Sorry, you need to enable JavaScript to visit this website.

വൈവിധ്യങ്ങളുടെ അബഹ

ഒരു ഭാഗത്ത് വനവും പച്ചപ്പ് നിറഞ്ഞ മലനിരകളും, മറുഭാഗത്ത് അമേരിക്കയിലെ ഗ്രാൻ കന്യാൻ എന്നു തോന്നിക്കുന്ന ചെങ്കുത്തായ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശം. നഗര മധ്യത്തിൽ തന്നെ ഒരു അണക്കെട്ട്. സാഹസിക ഡ്രൈവർമാർക്ക് വെല്ലുവിളിയാവുന്ന കുത്തനെയുള്ള ചുരം റോഡുകൾ. സുന്ദരമായ ഉദ്യാനങ്ങൾ, അതിവിശാലമായ കൃഷിയിടങ്ങൾ... പ്രകൃതിയുടെ വൈവിധ്യങ്ങളാൽ സമ്പന്നമാണ് സൗദി അറേബ്യയുടെ ഊട്ടി എന്ന് വിശേഷിപ്പിക്കാവുന്ന അബഹ.


സീസൺ ആകുമ്പോൾ സൗദിയിൽനിന്ന് മാത്രമല്ല, ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നുമുള്ള സഞ്ചാരികൾ ഒഴുകിയെത്തുന്ന അബഹ, കോവിഡിന്റെ ദീർഘ ഇടവേളക്കു ശേഷം വീണ്ടും സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിനിൽക്കുകയാണ്. രാജ്യത്തെ നാലാമത്തെയോ അഞ്ചാമത്തെയോ വലിയ നഗരമാണെങ്കിലും അബഹയെ മനോഹരമായി നിലനിർത്താൻ അധികൃതർ അതീവ ജാഗ്രതയാണ് കാണിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള വിശാലമായ വീഥികൾ ഏത് സഞ്ചാരിയിലും മതിപ്പുളവാക്കും. വേനലിലും കുളിരുള്ള കാലാവസ്ഥയാവട്ടെ, ഒരിക്കൽ വന്നവരെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കും.


എല്ലാ വർഷവും വേനലവധിക്കാലത്താണ് അബഹ സന്ദർശകരെക്കൊണ്ട് നിറയുന്നത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങൾ കൊടുംചൂടിനാൽ വലയുമ്പോൾ ജനം മനസ്സിനും ശരീരത്തിനും കുളിർമയേകാൻ ഇങ്ങോട്ട് ചുരം കയറിയെത്തും. ഇവിടത്തെ മലകൡലൂടെയുള്ള യാത്രയും നയനാനന്ദകരമായ പ്രകൃതിഭംഗിയും ആസ്വദിക്കും. നാല് മാസക്കാലത്തോളം സഞ്ചാരികളാൽ നിബിഢമായിരിക്കും അബഹ. 


ഇന്ത്യയിൽ പശ്ചിമഘട്ടമെന്ന് പറയുന്നതു പോലെ സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സുദീർഘമായ മലനിരകളുടെ ഭാഗമാണ് അബഹ. സമുദ്ര നിരപ്പിൽനിന്ന് 2400 അടിയിലേറെ ഉയരമുള്ള മലനിരകൾ നിറഞ്ഞ പ്രദേശം. ഈ മലനിരകളിലെ പാറക്കെട്ടുകളും വനങ്ങളും കൃഷിയിടങ്ങളുമെല്ലാം കാഴ്ചക്ക് പ്രത്യേക അനുഭൂതി പകരുന്നവയാണ്.


മലനിരകളിൽ ഏറ്റവും ഉയരമുള്ളവയുടെ കൂട്ടത്തിൽ പെടുന്ന അൽസൂദ ഒരേസമയം അമ്പരപ്പിക്കുയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന പ്രകൃതി ഭംഗിയാണ് കാഴ്ച വെക്കുന്നത്. അബഹയിലെ രണ്ട് കാബിൾ കാർ പോയന്റുകളിൽ ഒന്ന് അൽസൂദയിലാണ്. മലയുടെ മുകളിൽനിന്ന് വനത്തിന് നടുവിലൂടെ ഒറ്റയടിപ്പാതയിലൂടെ നടന്നു ചെല്ലാവുന്ന വ്യൂ പോയന്റുണ്ട്. ഒരാൾക്ക് നടക്കാവുന്ന ടാറിട്ട പാത. കുറെ പോകുമ്പോൾ കൊക്കക്ക് കുറുകെ നീണ്ട മരപ്പാലം. ഈ യാത്രയിൽ പാതയുടെ ഒരു വശത്ത് കൂറ്റൻ പാറക്കെട്ടുകൾ തുരന്നെടുത്തതു പോലെ നിരവധി ഗുഹകൾ. സീസണിൽ അബഹയിലെത്തുന്ന സഞ്ചാരികൾക്ക് വൈകുന്നേരങ്ങളിൽ ഈ ഗുഹകളിൽ വന്നിരിക്കുന്നതും ഇറച്ചിയും മറ്റും ചുട്ടു കഴിക്കുന്നതും ഹരമാണ്.

ഗുഹകളിൽ ഇരുന്ന് താഴെ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കുകയും ചെയ്യാം. വ്യൂ പോയിന്റിലെത്തിയാൽ ഒരു വശത്ത് വനവും പാറക്കെട്ടുകളും മറുഭാഗത്ത് അതിവിശാലമായ താഴ്‌വാരവും അവിടങ്ങളിലെ ചെറു ഗ്രാമങ്ങളും കാണാം. അൽസൂദ മലയുടെ ഏറ്റവും മുകളിലെ വ്യൂ പോയന്റിലെത്തിയാൽ താഴെ റിജാൽ അൽമ പട്ടണത്തിലേക്ക് പോകുന്ന ചുരം പാത അമ്പരപ്പിക്കുന്നതാണ്. കുത്തനെയുള്ള ഇറക്കവും ഹെയർപിൻ വളവുകളും ആരെയും അദ്ഭുതപ്പെടുത്തും. 16 കിലോമീറ്റർ ആ പാതയിലൂടെ ഇറങ്ങിപ്പോയാൽ റിജാൽ അൽമയിലെത്തും. താഴേക്ക് പോകുമ്പോൾ ചെങ്കുത്തായ പാറകൾക്കിടയിൽ പോലും ഒറ്റപ്പെട്ട വീടുകൾ കാണാം. ഈ മേഖലയിലെ പഴയകാല ജീവിതം വ്യക്തമാക്കുന്ന മ്യൂസിയം റിജാൽഅൽമയിലുണ്ട്. 


അൽസൂദയിലേക്ക് അബഹ നഗരത്തിലേക്കുള്ള പാതയുടെ ഒരു വശത്ത് നിറയെ കൃഷിയിടങ്ങളും ഫാമുകളുമാണ്. പ്രധാനമായും തക്കാളി, ഇല വർഗങ്ങൾ, മറ്റു പച്ചക്കറികൾ എന്നിവയുടെ കൃഷിയിടങ്ങൾ. മുന്തിരിയും മാതളവും മറ്റും വിളയുന്ന ഫാമുകളുമുണ്ട്.
ഈ ഹരിതാഭയുടെ നേർവിപരീതമായ അനുഭവമാണ് പരുക്കനും അൽപം ഭയം തോന്നിക്കുന്ന വിജനതയുമുള്ള ഹബല പ്രദേശം. അബഹയിൽനിന്ന് ഏതാണ് 40 കിലോമീറ്റർ അകലെ നജ്‌റാൻ റോഡിൽനിന്ന് ഉള്ളിലേക്ക് പോയാൽ ഹബലയിലെത്താം. ഹോളിവുഡ് റോഡ് മൂവികളിൽ കാണുന്നതു പോലുള്ള പാറകൾ നിറഞ്ഞ, എന്നാൽ നീണ്ടു പരന്നുകിടക്കുന്ന പ്രദേശം. ഹബലയിലെത്തിയാലോ ഗ്രാന്റ് കന്യാൻ കാഴ്ചകൾ പോലെ ചെങ്കുത്തായ പാറക്കെട്ടുകൾ. കൊളറാഡോ നദിക്കിരുവശവുമാണ് ഗ്രാന്റ് കന്യാൻ. ഇവിടെ നദിയില്ല, പക്ഷേ ഏതോ കാലത്ത് നദി ഒഴുകിയിരുന്നതു പോലുള്ള പ്രദേശം. മഴക്കാലത്ത് മലമുകളിൽനിന്നും പാറക്കെട്ടുകളിൽനിന്നും ഇരച്ചെത്തുന്ന ജലം ഈ മലയിടുക്കുകളിലൂടെ ഒഴുകും. കുറച്ച് കാലത്തേക്കെങ്കിലും അതൊരു നദിയാവും.


ഹബല എന്നാൽ കയർ എന്നാണർഥം. നൂറ്റാണ്ടുകൾക്കു മുമ്പ് ഈ ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിൽ പോലും ഗുഹാവീടുകൾ നിർമിച്ച് അതിൽ താമസിച്ചിരുന്ന ഗോത്രങ്ങളുണ്ടായിരുന്നു. അവർ മലമുകളിൽനിന്ന് കെട്ടിത്താഴ്ത്തിയ കയറുകളിൽ തൂങ്ങിയാണ് താഴെയുള്ള വീടുകളിലേക്ക് പോയിരുന്നത്. പ്രത്യേക സ്വഭാവവും ജീവിത ശൈലിയുമുള്ള ഗോത്രവർഗക്കാർ. അബഹയിലെ ആദ്യ റോപ്‌വേ ഹബലയിലേതാണ്. പാറക്കെട്ടിനു മുകളിൽനിന്ന് താഴെ ഗുഹാ വീടുകൾ ഉണ്ടായിരുന്ന സ്ഥലം വരെയാണ് ചെങ്കുത്തായ റോപ്‌വേ. അൽപം സാഹസ മനസ്സും ധൈര്യവുമുള്ളവർക്കേ ഈ റോപ്‌വേയിൽ സഞ്ചരിക്കാനാവൂ.


