തലശ്ശേരി- തലശ്ശേരിയിൽ ബി.ജെ.പിയുടെ പിൻതുണ സി.പി.എം വിമതനായ സി.ഒ.ടി നസീറിന് നൽകാനുള്ള തീരുമാനം യു.ഡി.എഫ് ക്യാമ്പിൽ ആഹ്ലാദം പരത്തി. കോ-ലീ-ബി സഖ്യമെന്ന പ്രചാരണം നടത്തി കോൺഗ്രസ് സ്ഥാനാർത്ഥിയെ ഒതുക്കാനുള്ള സി.പി.എം ശ്രമമാണ് ഇതോടെ പൊളിഞ്ഞത്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ കോ-ലീ.ബി സഖ്യം എന്ന വ്യാപക പ്രചാരണം നടത്തി എൽ.ഡി.എഫ് മുന്നേറുന്നതിനിടെയാണ് ഇന്നലെ വൈകിട്ടോടെ ബി.ജെ.പിയുടെ ഔദ്യോഗിക തീരുമാനം എത്തിയത.് ഇത് യു.ഡി.എഫിന് ഏറെ ഗുണം ചെയ്യുമെന്ന് നേതാക്കൾ വിലയിരുത്തി. സി.പി.എമ്മിന്റെ വാദം ഇതോടെ തകർന്നുവെന്നും വിജയം സുനിശ്ചിതമാണെന്നും യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു.
എൻ.ഡി.എ സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസിന്റെ പത്രിക സാങ്കേതികത്വത്തിന്റെ പേരിൽ തള്ളിയതോടെയാണ് തലശ്ശേരിയിൽ എൻ.ഡി.എക്ക് സ്ഥാനാർത്ഥി ഇല്ലാതെ പോയത.് ഈ വോട്ടുകൾ ആർക്ക് നൽകുമെന്ന ചർച്ചയായിരുന്നു മണ്ഡലത്തിൽ ഇതുവരെ മുഴങ്ങിക്കേട്ടത.് ഇത് കോ-ലീ.ബി കൂട്ടുകെട്ടാണെന്നും അതിനാൽ ഈ മുന്നണിയെ പരാജയപ്പെടുത്തണമെന്ന നിലയിലുമുള്ള പ്രചാരണമാണ് ഇടതുപക്ഷം നടത്തിയിരുന്നത.് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ചതിനെ തുടർന്ന് സി.ഒ.ടി നസീറിന് നേരെ തലശ്ശേരിയിൽ വെച്ച് വധശ്രമം നടന്നിരുന്നു. സംഭവത്തിന് പിന്നിൽ എ.എൻ ഷംസീർ എം.എൽ.എയാണെന്ന ആരോപണം നസീർ ഉന്നയിക്കുകയും നസീറിനെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
നസീർ വധശ്രമ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നേരത്തെ കോൺഗ്രസും ബി.ജെ.പിയും തലശ്ശേരിയിൽ സമര പരിപാടികളും സംഘടിപ്പിച്ചിരുന്നു. നസീർ ഈ തെരഞ്ഞെടുപ്പിലും സ്വതന്ത്ര പരിവേഷത്തിൽ ഇറങ്ങിയത് സി.പി.എം നേതൃത്തിനെതിരെയുള്ള സമര മുഖം തുറക്കാൻ തന്നെയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതും. ഡമ്മി സ്ഥാനാർത്ഥിയെ പോലും നിർത്താത്ത ബി.ജെ.പിക്ക് ഒടുവിൽ പിൻതുണ നൽകാൻ സ്വതന്ത്രൻമാരെ തപ്പിനടക്കേണ്ട ഗതികേട് വന്നു. സി.ഒ.ടി നസീർ ബി.ജെ.പി നേതാക്കളെ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തിയതിനെ തുടർന്നാണ് ബി.ജെ.പി പിൻതുണ നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം.