Sorry, you need to enable JavaScript to visit this website.

കാത്തിരിപ്പിന് അറുതിയാകുന്നു; ഹറമൈൻ ട്രെയിൻ സർവീസ് അടുത്തമാസം

ജിദ്ദ - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതിയിൽ അടുത്ത മാസം മുതൽ ഔദ്യോഗികമായി സർവീസ് ആരംഭിക്കുമെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു. യാത്രക്കാരില്ലാതെ മക്കയിൽ നിന്ന് മദീന വരെ 450 കിലോമീറ്റർ ദൂരത്തിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഈ മാസം അവസാനത്തിൽ പരീക്ഷണ സർവീസ് ആരംഭിക്കും. ഹറമൈൻ ട്രെയിൻ ടിക്കറ്റ് നിരക്കുകളെ കുറിച്ച് പഠിച്ചുവരികയാണെന്നും ഗവർണറേറ്റ് അറിയിച്ചു. നവംബർ 20 ന് ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള ട്രെയിൻ പരീക്ഷണ സർവീസിൽ മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരനും ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരനും യാത്ര ചെയ്തിരുന്നു. 
സൗദിയിലെ പ്രധാന നഗരങ്ങളുമായും പ്രവിശ്യകളുമായും മക്കയെ ട്രെയിൻ സർവീസുകളിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും നടന്നുവരികയാണ്.  രാജ്യത്തിന്റെ വികസന പ്രയാണത്തിൽ ഹറമൈൻ ട്രെയിൻ പദ്ധതി വലിയ കുതിച്ചുചാട്ടമാണ്. ട്രെയിൻ പരീക്ഷണ സർവീസ് വൻ വിജയമായിരുന്നു. ഹറമൈൻ ട്രെയിൻ പദ്ധതിയിലെ ജോലികളെല്ലാം പൂർത്തിയായി. ഹറമൈൻ ട്രെയിൻ പദ്ധതിയെ സൗദിയിലെ മറ്റു ചില പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. ജിദ്ദ തുറമുഖത്തെ റെയിൽവെ ശൃംഖലയിൽ ബന്ധിപ്പിക്കും. മദീന-റാബിഗ് ഇക്കണോമിക് സിറ്റി, റാബിഗ്-ജിദ്ദ, ജിദ്ദ-മദീന, മക്ക- ജിദ്ദ സ്റ്റേഷനുകൾക്കിടയിൽ നേരത്തെ തന്നെ ട്രെയിനുകൾ പലതവണ പരീക്ഷണ സർവീസുകൾ നടത്തിയിരുന്നു. 

Image result for haramain train
വിശുദ്ധ ഹറമിൽ നിന്ന് നാലു കിലോമീറ്റർ ദൂരെ അൽറസീഫ ഡിസ്ട്രിക്ടിലാണ് മക്കയിൽ 5,03,000 ചതുരശ്രമീറ്ററിലേറെ വിസ്തീർണമുള്ള റെയിൽവെ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. പദ്ധതിയിലെ അഞ്ചു റെയിൽവെ സ്റ്റേഷനുകളിൽ ഒന്നാണിത്. മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് അവശേഷിക്കുന്ന സ്റ്റേഷനുകൾ. ജിദ്ദയിൽ സുലൈമാനിയയിലെ പ്രധാന റെയിൽവെ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയർപോർട്ടിലും റെയിൽവെ സ്റ്റേഷനുണ്ടാകും. 
മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിൽ ഒന്നാണിത്. ഹറമൈൻ ട്രെയിൻ പദ്ധതിക്കു വേണ്ടി 5,500 ഓളം കെട്ടിടങ്ങളും സ്ഥലങ്ങളുമാണ് ഏറ്റെടുത്തത്. ഇതിൽ 1,600 ലേറെ കെട്ടിടങ്ങളും സ്ഥലങ്ങളും ജനവാസമുള്ളവയായിരുന്നു. പദ്ധതിക്ക് 6,700 കോടി റിയാലോളമാണ് ചെലവ് കണക്കാക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവ് കൂട്ടാതെയാണിത്. സ്ഥലം ഏറ്റെടുക്കുന്നതിന് 900 കോടിയിലേറെ റിയാലാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് താങ്ങാൻ കഴിയുന്ന നിലക്കുള്ള ടിക്കറ്റ് നിരക്കുകളാകും ഹറമൈൻ ട്രെയിൻ പദ്ധതിയിൽ നിലവിലുണ്ടാവുകയെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയിട്ടുണ്ട്. മക്കയിൽ നിന്ന് മദീനയിലേക്ക് നാൽപതു റിയാൽ മുതൽ 50 റിയാൽ വരെയാകും ടിക്കറ്റ് നിരക്ക് എന്നാണ കണക്കാക്കുന്നത്. ഹറമൈൻ ട്രെയിനിൽ സെക്കന്റ് ക്ലാസിൽ കിലോമീറ്ററിന് 33 ഹലലയും ഫസ്റ്റ് ക്ലാസിൽ കിലോമീറ്ററിന് 50 ഹലലയുമായിരിക്കും ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്കുകൾ അന്തിമമായി അംഗീകരിച്ചിട്ടില്ല. ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ട്രെയിൻ എൻജിൻ ഡ്രൈവർമാരായി ജോലി ചെയ്യുന്നതിന് സൗദി യുവാക്കൾക്ക് സ്‌പെയിനിൽ പരീശീലനം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയുള്ള 35 ട്രെയിനുകളാണ് പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുക.

Latest News