കണ്ണൂർ – കേരളത്തിൽ പൗരത്വനിയമം നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു പിണറായി.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സർക്കാർ നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നു നിയമം നടപ്പാക്കുമെന്ന്. കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ല. ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നവകേരളമായി നമ്മുടെ സംസ്ഥാനം മാറുമ്പോൾ ജനങ്ങളുടെ ഐക്യം പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ തേടി അലയാത്ത നാടായി കേരളം മാറാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. ജനങ്ങളുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് പ്രതിഷേധിക്കാൻ പ്രതിപക്ഷത്തോട് അഭ്യർഥിച്ചിരുന്നു. എന്നാൽ യോജിച്ച സമരം പറ്റില്ലെന്നായിരുന്നു കെപിസിസി നിലപാട്. നിയമസഭ ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി. നിയമസഭയിൽ പ്രമേയത്തെ പിന്തുണച്ച ഗുരുവായൂരിലെ ലീഗ് സ്ഥാനാർഥി ഇപ്പോൾ പറയുന്നത് പൗരത്വ ഫോറം പൂരിപ്പിച്ച് നൽകുമെന്നാണ്. ഇതിന് പിന്നിൽ ബി.ജെ.പിയുമായുള്ള ഒത്തുകളിയും ഗൂഢാലോചനയുമുണ്ട്.
കുറച്ചു വോട്ടിനും ചില്ലറ സീറ്റിനും വേണ്ടി വർഗീയകക്ഷികളെ ശക്തിപ്പെടുത്താൻ പുറപ്പെടുകയാണ് മുസ്‌ലിംലീഗും കോൺഗ്രസും യു.ഡി.എഫും. ഇതു വിജയിച്ചാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ആപത്ത് ഈ സംസ്ഥാനത്തേക്കും വന്നുചേരും. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. വർഗീയശക്തികളുണ്ടെങ്കിലും അവയ്ക്കു കരുത്താർജിക്കാൻ കഴിയാത്തത് മതനിരപേക്ഷ പാരമ്പര്യംകൊണ്ടാണ്. ഇതു മനസിലാക്കിയ വർഗീയശക്തികൾ മറ്റുമാർഗങ്ങളിലൂടെ കരുത്തുനേടാൻ ശ്രമിക്കുകയാണ്.
ഗുരുവായൂരിൽ ലീഗ് സ്ഥാനാർഥിക്കുവേണ്ടി നടന്ന ഉന്നതതല ഗൂഢാലോചനയാണ് ബി.ജെ.പി പ്രസ്താവനയിലൂടെ പുറത്തുവന്നത്. അവിടെ എൻ.ഡി.എ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയെന്നാണ് പറയുന്നത്. തള്ളിക്കോളൂ എന്നു പറഞ്ഞാണ് പത്രിക നൽകിയതുതന്നെ. എന്നാൽ പത്രിക തള്ളുന്നതിനുമുമ്പുതന്നെ ബി.ജെ.പിയുടെ മനം കവരുന്ന പ്രഖ്യാപനങ്ങൾ ലീഗ് സ്ഥാനാർഥി നടത്തിയിരുന്നു. എവിടെയെല്ലാമോ എന്തെല്ലാമോ ഗൂഢനീക്കങ്ങൾ നേരത്തെ നടന്നുവെന്നതാണിത് തെളിയിക്കുന്നത്. അതിന്റെ ഭാഗമായുള്ളതാണ് അതിനുശേഷം നടന്നതെല്ലാം. ഗുരുവായൂരിൽ ലീഗ് നേതാവ് ജയിക്കണമെന്നും തലശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി തോൽക്കണമെന്നുമാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. ലീഗിലെ പ്രശ്‌നങ്ങൾകൊണ്ടാണ് കെ.എൻ.എ ഖാദറിന് ഗുരുവായൂരിൽ മത്സരിക്കേണ്ടി വന്നത്. എൽ.ഡി.എഫിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ് ഗുരുവായൂർ. സ്വാഭാവികമായും നല്ല പരാജയം ഇവിടെ യു.ഡി.എഫിനുണ്ടാകും. അവിടെയാണ് ഉന്നതതല ഗൂഢാലോചന പുറത്തുവരുന്നത്. ബി.ജെ.പിക്ക് ഇവിടെ വോട്ടുമറിക്കുന്നതിന് പ്രയാസമുണ്ടാകില്ല. പകരം എന്തു കൊടുക്കുമെന്നാണ് ചോദ്യം. ലീഗിന് നിറഞ്ഞ സാന്നിധ്യമുള്ളതും ബി.ജെ.പിക്ക് മത്സര സാധ്യതയുളളതുമായ മണ്ഡലങ്ങളിൽ വിജയിപ്പിച്ചുകൊള്ളാം എന്നതാകും വാക്ക്. എന്നാൽ ഇതൊന്നും വിജയം കാണുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ജനങ്ങൾ ശക്തമായി ഇതിനെ പ്രതിരോധിക്കും- മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ഇരിട്ടി, കണ്ണൂർ, അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തു. സ്ഥാനാർഥികളായ സക്കീർ ഹുസൈൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, എം.വി.ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിച്ചു.