video- രാഹുല്‍ പെണ്ണ് കെട്ടിയിട്ടില്ല, പെണ്‍കുട്ടികള്‍ കുനിഞ്ഞു നില്‍ക്കരുത്; മുന്‍ എം.പി വിവാദത്തില്‍

കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയെ വ്യക്തപരമായി അധിക്ഷേപിച്ച് ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ ഇടതു മുന്നണി തെരഞ്ഞെടുപ്പ് യോഗത്തിലാണ് വിവാദ പ്രസംഗം. മന്ത്രി എം.എം. മണി അടക്കമുള്ളവരുണ്ടായിരുന്ന വേദയില്‍ പൊട്ടിച്ചിരിയോടെയാണ് ഇത് സ്വീകരിച്ചത്.
എറണാകുളം സെന്റ് തെരാസസ് കോളജിലെ പെണ്‍കുട്ടികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചതിനെയും പെണ്‍കുട്ടികളെ ഐക്കിഡോ പരിശീലിപ്പിച്ചതിനെയുമാണ് ജോയ്‌സ് ജോര്‍ജ് പരിഹസിച്ചത്.

രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രമുള്ള കോളജുകളിലെ പോവുകയുള്ളു. അവിടെ ചെന്ന് വളഞ്ഞു നില്‍ക്കാനും കുനിഞ്ഞു നില്‍ക്കാനുമൊക്കെ  പഠിപ്പിക്കും. പക്ഷെ അങ്ങനെയൊന്നും ചെയ്യരുത്. കാരണം, രാഹുല്‍ പെണ്ണ് കെട്ടിയിട്ടില്ല ഇതായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം.

ജോയ്‌സ് ജോര്‍ജിന്റെ അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇടുക്കി ഡി.സി.സി പ്രസിഡന്റും ഇബ്രാഹിംകുട്ടി കല്ലാറും ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസും രംഗത്തെത്തി. സ്വയം മ്ലേച്ഛനാണെന്ന് ജോയ്‌സ് ജോര്‍ജ് പൊതുസമൂഹത്തോട് വിളിച്ചു പറയുകയാണ് ചെയ്തതെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.

നിസാരമായ പരാമര്‍ശമല്ല ജോയ്‌സ് ജോര്‍ജ് നടത്തിയത്. അവനവന്റെ ഉള്ളിരിപ്പാണ് പുറത്തുവന്നത്. പരാമര്‍ശം നടത്തിയ ജോയ്‌സ് അശ്ലീല വികാരക്കാരനാണെന്ന് തെളിയിച്ചിരിക്കുന്നു. മുന്‍ എം.പി അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണ്. ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമീഷനും വനിതാ കമീഷനും പരാതി നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

 

Latest News