട വാക്സിനുകളാണ് കോവിഡ് പ്രതിരോധത്തിനായി സൃഷ്ടിക്കപ്പെട്ടവ. ഏതൊരു വാക്സിന്റെയും ഫലപ്രാപ്തി തെളിയിക്കപ്പെടാൻ ഏറെ സമയമെടുക്കും. വർഷങ്ങളെടുക്കുന്ന പരീക്ഷണങ്ങൾക്കൊടുവിലാണ് വാക്സിനുകൾ പുറത്തിറങ്ങാറുള്ളത്. അതിവേഗം വികസിപ്പിക്കപ്പെടുകയും പ്രയോഗത്തിൽ വരികയും ചെയ്തതിനാൽ കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് കണിശമായ ധാരണ ഇനിയുമായിട്ടില്ല.   

Latest News