വ്യോമ സുരക്ഷാ ഫീസ് വർധിപ്പിച്ചു ഏപ്രില്‍ ഒന്ന് മുതല്‍ വിമാന ടിക്കറ്റ് നിരക്ക് കൂടും

ന്യൂദല്‍ഹി- ആഭ്യന്തര, അന്തർദേശീയ വിമാന യാത്രകൾക്ക് ഏപ്രിൽ ഒന്നു മുതൽ നിരക്ക് കൂടും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യോമ സുരക്ഷാ ഫീസ് (എ എസ് എഫ്) ഉയർത്താൻ തീരുമാനിച്ചതിനെ തുടർന്നാണിത്.

ആഭ്യന്തര വിമാന യാത്രക്കാർക്ക് പുതുക്കിയ എ.എസ്.എഫ് 40 രൂപയും അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് 114.38 രൂപയുമാണ്.

ആഭ്യന്തര യാത്രക്കാർക്ക് ഏവിയേഷൻ സെക്യൂരിറ്റി ഫീസ് 200 രൂപ നിരക്കിലും അന്താരാഷ്ട്ര യാത്രക്കാർക്ക് ഏവിയേഷൻ സെക്യൂരിറ്റി ഫീസ് 12 യുഎസ് ഡോളർ അല്ലെങ്കിൽ അതിനു തുല്യമായ ഇന്ത്യൻ രൂപ നിരക്കിൽ ഈടാക്കും. പുതിയ നിരക്കുകൾ ഏപ്രില്‍ ഒന്നുമുതല്‍ ഇഷ്യൂ ചെയ്യുന്ന ടിക്കറ്റിൽ പ്രാബല്യത്തിൽ വരുമെന്ന്  ഡിജിസിഎ സർക്കുലറില്‍  പറയുന്നു.

ആറുമാസത്തിനുശേഷമാണ് എ.എസ്.എഫ് നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്.  കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഭ്യന്തര വിമാന യാത്രക്കാർക്കുള്ള എ.എസ്.എഫ് 10 രൂപ വർധിപ്പിച്ച് 160 രൂപയാക്കിയിരുന്നു.  അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് 4.85 ഡോളറിൽ നിന്ന് 5.20 ഡോളറായാണ് ഉയർത്തിയിരുന്നത്.

 

Latest News