തൃശൂർ- തൃശൂരിന്റെ പെരുമയായ പൂരത്തിനു വേണ്ടി പോരാടിയതിനു പത്മജ വേണുഗോപാലിനോട് കടപ്പെട്ടിരിക്കുന്നുവെന്നു തൃശൂർ പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ. തൃശൂർ പൂരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിൽ പ്രതിഷേധിച്ചു തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ പത്മജ നടത്തിയ ധർണയുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂരിന്റെ എം എൽ എ ആയി പത്മജ വേണുഗോപാൽ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമരത്തോടെയാണ് പൂരം പ്രദർശനത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നു അതിവേഗം നടപടികൾ ഉണ്ടായത്. പത്മജ വേണുഗോപാൽ തൃശ്ശൂരിന്റെ പ്രതിനിധി ആയി വരുമെന്നും അവരുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്നും സതീഷ് മേനോൻ പറഞ്ഞു.
ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി .വി ചന്ദ്രമോഹൻ പത്മജ വേണുഗോപാലിനെ പൊന്നാട അണിയിച്ചു ധർണ അവസാനിപ്പിച്ചു. വർഷങ്ങളായി പൂരം പ്രദർശനം ചെയർമാനായി പ്രവർത്തിച്ച കെ .കരുണാകരനെ ചന്ദ്രമോഹൻ അനുസ്മരിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. പാറമേക്കാവ് വൈസ് പ്രസിഡന്റ് ഡോ. ബാലഗോപാൽ, അസി സെക്രട്ടറി കെ ബി ജയൻ, ബോർഡ് അംഗങ്ങളായ ശശിധരൻ, മാധവ് കുമാർ, ഉണ്ണികൃഷ്ണൻ എന്നിവരും തിരുവമ്പാടി ദേവസ്വം വൈസ് പ്രസിഡന്റ് പി .രാധാകൃഷ്ണൻ, എം ആർ മോഹൻ, എം ആർ ചന്ദ്രൻ എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു.