റിയാദ് - വിശുദ്ധ റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം അഞ്ചു മണിക്കൂറായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. രാവിലെ പത്തു മുതല്‍ വൈകീട്ട് മൂന്നു വരെയാണ് ജീവനക്കാരുടെ ജോലി സമയം. കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ തുടരേണ്ടതിനാല്‍ ജീവനക്കാര്‍ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഡ്യൂട്ടിക്ക് ഹാജരാകേണ്ടത്.
ഓരോ ഗ്രൂപ്പിന്റെയും ഡ്യൂട്ടി സമയം തമ്മില്‍ ഒരു മണിക്കൂറിന്റെ അന്തരം നിര്‍ണയിച്ചിട്ടുണ്ട്. ഇതുപ്രകാരം ആദ്യ ഗ്രൂപ്പിന്റെ ഡ്യൂട്ടി സമയം രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ടാമത്തെ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ പത്തര മുതല്‍ വൈകീട്ട് മൂന്നര വരെയും മൂന്നാമത്തെ ഗ്രൂപ്പിന്റെ ഡ്യൂട്ടി സമയം രാവിലെ പതിനൊന്നര മുതല്‍ വൈകീട്ട് നാലരെ വരെയുമായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.