സീസണിൽ ഹബലയിലേക്കുള്ള റോഡിനിരുവശവും മരുഭൂമിയെ സഞ്ചാരികൾ ക്യാമ്പിംഗിനാണ് ഉപയോഗിക്കുന്നത്. ചെറിയ ടെന്റുകളുമായെത്തുന്നവർ മരുഭൂമിയുടെ ഒഴിഞ്ഞ പ്രദേശങ്ങളിൽ രാത്രി മുഴുവൻ തീക്കാഞ്ഞ് കഴിയും. ഭക്ഷണം പാകം ചെയ്യും, കഴിക്കും. ആകാശത്തിന് കീഴെ പരുക്കൻ മരുഭൂമിയുടെ മർമരം കേട്ട്, വളരെ വ്യത്യസ്തമായൊരു അനുഭവം. ആ സമയം ഇവിടെ സഞ്ചാരികളുടെ പ്രവാഹമായിരിക്കുമെന്നതിന് ഹബലയിലെ അതിവിശാലമായ പാർക്കിംഗ് ഏരിയകൾ തന്നെ തെളിവ്.
നഗര ഹൃദയത്തിൽ തന്നെയുള്ള അണക്കെട്ടാണ് അബഹയുടെ മറ്റൊരു ആകർഷണം.

മഴ ധാരാളമായി കിട്ടുന്നതിനാൽ ചുറ്റുമുള്ള മലകളിൽനിന്ന് ഒഴുകിവരുന്ന അരുവികൾ ഈ അണക്കെട്ടിലാണെത്തുക. പ്രധാനമായും കൃഷി ആവശ്യമായ ജലസേചനത്തിനു വേണ്ടി പണിത അണക്കെട്ടാണിത്. അബഹയിൽ മുഴുവൻ നല്ല ശുദ്ധജലം ലഭിക്കുന്നത് ഈ അണക്കെട്ടിൽനിന്നാണ്. അണക്കെട്ടിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധം ജനലുകളും ബാൽക്കണികളുമുള്ള ഹോട്ടൽ മുറികളും വീടുകളും ചുറ്റിനുമുണ്ട്. വൈകുന്നേരങ്ങളിൽ സഞ്ചാരികൾ അണക്കെട്ടിന് സമീപത്തെ പാർക്കിൽ വന്നിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്നു. സീസൺ കാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ടൂറിസം അധികൃതർ നടത്തുന്ന കരിമരുന്ന് പ്രയോഗവും അണക്കെട്ടിന് സമീപത്തു നിന്നാണ്.


സഞ്ചാരികളെ ആകർഷിക്കാനായി ഒരു മലമുകളിൽ ഒരുക്കിയ വിമാന റെസ്റ്റോറന്റ് കൗതുകമുണർത്തുന്നതാണ്. ഇതിനായി ഉപയോഗ കാലാവധി കഴിഞ്ഞ ഒരു സൗദിയ വിമാനം മല മുകളിൽ എത്തിച്ചു. എന്നാൽ കോവിഡ് ആയതിനാൽ തുടർ പ്രവർത്തനങ്ങൾ നടത്തി റെസ്റ്റോറന്റ് ആരംഭിക്കാനായില്ല. എങ്കിലും മലമുകളിലെ വിമാനം മനോഹരമായൊരു ദൂരക്കാഴ്ചയാണ്.ടൂറിസം വികസനം ലക്ഷ്യമിട്ട് വൻ വികസന പദ്ധതികളാണ് സൗദി അധികൃതർ വരും വർഷങ്ങളിൽ അബഹയിൽ നടപ്പാക്കാനിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, ഹരിതവൽക്കരണം, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, ടൂറിസ്റ്റുകൾക്കായി കൂടുതൽ താമസ സൗകര്യങ്ങൾ ഒരുക്കുക എന്നിവയെല്ലാം ഏതാണ്ട് മൂവായിരം കോടി റിയാലിന്റെ വികസന പദ്ധതിയുടെ ഭാഗമായുണ്ട്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഇവയെല്ലാം യാഥാർഥ്യമാവുന്നതോടെ ഇപ്പോഴത്തേതിന്റെ പല മടങ്ങ് സഞ്ചാരികളെ സ്വീകരിക്കാൻ അബഹ സജ്ജമാവും. ഒപ്പം കാഴ്ചയുടെ വൈവിധ്യവും പെരുകും.


 

Latest News