തൃശൂർ- കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് തൃശൂർ മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടന്നത് എന്ന് ബിനോയ് വിശ്വം എം.പി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി പി. ബാലചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തയ്യാറാക്കിയ പ്രകടന പത്രികയും കഴിഞ്ഞ അഞ്ചുവർഷത്തെ മണ്ഡലം വികസന നേട്ടങ്ങൾ വിവരിക്കുന്ന വികസന രേഖയും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭരണത്തുടർച്ച ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുന്ന യാഥാർത്ഥ്യമാണ്. അത് ആരുടെയെങ്കിലും ദുഷ്പ്രചാരണങ്ങൾകൊണ്ട് ഇല്ലാതാകുന്നതല്ല. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുന്നതുപോലെ തൃശൂർ നിയോജക മണ്ഡലത്തിലും എൽ.ഡി.എഫ് തുടരുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, എൽ.ഡി.എഫ് നേതാക്കളായ കെ.പി രാജേന്ദ്രൻ, പി.കെ ഷാജൻ, കെ.വി ഹരിദാസ്, കെ .ബി സുമേഷ്, രാജശ്രീ ഗോപൻ തുടങ്ങിയവർ സംസാരിച്ചു.